അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ഇനി സി.പി.എം ഹർത്താൽ നടത്തൂ എന്നു സംസ്ഥാന സെക്രട്ടറി കോടിയേരി. ഹർത്താലുകൾ വികസനത്തെ ബാധിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി. കേരളത്തിൽ നടത്തിയ ഹർത്താലുകളിൽ ഒന്നാം സ്ഥാനത്തുള്ള പാർട്ടിയുടെ നേതാക്കൾക്ക് ഇതു തിരിച്ചറിയാൻ ബി.ജെ.പി കഴിഞ്ഞ ദിവസം നടത്തിയ ആഭാസ ഹർത്താൽ വേണ്ടിവന്നു. അങ്ങനെ ഒരുപകാരമെങ്കിലും ആ ഹർത്താൽ കൊണ്ടുണ്ടായത് നന്നായി. ഇതേ വിഷയം മുമ്പേ പറയാറുള്ളവരെ എങ്ങനെയൊക്കെയാണ് ഇവരടക്കമുള്ള നേതാക്കൾ ആക്ഷേപിക്കാറുള്ളത് എന്നതു തൽക്കാലം മറക്കാം.
ഒരു ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും ഉയർന്ന സമരമുറ തന്നെയാണ് ഹർത്താലെന്നതിൽ സംശയമില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രകടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ പ്രതിഷേധരീതി ഹർത്താൽ തന്നെ.
എന്നാൽ കേരളത്തിൽ സംഭവിക്കുന്നതെന്താണ്? രാഷ്ട്രീയപാർട്ടികളുടെ കുടിപ്പകയുടെ പേരിൽ നടന്ന കൊലകളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ ഹർത്താലുകൾ നടന്നിട്ടുള്ളത്. അതുപോലെ പൊതുജനങ്ങളുമായി ബന്ധമില്ലാത്ത, നിസ്സാരമായ മറ്റനവധി വിഷയങ്ങളുടെ പേരിൽ. ബിജെപിയും സിപിഎമ്മുമാണ് ഇക്കാര്യത്തിൽ മുന്നിലെങ്കിലും മറ്റു പാർട്ടികളും ഒട്ടും മോശമല്ല. ഈ വർഷം ഇതുവരെ കേരളത്തിൽ ചെറുതും വലുതുമായി നൂറിനടുത്ത് ഹർത്താലുകൾ നടന്നിരിക്കുന്നു. അതിന്റെയെല്ലാം ക്ലൈമാക്‌സായിരുന്നു ഒരാൾ ആത്മഹത്യ ചെയ്തതിന്റെ പേരിൽ ബിജെപി നടത്തിയ ഹർത്താൽ. എന്തായാലും ഹർത്താലുകളെ കുറിച്ചൊരു വിചിന്തനത്തിന് ആ ഹർത്താൽ കാരണമായി എന്ന ഗുണമുണ്ടായി.
പ്രതിഷേധ സൂചകമായി ഹർത്താലിനാഹ്വാനം ചെയ്യാൻ ജനാധിപത്യ സംവിധാനത്തിൽ ആർക്കും അവകാശമുണ്ട് എന്നതിനു തുല്ല്യമാണ് അതിൽ പങ്കാളിയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യാവകാശവും.
