ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ഉടൻ ചുമതലയേൽക്കും. യോഗ്യതയുള്ള സ്ഥാനാർഥികളെ ആവശ്യത്തിന് ലഭ്യമല്ലാതിരുന്നതിനെത്തുടർന്ന് മാറ്റിവെച്ച മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു. പകരം നോമിനേറ്റഡ് അംഗങ്ങളായിരിക്കും സമിതിയിലുണ്ടാവുക. ഇവരുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് അന്തിമാനുമതി ലഭിച്ചാലുടൻ സമിതി അംഗങ്ങളെ പ്രഖ്യാപിക്കുകയും അവർ ഉടൻ ചുമതല ഏൽക്കുകയും ചെയ്യുമെന്ന് സ്‌കൂൾ ഒബ്‌സർവറും ഡപ്യൂട്ടി കോൺസൽ ജനറലുമായ മുഹമ്മദ് ശാഹിദ് ആലം മലയാളം ന്യൂസിനോട് പറഞ്ഞു.
ഏഴംഗങ്ങളായിരിക്കും ഭരണ സമിതിയിലുണ്ടാവുക. ഇതിൽ അഞ്ച് അംഗങ്ങളെ രക്ഷിതാക്കൾ നേരിട്ടും രണ്ട് അംഗങ്ങളെ സ്‌കൂൾ പേട്രണായ അംബാസഡർ നോമിനേറ്റ് ചെയ്യാനുമാണ് തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം വോട്ടേഴ്‌സ് ലിസ്റ്റ് തയാറാക്കി സ്ഥാനാർഥി പത്രികാ സമർപ്പണത്തിന് അപേക്ഷകൾ ക്ഷണിക്കുകയും ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മതിയായ യോഗ്യതയുള്ള സ്ഥാനാർഥികൾ ഇല്ലാതെ വന്നതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ മത്സരിക്കാൻ യോഗ്യരായ കുറഞ്ഞത് ആറു സ്ഥാനാർഥികളെങ്കിലും ഉണ്ടായിരിക്കണം. എന്നാൽ 11 പേർ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും ഇവരിൽനിന്ന് മതിയായ യോഗ്യതയുള്ളവരെ ആവശ്യത്തിന് ലഭിച്ചില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പത്രിക സമർപ്പണത്തിനുള്ള അപേക്ഷ 21 പേർ വാങ്ങിയിരുന്നുവെങ്കിലും 11 പേരാണ് പത്രിക സമർപ്പിച്ചത്. അതിൽ തന്നെ മതിയായ യോഗ്യതയുള്ളവരുണ്ടായില്ലെന്ന് പറയുന്നു. നോമിനേറ്റ് ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും ഇതോടൊപ്പം അപേക്ഷകൾ ക്ഷണിച്ചിരുന്നു. അതിന്റെ അവസാന തീയതി ഡസംബർ നാല് ആയിരുന്നു. ഈ അപേക്ഷകരെയും മത്സരിക്കാൻ തയാറായി രംഗത്തുവന്ന യോഗ്യരായവരെയും പരിഗണിച്ചാണ് നോമിനേറ്റഡ് സമിതിക്ക് രൂപം നൽകിയിട്ടുള്ളത്. ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കിയാണ് സമിതി അംഗങ്ങളെ കണ്ടെത്തിയിട്ടുള്ളതെന്ന് ഒബ്‌സർവർ മുഹമ്മദ് ശാഹിദ് ആലം പറഞ്ഞു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് യോഗ്യരായവരായിരിക്കും സമിതിയിലുണ്ടാവുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
8000 റിയാലിൽ കൂടുതൽ പ്രതിമാസ ശമ്പളമുള്ള ബിരുദാനന്തര ബിരുദധാരി എന്നതായിരുന്നു സ്ഥാനാർഥികളാകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. രക്ഷിതാവെന്ന നിലയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പൂർത്തിയായിരിക്കണം, അംഗീകൃത സ്ഥാപനത്തിൽ ജിദ്ദ സ്‌കൂളിന്റെ പരിധിയിൽ ഉത്തരവാദിത്തപ്പെട്ട ജോലിയുള്ളയാളായിരിക്കണം, സ്‌കൂൾ ജീവനക്കാരുടെ ബന്ധുവോ, മുൻ ജീവനക്കാരനോ, എംബസി, കോൺസുലേറ്റ് ജീവനക്കാരനോ ആവാൻ പാടില്ല, സ്‌പോൺസറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, 12-ാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവായിരിക്കരുത് തുടങ്ങിയവയും സ്ഥാനാർഥികളാകുന്നതിനുള്ള നിബന്ധനകളായിരുന്നു. എംബസിയോ, കോൺസുലേറ്റോ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ്, സാമ്പത്തിക ഭദ്രതയും സ്വഭാവവും ഉറപ്പു വരുത്തുന്നതിന് രണ്ട് ഇന്ത്യൻ പൗരന്മാരുടെ ഗാരണ്ടി, ഭരണ സമിതി അംഗമായാൽ സ്‌കൂളിന്റെ പുരോഗതിക്കും വിദ്യാഭ്യാസ പുരോഗതിക്കും എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, നൂറു വാക്കിൽ കുറയാതെയുള്ള കുറിപ്പ് തുടങ്ങിയവയും സ്ഥാനാർഥികളാവാനുള്ള യോഗ്യതയായി നിശ്ചയിച്ചിരുന്നു. നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതേ യോഗ്യതകളാണ് നിശ്ചയിച്ചിരുന്നത്. ഈ കടുത്ത നിബന്ധനകളാണ് സ്ഥാനാർഥികളുടെ എണ്ണം കുറയാൻ ഇടയാക്കിയത്. സാധാരണക്കാരായ രക്ഷിതാക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ് നിബന്ധനകളെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ പരാതിയും നൽകിയിരുന്നു. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, തെരഞ്ഞെടുപ്പ് തന്നെ ഉപേക്ഷിച്ചു കൊണ്ടാണ് ഭരണ സമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.