Sorry, you need to enable JavaScript to visit this website.

എംടിയുടെ 'നാലുകെട്ട്' അറബിയിലേക്ക്; വിപണിയിലെത്തിക്കുന്നത് സൗദി പ്രസാധകര്‍ 

മലപ്പുറം- തകഴിയുടെ 'ചെമ്മീനി'നും ബെന്യാമിന്റെ 'അടുജീവിത'ത്തിനും ശേഷം അറബിയിലേക്ക് മറ്റൊരു പ്രമുഖ മലയാള നോവല്‍ കൂടി മൊഴിമാറ്റം ചെയ്യപ്പെടുന്നു. എം.ടി വാസുദേവന്‍ നായരുടെ ഏറ്റവും ശ്രദ്ധേയമായ നോവലുകളില്‍ ഒന്നായ 'നാലുകെട്ട്' താമസിയാതെ അറബി ഭാഷയില്‍ പുറത്തിറങ്ങും. സൗദി അറേബ്യയിലെ പ്രമുഖ പ്രസാധകരായ അല്‍ മദാരിക് ആണ് അറബി മൊഴിമാറ്റം ലോകവിപണിയിലെത്തിക്കുന്നത്. മലപ്പുറം സ്വദേശികളായ മുസ്തഫ വാഫിയും അനസ് വാഫിയും ചേര്‍ന്നാണ് മൊഴിമാറ്റം നിര്‍വഹിച്ചത്. മലയാളത്തില്‍ ജീവിച്ചിരിക്കുന്ന സാഹിത്യ കുലപതികളില്‍ ഒരാളായ എം.ടിയുടെ ആത്മാംശം ഉള്‍ക്കൊള്ളുന്ന നോവലായാണ് നാലുകെട്ട് ഗണിക്കപ്പെടുന്നത്. നായര്‍ സമൂഹത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെയും കൂട്ടുകുടുംബങ്ങളുടെയും അന്തരീക്ഷത്തില്‍ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടല്‍ മനോഹരമായി നോവല്‍ വരച്ചു കാട്ടുന്നു.

റിയാദ് ആസ്ഥാനമായി അല്‍ മദാരിക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയും എം.ടി വാസുദേവന്‍ നായരും ഇതു സംബന്ധിച്ച കരാര്‍ കഴിഞ്ഞ മാസമാണ് ഒപ്പിട്ടത്. ഇതിനകം 14 ഭാഷകളിലേക്ക് നാലുകെട്ട് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠ ജേതാവായ എം.ടിയുടെ ഈ നോവലിന്റെ അഞ്ച് ലക്ഷത്തിലധികം കോപ്പികളാണ് വിപണിയിലിറങ്ങിട്ടുള്ളത്. മലയാളികള്‍ തന്നെ നാലുകെട്ട് അറബിയിലേക്ക് നേരിട്ട് വിവര്‍ത്തനം ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. മലയാളി മാത്രമറിയുന്ന ശീലങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ചുരുങ്ങിയ വാക്കുകളില്‍ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയത് അറബി വായനക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്ന് വിവര്‍ത്തകര്‍ പറയുന്നു. ആഖ്യാന ശൈലി കൊണ്ട് മലയാളത്തില്‍ ശ്രദ്ധ നേടിയ നാലുകെട്ട് അറബ് ലോകത്തും വായനക്കാരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

ഒരു വര്‍ഷത്തിലേറെ നീണ്ട ഉദ്യമത്തിന് ശേഷമാണ് ഇരുവരും വിവര്‍ത്തനം പൂര്‍ത്തികരിച്ചത്. അബൂദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സുപ്രീം കോടതിയിലെ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ വാഫി. ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ പി.ജി പൂര്‍ത്തീകരിച്ച അനസ് വാഫി കണ്ണൂരിലെ അഴിയൂര്‍ ജുമാമസ്ജിദിലെ ഇമാമാണ്.

Latest News