കൊണ്ടോട്ടി- ബന്ധു നിയമന വിവാദത്തിൽപെട്ട മന്ത്രി കെ.ടി ജലീലിനൊപ്പം വേദി പങ്കിട്ട പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ പി.മിഥുനയെ പാർട്ടിയിൽനിന്ന് പുറത്താക്കി. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതു നടപ്പിലാക്കാൻ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയോട് ശുപാർശ ചെയ്തു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനം മറികടന്ന് കരിപ്പൂർ ഉണ്യാൽപ്പറമ്പിലെ കോണത്തുമാട് കുടിവെളള പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ടി ജലീലിനൊപ്പം വേദി പങ്കിട്ടതാണ് പ്രസിഡന്റിനെതിരെ നടപടി വന്നത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് നേരത്തെ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വള്ളിക്കുന്ന് എം.എൽ.എ പി.അബ്ദുൽ ഹമീദ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്, മറ്റു പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളെല്ലാം പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ ഇത് വകവെക്കാതെ മിഥുന പരിപാടിയിൽ അധ്യക്ഷയാവുകയായിരുന്നു.
കെ.ടി.ജലീൽ പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌ക്കരിക്കാൻ നേരത്തെ പാർട്ടിയും യു.ഡി.എഫും തീരുമാനിച്ചിരുന്നു. പ്രസിഡന്റിന്റെ നടപടിക്കെതിരെ യൂത്ത് ലീഗ് പരസ്യമായി രംഗത്ത ുവന്നിരുന്നു. പിന്നീട് ഇവരുടെ രാജി ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകി. ഇന്നലെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി അടിയന്തരമായി യോഗം ചേർന്നാണ് നടപടിയെടുത്തത്. യോഗത്തിൽ വി.പി.അബ്ദുൾ ഷൂക്കൂർ, കെ.പി മുസ്തഫ തങ്ങൾ, ലിയാഖത്ത് കെ.അബൂബക്കർ, എം.അബ്ദുൾ ഖാദർ സംബന്ധിച്ചു.
അതിനിടെ മിഥുന രാജിവെച്ചാൽ പഞ്ചായത്ത് ഭരിക്കുന്ന മുസ്‌ലിം ലീഗിന് പ്രസിഡന്റ് സ്ഥാനത്തേക്ക് അംഗമുണ്ടാവില്ല. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇ വനിതാ സംവരണമാണ്. ആയതിനാൽ തന്നെ പാർട്ടി താക്കീത് നൽകാനാണ് സാധ്യത. എന്നാൽ പാർട്ടിയെ ധിക്കരിക്കുന്ന നടപടിയെടുക്കുന്നവരുടെ കൂടെ ഭരണം വേണ്ടെന്ന നിലപാടാണ് പഞ്ചായത്ത് കമ്മിറ്റിക്കുളളത്.