തിരുവനന്തപുരം- കേരളത്തിൽ പുതുതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്ന് സംവരണ സംരക്ഷണ സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി തിരുവനന്തപുരം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമത്തിലാണ് രാഷ്ട്രീയ-സാമൂഹിക-സമുദായിക സംഘടനാ നേതാക്കൾ ഒന്നിച്ച് പ്രക്ഷോഭ ബാനർ ഉയർത്തി സാമൂഹ്യ നീതി അട്ടിമറിക്കാനുള്ള ഇടത് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ചത്.
ചരിത്രത്തിൽ നിവർത്തന പ്രക്ഷോഭം, ഈഴവ മെമ്മോറിയൽ, മലയാളി മെമ്മോറിയൽ പോലുള്ള നിരന്തരമായ സമര പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തിട്ടുള്ള അവകാശങ്ങളും അധികാര പങ്കാളിത്തവും ഇവിടുത്തെ മുന്നാക്ക സവർണ സമുദായ സംഘടനകളുടെ താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങിക്കൊടുത്തു കൊണ്ട് സർക്കാർ അട്ടിമറിക്കുകയാണ്. കെ.എ.എസിൽ മൂന്നിൽ രണ്ട് സ്ട്രീമുകളിലും സംവരണം വേണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇത് വഴി പിന്നാക്ക സമുദായങ്ങൾക്ക് അവകാശപ്പെട്ട 50 ശതമാനം സംവരണത്തെ 16.5 ശതമാനത്തിലേക്ക് ചുരുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇടത് സർക്കാർ സവർണ ലോബികളുമായി ചേർന്ന് നടത്തുന്നത്.
കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ ദലിത് ആദിവാസി ജനസമൂഹങ്ങളെ അധികാര പങ്കാളിത്തത്തിൽ നിന്ന് അകറ്റി നിറുത്തുവാനുള്ള ഈ തീരുമാനം തികച്ചും ഭരണഘടനാ വിരുദ്ധവും പിന്നാക്ക സമുദായങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇടത് പക്ഷത്തിന്റെ ഇത്തരം സാമുദായിക സംവരണ വിരുദ്ധ നിലപാട് തിരുത്തിയേ മതിയാകൂ.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇർഷാദ് അധ്യക്ഷത വഹിച്ച വഹിച്ചു. മുൻ മന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാർ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, ദലിത് ചിന്തകൻ കെ.കെ. കൊച്ച്, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, ബി.എസ്.പി മുൻ സംസ്ഥാന പ്രസിഡന്റ് സജി ചേരമൻ, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ഡി.എച്ച്.ആർ.എം പാർട്ടി വർക്കിംങ്ങ് പ്രസിഡന്റ് സജി കൊല്ലം, കേരള ജനത പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എ. കുട്ടപ്പൻ, കേരള റീജ്യൺ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം എച്ച്. ഷഹീർ മൗലവി, വി.എസ്.ഡി.പി സംസ്ഥാന പ്രസിഡന്റ് ഡോ. റെയ്മൻ, കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ് മുരളിശങ്കർ, ഇന്ത്യൻ ദളിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ സാമുവൽ, കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം വിനോദ്, കേരള മുസ്ലിം ജമാഅത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ്, കേരള ദളിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് റജി പേരൂർകട, കേരള മുസ്ലിം യുവജന ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ ജുനൈദ്, കേരള ദളിത് പാന്തേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. സതീഷ് കുമാർ, മെക്ക പ്രസിഡന്റ് പ്രൊഫ. ഇ അബ്ദുൽ റഷീദ്, ധീവരസഭ സെക്രട്ടറി പനത്തുറ പുരുഷോത്തമൻ, സാംബവ മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, ഐ.എസ്. എം സംസ്ഥാന കമ്മിറ്റിയംഗം ഡോ. മുഹമ്മദ് ബാവ, സി.ഡി.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാർ, കേരള സാംബവ സൊസൈറ്റി സംസ്ഥാന സെക്രട്ടറി എം.കെ വേണുഗോപാലൻ, എസ്.എൻ.ഡി.വി സംസ്ഥാ വൈസ് പ്രസിഡന്റ് അമ്പലത്തറ ചന്ദ്ര ബാബു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ സ്വാഗതവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മഹേഷ് തോന്നക്കൽ നന്ദിയും പറഞ്ഞു.