ആദ്യം ആഹാരം കഴിക്കാൻ മാത്രം വായ തുറക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വഴക്കം. അന്നൊന്നും അധികമാരും അദ്ദേഹത്തെ ഗൗനിച്ചിരുന്നില്ല. പ്രധാനമന്ത്രിയാകാൻ പോന്നവൻ എന്നൊരു ധാരണ ആരിലും ഉദിച്ചിരുന്നുപോലുമില്ല. ആയാലും ആയില്ലെങ്കിലും, 'ഇയാളും' എന്നെങ്കിലും 'ഗദ്ദി'യിൽ കയറിയേക്കാം എന്നൊരു വിചാരം വേണ്ടേ? അങ്ങനെ വിജയസാധ്യത ഇല്ലെന്നു തോന്നുന്ന ഒരാളെ താങ്ങിനടക്കാൻ ആളെ കിട്ടില്ല. അതുകൊണ്ട് അമേരിക്കൻ ശൈലിയിൽ ഇങ്ങനെ പറഞ്ഞുപോരുന്നു: ജയത്തോളം ജയിക്കുന്നത് വേറൊന്നില്ല.
കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യത്തിനു മറുപടി പറയാൻ പാർട്ടി അടുത്തയിടവരെ അറച്ചിരുന്നത് അതുകൊണ്ടാകാം. രാഹുൽ ഗാന്ധി അച്ചാലും പിച്ചാലും നടന്നുകൊണ്ടിരുന്നപ്പോൾ ചൊടിപ്പിക്കാനും മടുപ്പിക്കാനും വേണ്ടി ഓരോരുത്തർ ചോദിച്ചുകൊണ്ടിരുന്നു, കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആർ? താനല്ലാതെ തന്റെ പാർട്ടിയിൽ അതിനു പോന്ന ആരും തൽക്കാലമില്ലെന്ന് നരേന്ദ്ര മോഡി വരുത്തിത്തിർത്തപ്പോൾ ആ ചോദ്യത്തിന്റെ മുന കൂർത്തു.
എല്ലാം പൊയ്‌പ്പൊയ മട്ടിലായിരുന്നു കോൺഗ്രസ്. പിറക്കാനിരിക്കുന്ന കുട്ടിയുടെ പിതൃത്വം ഘോഷിക്കാൻ ധൈര്യപ്പെടാത്ത അമ്മയുടെ വിധുരതയായിരുന്നു കോൺഗ്രസിന്റെ മാനസികാവസ്ഥ. ആഗ്രഹമുള്ളവർ ആയിരമുണ്ടെങ്കിലും അംഗീകാരം ആർക്കും കിട്ടിയില്ല. ആഗ്രഹം ഉണ്ടെന്ന വിജ്ഞാപനം തന്നെ അയോഗ്യതയായി ഗണിക്കപ്പെടുമായിരുന്നു. അപ്പോഴാണ് തനിക്കു തന്നെ പരിചയമില്ലാത്തതു പോലെ രാഹുൽ ഗാന്ധിയുടെ അരങ്ങേറ്റം. അദ്ദേഹവും മറ്റുള്ളവരും പ്രധാനമന്ത്രിപദത്തിലേക്ക് അദ്ദേഹത്തിന്റെ നാമനിർദ്ദേശകരായി ഉടനേ പ്രത്യക്ഷപ്പെട്ടില്ല. രാഹുലിന്റെ പോയിട്ട്, പാർട്ടിയുടെ മൊത്തത്തിൽത്തന്നെ എന്തായിരിക്കും സ്ഥിതിയെന്ന് അലസമായ വാതുവെപ്പ് നടക്കുകയായിരുന്നു. ആ പ്രകരണത്തിൽ പ്രധാനമന്ത്രിപദത്തെപ്പറ്റിയുള്ള വ്യാമോഹങ്ങളും മോഹാലസ്യങ്ങളും ചിരിക്കേണ്ട വക ഒരുക്കുമായിരുന്നുള്ളു.