തങ്ങളുന്നയിക്കുന്ന വിഷയങ്ങളിൽ യോജിപ്പുള്ളവർ ഹർത്താലിൽ പങ്കെടുക്കണമെന്നാഹ്വാനം ചെയ്യുകയല്ലാതെ ബലമായി അടിച്ചേൽപ്പിക്കാൻ ജനാധിപത്യ സംവിധാനത്തിൽ പാർട്ടികൾക്ക് ആരാണവകാശം നൽകിയത്.? യോജിപ്പുള്ളവർ ഹർത്താലിൽ പങ്കെടുത്ത് പ്രതിഷേധിക്കട്ടെ. അതല്ലല്ലോ പക്ഷെ നടക്കുന്നത്. ഭയം കൊണ്ടുമാത്രമാണ് ഹർത്താൽ ദിനങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാത്തത്. വാഹനങ്ങൾ നിരത്തിലിറങ്ങാത്തത്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നത്. ഹർത്താലിനോടോ അതിനുന്നയിക്കുന്ന കാരണങ്ങളോടോ തീരെ അനുഭാവം ഇല്ലെങ്കിലും ജനം അതിൽ പങ്കെടുക്കുന്നു. അങ്ങനെ ഹർത്താൽ വിജയിച്ചെന്ന അവകാശവാദങ്ങൾ പുറത്തുവരുന്നു. നേരത്ത അറിഞ്ഞാൽ വലിയൊരു വിഭാഗം ഹർത്താൽ ആഘോഷവുമാക്കുന്നു. അങ്ങനെയാണ് ഹർത്താൽ പൂർണം എന്ന തലക്കെട്ടുവരുന്നത്. സംസ്ഥാനത്തെ ദളിത് സംഘടനകൾ ആദ്യമായി ഒരു ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ ഇവരെല്ലാം ചേർന്ന് അത് തകർക്കാൻ ശ്രമിച്ച കാര്യം തൽക്കാലം മറക്കാം.
സത്യത്തിൽ ഹർത്താൽ ജനങ്ങളെ ബാധിക്കുന്നതിലുമുണ്ട് ഒരു വിവേചനം. ഇപ്പോഴത്തെ ഹർത്താലുകൾ സ്വകാര്യകാറുകളും ബൈക്കുകളുമുള്ളവരെ ബാധിക്കുന്നതുപോലുമില്ല. ബാധിക്കുന്നത് പൊതുവാഹനങ്ങളെ ആശ്രയിക്കുന്നവരെ മാത്രമാണ്. പാവപ്പെട്ടവരെ എന്നർത്ഥം. ദിവസവേതനക്കാരായ അവർക്ക് ഒരു ദിവസത്തെ വേതനം നഷ്ടപ്പെടുന്നു. ഉദാഹരണം ഷോപ്പ് ജീവനക്കാർ തന്നെ. അതുപോലെ ലക്ഷക്കണക്കിനു വരുന്ന ദിവസവേതനക്കാരേയും.
നിരോധനം കൊണ്ട് ഹർത്താൽ ഇല്ലാതാക്കാൻ എളുപ്പമല്ല എന്നത് മറ്റൊരു വസ്തുത. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹർത്താൽ നിയന്ത്രണ ബില്ലിനെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഹർത്താലുകൾമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമായി 'കേരള ഹർത്താൽ നിയന്ത്രണബിൽ 2015' തയ്യാറാക്കാനായിരുന്നു നീക്കം. പൊതുജനാഭിപ്രായം കേട്ടശേഷം സമൂഹത്തിലെ വിവിധതുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തിയശേഷമായിരിക്കും ബില്ലു കൊണ്ടുവരികയെന്നായിരുന്നു സർക്കാർ തീരുമാനം.
അതുമായി ബന്ധപ്പെട്ട് കുറച്ചു പ്രവർത്തനങ്ങൾ മുന്നോട്ടുപോയി. പിന്നീട് കോൺഗ്രസ്സ് തന്നെ ഹർത്താൽ പ്രഖ്യാപിച്ചതോടെ എല്ലാം അവസാനിച്ചു. ഹർത്താൽ നിരോധനമല്ല, ഹർത്താലിൽ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള അവകാശം തുല്യമായി അംഗീകരിക്കപ്പെടുകയാണ് വേണ്ടത്. അത്തരത്തിലുള്ള നിയമനിർമ്മാണമാണ് നടത്തേണ്ടത്. നേരത്തെ പാർട്ടികൾ നടത്തിയിരുന്ന ബന്ദുകൾ നിരോധിച്ചപ്പോഴാണ് ഹർത്താലുകൾ വ്യാപകമായത്.
