തൊടുപുഴ- യു.ഡി.എഫ് അംഗത്തിന്റെ അസാധു വോട്ടിനെ തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് വീണു കിട്ടിയ തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ പദവി ആറു മാസം തികഞ്ഞിരിക്കെ അണിയറയിൽ അവിശ്വാസത്തിന് കളമൊരുങ്ങുന്നു. യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ജനുവരി ആദ്യവാരത്തോടെ എൽ.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമാകും.
ജൂൺ 18 നാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഒളമറ്റം വാർഡ് (25) കൗൺസിലർ മിനി മധു യു.ഡി.എഫിനെ ഞെട്ടിച്ച് നഗരസഭാ അധ്യക്ഷയായത്. യു.ഡി.എഫ് ധാരണപ്രകാരം മുസ്‌ലിം ലീഗിലെ സഫിയ ജബ്ബാർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
35 അംഗ കൗൺസിലിൽ യു.ഡി.എഫ് 14, എൽ.ഡി.എഫ് 13, ബി.ജെ.പി എട്ട് എന്നിങ്ങനെയാണ് അംഗബലം. ചെയർമാൻ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ കോൺഗ്രസുകാരനായ വൈസ് ചെയർമാൻ ടി.കെ.സുധാകരൻ നായരുടെ വോട്ട് അസാധുവായതാണ് മിനിയുടെ അപ്രതീക്ഷിത വിജയത്തിന് വഴിവെച്ചത്. ഒരു വോട്ട് അസാധുവായതോടെ യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ.ജെസി ആന്റണിക്ക് ലഭിക്കേണ്ട 14 വോട്ടിൽ നിന്നും ഒന്നു കുറഞ്ഞ് 13 ആയി. 13 അംഗങ്ങളുളള എൽ.ഡി.എഫിനും ഇതേ വോട്ട് ലഭിച്ചതോടെ നടന്ന നറുക്കെടുപ്പിൽ മിനി മധുവിനെ ഭാഗ്യം തുണച്ചു.
സുധാകരൻ നായർക്കെതിരെ ഡി.സി.സി അന്വേഷണ സമിതിയെ നിയോഗിച്ചു. ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ വിട്ടുപോയതാണ് വോട്ട് അസാധുവാകാൻ കാരണമെന്നായിരുന്നു സുധാകരൻ നായരുടെ വിശദീകരണം. ആദ്യ ഘട്ട വോട്ടെടുപ്പിൽ കൃത്യമായി വോട്ടു ചെയ്ത സുധാകരൻ നായരുടെ വോട്ട് രണ്ടാം ഘട്ടത്തിൽ അസാധുവായതെങ്ങനെ എന്ന ചോദ്യം ഉയർന്നെങ്കിലും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കണ്ടില്ല.
സുധാകരൻ നായരെ പിന്തുണച്ച് എൻ.എസ്.എസ് രംഗത്തെത്തുകയും ചെയ്തു.
അവിശ്വാസ പ്രമേയം വിജയിക്കാൻ ആകെ അംഗബലത്തിന്റെ പകുതിയിലധികം പേരുടെ പിന്തുണയായ 18 വോട്ട് വേണം. പ്രത്യക്ഷ ധാരണയില്ലാതെ തന്നെ സി.പി.എം ഭരണം താഴെയിറക്കാൻ ബി.ജെ.പി സഹായിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാൽ ജെസി ആന്റണിയുടെ (കേരള കോൺ.) ചെയർപേഴ്‌സൺ സ്വപ്നം ഇക്കുറി യാഥാർഥ്യമാകും. ജെസി ആന്റണി നിലവിൽ വഹിക്കുന്ന വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷപദം ബി.ജെ.പിക്ക് നൽകാമെന്ന വാഗ്ദാനം യു.ഡി.എഫ് മുന്നോട്ടുവെച്ചതായും കേൾവിയുണ്ട്.