ആ ഒരുക്കത്തിനിടയിൽ രാഹുൽ ഗാന്ധി വായ തുറന്ന് സംസാരിക്കാൻ തുടങ്ങി. രാഷ്ട്രീയത്തിലെ പഠിച്ച കള്ളന്മാരുടെ കൂട്ടത്തിൽ പെടാത്ത മട്ടിൽ പെരുമാറാൻ തുടങ്ങി. ഗൗരവത്തോടെയായാലും ലാഘവത്തോടെയായാലും കോൺഗ്രസിന്റെ പ്രധാനമന്ത്രി ഉണ്ടാവുമെങ്കിൽ അതാരായിരിക്കും എന്ന ചോദ്യത്തിന് ഞാൻ എന്ന് മറുപടി പറയാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ ഉത്തമപുരുഷൻ ഏകവചനം ഉപയോഗിക്കുന്നത് ഭംഗിയായി കരുതപ്പെട്ടിരുന്നുമില്ല. ആ സന്ദിഗ്ധഘട്ടത്തിലാണ് രാഷ്ട്രീയത്തിന്റെ പതിവു വിട്ട് രാഹുൽ ഗാന്ധി പറഞ്ഞത് താൻ പ്രധാനമന്ത്രിയാകാൻ തയ്യാറെന്ന്.
താൻ തയ്യാറാവുകയേ വേണ്ടൂ, വിജയം അസാധ്യമെന്ന് എഴുതിത്തള്ളിയ പാർട്ടി ആരെയെങ്കിലും ആ പദവി ഏൽപിക്കാൻ എന്നേ തയ്യാറായിരുന്നു. നേതാവിനെ തേടിയലയുന്ന സ്ഥിതിയായിരുന്നു പാർട്ടിയുടേത്.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയപരിണാമത്തിൽ പതിവു വിട്ട പല പടികളുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോൾ രാഹുലിനെ കാണാതാകും. നേതാവായാൽ പിന്നെ ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും നാട്ടുകാരുടെ നടുവിൽ ഉണ്ടായിരിക്കണമെന്നതാണ് അലിഖിതവ്യവസ്ഥ. സ്വകാര്യത എന്നൊന്ന് അന്ന് നാട്ടുകാർ അനുവദിച്ചിരുന്നില്ല.
എവിടെ പോയാലും എന്തു ചെയ്താലും അത് പരസ്യമായിരിക്കണം. ആ കീഴ്‌വഴക്കം തെറ്റിച്ചത് രാഹുൽ ഗാന്ധിയുടെ അച്ഛൻ ആയിരുന്നു. പ്രധാനമന്ത്രിയായാൽ വാരാന്ത്യവും വിനോദവും പാടില്ലെന്ന ചട്ടം അദ്ദേഹം മാനിച്ചില്ല. വരിഞ്ഞുമുറുക്കിക്കെട്ടിയിരിക്കുന്ന ഒരവസ്ഥയിൽനിന്ന് പ്രധാനമന്ത്രിപദത്തെ വിടുതലാക്കിയത് അദ്ദേഹമായിരുന്നു. ഒരു നിമിഷം പോലും താനില്ലെങ്കിൽ ഭൂമിയെ ഇരുൾ വിഴുങ്ങുമെന്ന വിശ്വാസത്തെ അദ്ദേഹം കളിയാക്കിത്തള്ളി. ആവുന്നിടത്തേക്കെല്ലാം യാത്ര ചെയ്യുമ്പോൾ ഭാര്യയെ ഒപ്പം കൂട്ടി. ഉപചാരങ്ങളെ ഒഴിവാക്കുന്ന രീതിയും പ്രധാനമന്ത്രിയും മനുഷ്യനാണെന്ന വിചാരവും ചിലപ്പോൾ അൽപം കടന്നുപോയില്ലേ എന്നു തോന്നിയിരുന്നു. ചിലപ്പോൾ പത്രസമ്മേളനങ്ങൾ സ്വീകരണമുറിയിലെ സല്ലാപത്തിന്റെ ഈണത്തിലായി. അതുകൊണ്ട് ഉണ്ടായ പൊല്ലാപ്പ് ചെറുതായിരുന്നില്ല.
ഒരു ഉദാഹരണം മതിയാകും. ക്രോസ് വിസ്താരത്തിന്റെ ആവേശത്തോടെ രാം ജത്മലാനി രാജിവ് ഗാന്ധിയെ തെറി പറഞ്ഞു നടക്കുന്ന കാലം. പുല്ലും ആയുധമാക്കുന്ന അഭിഭാഷകവല്ലഭനാണല്ലോ പുള്ളിക്കാരൻ. നരസിംഹ റാവുവിനെപ്പോലുള്ള പരിണതപ്രജ്ഞനാണെങ്കിൽ, തൊണ്ട കഴക്കുമ്പോൾ നിലയ്ക്കും ആ ചിലച്ചിൽ എന്ന മട്ടിൽ മുഖം തിരിച്ചുപോകും.
