പദ്ധതി അടുത്തവർഷം മുതൽ
ജിദ്ദ - നഗരത്തിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടകളിലും സ്റ്റാളുകളിലും അടുത്ത വർഷം സൗദിവൽക്കരണം നടപ്പാക്കാൻ നീക്കമുള്ളതായി ഈ മേഖലയിലെ നിക്ഷേപകർ വെളിപ്പെടുത്തി. വൻകിട കമ്പനികളിലെയും റസ്റ്റോറന്റുകളിലെയും ആശുപത്രികളിലെയും റിസോർട്ടുകളിലെയും പച്ചക്കറി, പഴം വിതരണ മേഖലയും സൗദിവൽക്കരിക്കാൻ നീക്കമുണ്ട്. ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ സൗദിവൽക്കരണം വിജയകരമായി നടപ്പാക്കിയ പശ്ചാത്തലത്തിലാണ് ചില്ലറ വ്യാപാര സ്ഥാപനങ്ങളിലേക്കുകൂടി സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുന്നത്. സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ 80 ശതമാനം സൗദിവൽക്കരണം നടപ്പാക്കാനായെന്നാണ് വിലയിരുത്തൽ. ജിദ്ദയിൽ പതിനായിരത്തോളം പച്ചക്കറി കടകളും സ്റ്റാളുകളുമുണ്ടെന്നാണ് കണക്കാക്കുന്നത്.
സൗദിവൽക്കരണം നടപ്പാക്കാൻ വ്യാപാരികൾ പ്രതിബന്ധങ്ങൾ നേരിട്ടിട്ടും സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ 80 ശതമാനം സൗദിവൽക്കരണം നടപ്പാക്കാൻ സാധിച്ചതായി സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ ദല്ലാൾ വൈസ് പ്രസിഡന്റ് എൻജിനീയർ മുഅ്തസിം അബൂസിനാദ പറഞ്ഞു. തുറസ്സായ പച്ചക്കറി മാർക്കറ്റിലെ ഉഷ്ണ കാലാവസ്ഥ, ഉൽപന്നങ്ങൾ കൂട്ടിയിട്ട കുടുസ്സായ സ്ഥലങ്ങൾ എന്നിവ അടക്കമുള്ള തൊഴിൽ സാഹചര്യങ്ങൾ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ സൗദിവൽക്കരണം നടപ്പാക്കാൻ തടസമായിരുന്നു. നാൽപതു വർഷം മുമ്പ് നിർമിച്ച ശേഷം സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ ഒരുവിധ പരിഷ്‌കരണങ്ങളും വരുത്തിയിട്ടില്ല. ജിദ്ദ പച്ചക്കറി മാർക്കറ്റിനെ അപേക്ഷിച്ച് കൂടുതൽ ആകർഷകമായ മികച്ച പച്ചക്കറി മാർക്കറ്റുകളാണ് അയൽ രാജ്യങ്ങളിലുള്ളത്.
ജിദ്ദയിലെ പച്ചക്കറി കടകളിലും ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ആശുപത്രികളിലെയും റിസോർട്ടുകളിലെയും സപ്ലൈ വിഭാഗങ്ങളിലും സ്വദേശികൾക്ക് നൂറു കണക്കിന് തൊഴിലവസരങ്ങൾ ലഭ്യമാണ്. സാമ്പത്തിക സ്ഥിതിഗതികൾ നോക്കാതെ ഉപയോക്താക്കൾക്ക് എന്നും ആവശ്യമുള്ള ഉൽപന്നങ്ങൾ വിൽക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന മേഖലയിലെ തൊഴിലവസരങ്ങളാണിവയെന്ന് എൻജിനീയർ മുഅ്തസിം അബൂസിനാദ പറഞ്ഞു.
സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും പ്രവർത്തിക്കുന്ന പച്ചക്കറി സ്റ്റാളുകളും വിഭാഗങ്ങളും അടക്കം ജിദ്ദയിൽ പതിനായിരത്തോളം പച്ചക്കറി കടകളും സ്റ്റാളുകളുമുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ഫുഡ്സ്റ്റഫ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് അൽജുഹനി പറഞ്ഞു. ഇവക്കു പുറമെ നഗരത്തിലെ പ്രധാന റോഡുകളുടെ ഓരങ്ങളിൽ ഡസൻ കണക്കിന് സൗദികൾ സ്റ്റാളുകൾ സ്ഥാപിച്ച് പച്ചക്കറികളും പഴവർഗങ്ങളും വിൽപന നടത്തുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിലെയും ഹൈപ്പർമാർക്കറ്റുകളിലെയും പച്ചക്കറി സ്റ്റാളുകളും പച്ചക്കറി കടകളും സ്വന്തം നിലക്ക് നടത്തുന്ന ഉടമകളാക്കി ഇവരെ മാറ്റുന്നതിനുള്ള പദ്ധതി ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിക്കണം.
പഴം, പച്ചക്കറി കടകളുടെയും സ്റ്റാളുകളുടെയും ഉടമകളായി സൗദി യുവാക്കളെ മാറ്റുന്ന ഒരു പദ്ധതിക്ക് അര ലക്ഷത്തിൽ കവിയാത്ത തുക മാത്രമേ വേണ്ടിവരികയുള്ളൂ. സ്വന്തം നിലക്ക് പച്ചക്കറി കടകളും സ്റ്റാളുകളും നടത്തുന്നതിന് സൗദി യുവാക്കൾക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നൽകാൻ സാധിക്കുന്ന വിവിധ സർക്കാർ വകുപ്പുകളുണ്ട്. ചില്ലറ വ്യാപാര മേഖലയിലെ സൗദിവൽക്കരണത്തെ കുറിച്ച് സൗജന്യ കൺസൾട്ടിംഗ് സേവനം നൽകുന്നതിന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ഫുഡ്സ്റ്റഫ് കമ്മിറ്റി ഒരുക്കമാണെന്നും മുഹമ്മദ് അൽജുഹനി പറഞ്ഞു.