മദീന - മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും വാരാണസിയിലെ ജാമിഅ സലഫിയ്യയും ധാരണാപത്രം ഒപ്പുവെച്ചു. മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് ഡയറക്ടർ ഡോ. ഹാതിം അൽമർസൂഖിയും ജാമിഅ സലഫിയ്യ പ്രതിനിധീകരിച്ച് സെക്രട്ടറി ജനറൽ അബ്ദുല്ല സൗദും ആണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. ഇരു യൂനിവേഴ്‌സിറ്റികളുടെയും വൈജ്ഞാനിക, അക്കാദമിക നിലവാരം ഉയർത്തുന്നതിന് ഈ മേഖലകളിൽ പരസ്പരം സഹകരിക്കുന്നതിന് ധാരണാപത്രം ആവശ്യപ്പെടുന്നു.
പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, പഠന പ്രോഗ്രാമുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ കൈമാറ്റം, ഗവേഷണങ്ങളുടെയും പ്രബന്ധങ്ങളുടെയും പ്രസിദ്ധീകരണം പ്രോത്സാഹിപ്പിക്കൽ, വിസിറ്റിംഗ് പ്രൊഫസർമാരെയും അധ്യാപകരെയും കൈമാറ്റം ചെയ്യൽ എന്നിവ ധാരണാപത്രം ആവശ്യപ്പെടുന്നു. ബിരുദ, ബിരുദാന്തര മേഖലകളിൽ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ അനുവദിക്കൽ, വിദ്യാർഥികളുടെ ആക്ടിവിറ്റികളിലും സന്ദർശനങ്ങളിലും സഹകരിക്കൽ, പുരാതന കൃതികളുടെയും ശാസ്ത്ര, വൈജ്ഞാനിക മൂല്യമുള്ള രേഖകളുടെയും സംരക്ഷണം, അച്ചടി, കൈയെഴുത്ത് പ്രതികളുടെ കൈമാറ്റം, അറബി ഭാഷാ മേഖലയിലെ സഹകരണം, പരിശീലനം എന്നീ മേഖലകളിലും ഇരു സ്ഥാപനങ്ങളും പരസ്പരം സഹകരിക്കും.