രാജീവ് ഗാന്ധിയോ സോണിയാ ഗാന്ധിയോ അതേറ്റു പിടിച്ചു. പിന്നെ കൊടും കാറ്റായി. കുരക്കുന്ന മൃഗത്തോടു തന്നെ ഉപമിച്ചപ്പോൾ ജത്മലാനിക്ക് സഹിക്കാനായില്ല. 'അമ്മയെ തല്ലുന്നത് നിർത്തിയത് എന്ന്' എന്ന പഴയ സെഷൻസ് വക്കീലിന്റെ ചോദ്യത്തിന്റെ ഈണത്തിൽ പത്രപംക്തികളിൽ ജത്മലാനി വിസ്താരം തുടങ്ങി. ബാക്കി ചരിത്രം രാഹുൽ ഗാന്ധിക്കും വായിക്കാം.
പ്രധാനമന്ത്രിസ്ഥാനാർഥിയാകാനുള്ള ഒരുക്കത്തിൽ രാഹുൽ എന്തൊക്കെ ചെയ്തു എന്നത് അരമന രഹസ്യമാകുന്നു. എന്നാൽ അങ്ങാടിപ്പാട്ടൊട്ടല്ല താനും. നരേന്ദ്ര മോഡിയുടെ ആക്ഷേപഹാസ്യവും പരിഹാസവും ന്യൂനോക്തിയും രാഹുലിനു വശമില്ല. അതിനുള്ള പ്രായമായില്ല. പ്രായമായാൽ തന്നെ എല്ലാവർക്കും വശമാക്കാൻ പറ്റുന്നതല്ല ആ ശകാരശൈലി. നേതൃസ്ഥാനത്തേക്കുള്ള റിഹേഴ്‌സൽ നടന്നത് അമേരിക്കയിലായിരുന്നു. അവിടത്തെ ഒന്നു രണ്ടൂ പത്രസംവാദങ്ങളിൽ തെളിഞ്ഞു കണ്ട രാഹുലിന്റെ പാടവം തിണ്ണമിടുക്കിൽ ഒതുങ്ങുന്നതല്ലെന്ന് പാർട്ടിയുടെ പാണന്മാർ പാടി നടന്നു. ചരിത്രത്തിന്റെ ഏതോ ദുരൂഹ ദശാസന്ധിയിൽ ഓതിരം കടകം ചൊല്ലിയാടുന്ന ചേകവനായി രാഹുൽ ചുവടുറപ്പിക്കുകയായിരുന്നു.
ശകാരത്തിലും സംവാദത്തിലും സമീപനത്തിലും തനിക്ക് തന്റേതായ വഴിയുണ്ടെന്ന് രാഹുൽ ഗാന്ധിക്ക് തെളിയിക്കണമെന്ന് പല വട്ടം തോന്നിക്കാണും. പാർലമെന്റിൽ അത്രയൊന്നും ഫലപ്രദമെന്നു തോന്നാത്ത ആക്രമണത്തിനുശേഷം രാഹുൽ മോഡിയെ ആലിംഗനം ചെയ്തത് വേലയായിരുന്നോ പൂരമായിരുന്നോ? ഒരു പക്ഷേ രാഹുലിനു മാത്രം അവതരിപ്പിക്കാൻ കഴിയുന്നതായിരുന്നു ആ ലാഘവത്തിന്റെ ഏകാങ്കനാടകം. മോദിയെപ്പോലും അന്ധാളിപ്പിച്ച ആ പകർന്നാട്ടം ഹാസ്യമായിരുന്നോ ഗോഷ്ഠിയായിരുന്നോ? ഏതായാലും ഒരു രാഷ്ട്രീയാശ്ലേഷത്തിന്റെ ഊഷ്മളത അതുളവാക്കിയില്ല. രാജീവ് ഗാന്ധിയോ ദേവ ഗൗഡയോ അങ്ങനെ ഒരു കെട്ടിപ്പിടുത്തത്തിൽ പെട്ടു പോകുന്നത് ആലോചിച്ചുനോക്കൂ. രാഹുൽ അങ്ങനെയൊന്നും ആലോചിച്ചു കാണില്ല. കളിയായാലും കാര്യമായാലും തന്റെ വഴിയും വ്യവസ്ഥയും താൻ തന്നെ രൂപപ്പെടുത്താനുള്ള തത്രപ്പാടിലായി പിന്നെ രാഹുൽ ഗാന്ധി.
