കോഴിക്കോട്- സംസ്ഥാനത്ത് ഭൂമിയില്ലാത്ത രണ്ടര ലക്ഷം പേരുള്ളതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കാൻ സർക്കാർ ശ്രമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ആളുകളെയും സ്വന്തമായി ഭൂമിയും വീടുമുള്ളവരാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി വിട്ടുനൽകാൻ തയ്യാറായി നിരവധി പേർ മുന്നോട്ടു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കൈവശം വെച്ചിരിക്കുന്ന അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുക എന്നത് എൽ.ഡി.എഫ് സർക്കാറിന്റെ നയമാണെന്നും മന്ത്രി പറഞ്ഞു. താമസിക്കുന്ന ഭൂമിയുടെ രേഖകൾ കിട്ടാൻ ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നത് ഖേദകരമാണ്. ഇത് എന്തു കാരണത്താലായാലും അംഗീകരിക്കാൻ കഴിയില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 73,000 പേർക്ക് പട്ടയം നൽകിയതായും ഈ വർഷാവസാനത്തോടെ 30,000 പേർക്കു കൂടി പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പട്ടയമേളയിൽ 1504 നാലു പേർക്ക് പട്ടയ രേഖകൾ വിതരണം ചെയ്തു.
തൊഴിൽ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കാരാട്ട് റസാഖ്, പുരുഷൻ കടലുണ്ടി, ഇ.കെ വിജയൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവു തുടങ്ങിയവർ സംബന്ധിച്ചു.