Sorry, you need to enable JavaScript to visit this website.

അമേരിക്കയുടെ സൗദി വിരുദ്ധ നിലപാടിൽ ശൂറാ കൗൺസിലും റാബിത്വയും അപലപിച്ചു

റിയാദ് - അമേരിക്കൻ സെനറ്റ് പ്രകടിപ്പിച്ച സൗദി വിരുദ്ധ നിലപാടിനെ ശൂറാ കൗൺസിലും മുസ്‌ലിം വേൾഡ് ലീഗും (റാബിത്വ) രൂക്ഷമായ ഭാഷയിൽ അപലപിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അവമതിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ സൗദി ജനത ഒരിക്കലും അംഗീകരിക്കില്ലെന്ന് സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന ശൂറാ കൗൺസിൽ പറഞ്ഞു. ഇരു ഹറമുകളുടെയും പരിചരണം വഹിക്കുന്നതിന്റെയും, മധ്യപൗരസ്ത്യദേശത്തും ആഗോള തലത്തിലും രാഷ്ട്രീയ, സാമ്പത്തിക, വികസന, റിലീഫ് മേഖലകൾക്ക് നൽകുന്ന പിന്തുണയുടെയും ഫലമായി അറബികളുടെയും മുസ്‌ലിംകളുടെയും മനസ്സുകളിൽ സൗദി അറേബ്യക്ക് വലിയ സ്ഥാനമാണുള്ളത്. 
ഭീകര വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾ ലോകത്ത് ഭീകരതയുടെ കെടുതികൾ കുറക്കുന്നതിന് സഹായിച്ചു. ഇസ്‌ലാമിക് സൈനിക സഖ്യം രൂപീകരിച്ച് സൈനിക തലത്തിൽ ഭീകരതയെ ചെറുക്കുന്നതിനും ഭീകരതക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനും ഭീകരവാദത്തെ ആശയ തലത്തിൽ വേരോടെ ഉന്മൂലനം ചെയ്യുന്നതിനും പുതിയ ശൈലി സൗദി അറേബ്യ അവലംബിച്ചു. ഭീകര വിരുദ്ധ പോരാട്ടത്തിൽ വിവര കൈമാറ്റ, ഇന്റലിജൻസ് മേഖലയിലും വലിയ പങ്കാണ് സൗദി അറേബ്യ വഹിക്കുന്നത്. 
ഔദ്യോഗിക, ജനകീയ തലങ്ങളിൽ രാജ്യങ്ങൾ തമ്മിൽ സൗഹൃദം ശക്തമാക്കുന്നതിൽ പാർലമെന്റുകൾക്കുള്ള പങ്ക് അമേരിക്കൻ സെനറ്റ് നിലപാട് പ്രകടിപ്പിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധത്തെ ബാധിക്കുന്ന നിലക്ക്, സൗദി അറേബ്യയെ പോലുള്ള ഒരു രാജ്യത്തെ അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴക്കുന്നത് കരണീയമല്ലെന്നും ശൂറാ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. 
അമേരിക്കൻ സെനറ്റ് നിലപാടിനെ അപലപിച്ച് സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്താവനയെ പൂർണമായും പിന്തുണക്കുന്നതായി മുസ്‌ലിം വേൾഡ് ലീഗ് പറഞ്ഞു. ഇസ്‌ലാമിക ലോകത്ത് സൗദി അറേബ്യക്ക് വലിയ ബഹുമതിയും ആദരവുമാണുള്ളതെന്ന് റാബിത്വ സെക്രട്ടറി ജനറൽ ശൈഖ് മുഹമ്മദ് അൽഈസ പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു. കഴിഞ്ഞയാഴ്ച വിശുദ്ധ മക്കയിൽ സമ്മേളിച്ച ലോക മുസ്‌ലിം പണ്ഡിതരും പ്രബോധകരും ചിന്തകരും സൗദി അറേബ്യക്കുള്ള ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 127 രാജ്യങ്ങളിൽ നിന്നുള്ള 1,200 പണ്ഡിതരും മുസ്‌ലിം നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. 
പ്രാദേശിക, അന്താരാഷ്ട്ര തലത്തിൽ ഫലപ്രദമായ കേന്ദ്ര സ്ഥാനമാണ് സൗദി അറേബ്യക്കുള്ളത്. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളുടെയും സൗദി അറേബ്യയുടെ പരമാധികാരത്തിനെതിരായ കൈയേറ്റത്തിന്റെയും പ്രത്യാഘാതങ്ങൾ ലോകത്തെ മുഴുവൻ മുസ്‌ലിംകളെയും ബാധിക്കും. അമേരിക്കൻ സെനറ്റ് കൈക്കൊണ്ട നിലപാട് ആഗോള താൽപര്യങ്ങൾക്കോ ഇസ്‌ലാമിക ലോകവുമായുള്ള ക്രിയാത്മക ബന്ധത്തിനോ ഗുണം ചെയ്യില്ല. 
സമാധാനത്തിന്റെ ശത്രുക്കൾക്കും ഭീകരതയുടെ സ്‌പോൺസർമാർക്കും മാത്രമാണ് ഇത്തരം ഇടപെടലുകൾ ഗുണം ചെയ്യുകയെന്നും റാബിത്വ സെക്രട്ടറി ജനറൽ ശൈഖ് മുഹമ്മദ് അൽഈസ പ്രസ്താവനയിൽ പറഞ്ഞു.
 

Latest News