അതിനിടെ തനിക്കു വേണ്ടീ വഴി വെട്ടിയ പല സംഭവങ്ങളും രാഹുൽ കണ്ടു. ഒന്ന്, അധികാരം പകരുന്ന അമിതമായ ആത്മവിശ്വാസത്തിൽ മോഡി മദിച്ചു വശായി. രണ്ട്, വിശദീകരിക്കാൻ വയ്യാത്ത പല നടപടികളെയും അദ്ദേഹം വാക്ജാലത്തിന്റെ ഇരുട്ടുകൊണ്ടു പതിഞ്ഞുനോക്കി. മൂന്ന്, മോദിക്കെതിരേ രാഹുലിനോടൊപ്പം ചുവടുറപ്പിക്കുകയേ നിവൃത്തിയുള്ളു എന്ന ധാരണ പല പ്രതിപക്ഷകക്ഷികളിലും വളരാൻ തുടങ്ങി. നാല്, ബി ജെ പി യുടെ കുത്തകയെന്നു കരുതിയിരുന്ന ഒരു പതിറ്റാണ്ടത്തെ കൊത്തളങ്ങൾ തിരഞ്ഞെടുപ്പിൽ ഇടിഞ്ഞു വീണു. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനുണ്ടായത് തകർപ്പൻ ജയമെന്നു പറഞ്ഞുകൂടാ. പക്ഷേ വിജയം മറ്റൊന്നല്ല, വിജയം തന്നെ. അന്പത്തൊന്നും നാൽപത്തൊമ്പതും തമ്മിലുള്ള വ്യത്യാസം ചെറുതല്ല. രാഹുലിന് ഏറെ വേണ്ട വിശ്വാസവും മോഡിക്ക് കൈമോശം വന്നു കഴിഞ്ഞ വിനയവും ആ രണ്ടക്കത്തിന്റെ ഇന്ദ്രജാലംകൊണ്ട് മാറ്റിയെഴുതാൻ പറ്റുമോ എന്നായിരിക്കും ഇപ്പോഴത്തെ ചർച്ച.
ഒരു പൂ വിരിഞ്ഞതുകൊണ്ട് വസന്തമായില്ല. കുളമായ കുളമെങ്ങും താമര വിടരാനിരിക്കുന്നതേയുള്ളു എന്നു തന്നെ മോഡിയുടെ വിചാരം. രാഹുലിനെ പ്രതിപക്ഷത്തിന്റെ നേതാവായി വാഴിച്ച് മുന്നോട്ടു നീങ്ങാൻ പ്രതിപക്ഷം ഇനിയും ഒരുമിച്ചിട്ടില്ല. ഇന്ത്യൻ പ്രതിപക്ഷത്തിന്റെ സ്വഭാവം എന്നും അതു തന്നെയായിരുന്നു. നെഹ്‌റുവിനെ മാറ്റാൻ ലോഹ്യ മോഹിച്ചു; പക്ഷേ പകരം ആരെന്ന് ആലോചന പോലും ഉണ്ടായില്ല. മോഡിയെ മാറ്റണമെന്ന വികാരം ശക്തിപ്പെട്ടു വരുന്നു; പക്ഷേ പ്രധാനമന്ത്രിസ്ഥാനാർഥിയെന്നു പേർ ചൊല്ലി വിളിക്കാനോ തൊട്ടു കാട്ടാനോ ആളില്ല. രാഹുലിന്റെ പേരുമായി മടിക്കാതെ മുന്നോട്ടു വരാൻ ഇനിയും പ്രതിപക്ഷം ശീലിക്കേണ്ടിയിരിക്കുന്നു.
ആ ശീലം വളർത്താനും സ്വന്തം ശൈലി രൂപപ്പെടുത്താനുമുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധി. ആലിംഗനം ചെയ്യുന്ന അതേ ആവേശത്തോടെ ആക്രമണം അഴിച്ചുവിടുക. അതാണോ പരിപാടി? പ്രധാനമന്ത്രി കള്ളനാണെന്ന ആക്ഷേപം അതിന്റെ ഭാഗമാണോ? കാവൽക്കാരൻ കവർച്ചക്കാരനാകുന്നു എന്നായിരുന്നു ആദ്യത്തെ അധിക്ഷേപം. പിന്നെപ്പിന്നെ പ്രധാനമന്ത്രിയെ കള്ളനെന്നു പച്ചയായി പറയാമെന്നായി. കേൾക്കാൻ ഹരമാകും. പക്ഷേ ശകാരത്തിന്റെ ശൈലീഭംഗി ആവിഷ്‌ക്കരിക്കുനതല്ല ആ പ്രകരണം. വാക്കുകൾ തരം താഴുന്നത് ഒഴിവാക്കിയാലേ ജയം സാർഥകമാകൂ.