ഭരണകൂടത്തിനെതിരായി പ്രതിഷേധിക്കുന്നതിലും നൈതികതയും ജനാധിപത്യമൂല്യങ്ങളും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. ഒരാധുനിക ജനാധിപത്യസമൂഹത്തിനനുസൃതമായ രീതിയിൽ വേണം പ്രതിഷേധവും. അതിനെ വേണമെങ്കിൽ ജനാധിപത്യ ഹർത്താലെന്നു വിളിക്കാം. പച്ചയായി പറഞ്ഞാൽ ഹർത്താൽ പ്രഖ്യാപിച്ച് നേതാക്കളും അണികളും അതിൽ പങ്കെടുക്കുക.
സ്വന്തം വീട്ടിലിരിക്കുക. ബാക്കി ജനം തീരുമാനിക്കട്ടെ. അതിനു നമ്മുടെ പ്രസ്ഥാനങ്ങൾ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. അതേക്കുറിച്ചുകൂടി കോടിയേരിയും പിണറായിയും പറഞ്ഞാൽ കൊള്ളാം. വാസ്തവത്തിൽ ഹർത്താൽ മാത്രമല്ല, മുഷ്ടി ചുരുട്ടുന്ന നമ്മുടെ രാഷ്ട്രീയ പ്രവർത്തനശൈലി തന്നെ മാറേണ്ടിയിരിക്കുന്നു. മുഷ്ടിചുരുട്ടിയുള്ള പ്രകടനങ്ങളും ഗതാഗതം സ്തംഭിപ്പിച്ചുള്ള സമ്മേളനങ്ങളും സംസ്ഥാന മാർച്ചുകളും സംഘട്ടനങ്ങളും കൊലപാതക പരമ്പരകളുമൊക്കെ നടത്തുന്നത് എന്തിനാണ് ? ജനത്തെ ബോധവൽക്കരിക്കാനോ? അത്തരത്തിൽ ബോധവൽക്കരിക്കേണ്ടവിധം ബുദ്ധിശൂന്യരാണോ ജനം? ആധുനിക കാലത്തിനനുസരിച്ച് ഇപ്പറഞ്ഞ രാഷ്ട്രീയപ്രവർത്തന ശൈലിയാകെ ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. പത്രങ്ങളും ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം സജീവമായ ഒരു പ്രദേശത്താണ് ഈ രാഷ്ട്രീയാഭാസങ്ങൾ നടക്കുന്നത്. ഇത്തരം മാധ്യമങ്ങളിൽ മുഖാമുഖം വന്നിരുന്ന് രാഷ്ട്രീയസംവാദം നടത്തുകയല്ലേ വേണ്ടത്? അത്തരത്തിലുള്ള ഒരു സംവാദത്തിന്റെ വികൃതമായ രൂപമാണ് ഇപ്പോൾ ചാനലുകളിലെ ന്യൂസ് അവർ ചർച്ചകൾ. അവയുടെ ശൈലി മാറണം.
അവതാരകരുടേയും ഉച്ചത്തിൽ സംസാരിക്കുന്നവരുടേയും ആധിപത്യത്തിൽനിന്നു മോചിതമാക്കി, തികച്ചും ജനാധിപത്യപരമായ രീതിയിൽ ഇത്തരം ചർച്ചകളെ മാറ്റിയെടുക്കുകയാണ് വേണ്ടത്. തീർച്ചയായും സോഷ്യൽ മീഡിയയും ഇതിനായി ഉപയോഗിക്കാം. സോഷ്യൽ മീഡിയയുടെ കരുത്ത് എത്രമാത്രം ശക്തമാണെന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ടല്ലോ. ജനത്തിനും ഇടപെടാവുന്ന രീതിയിലുള്ള ചർച്ചകളാണ് ഉണ്ടാകേണ്ടത്. അതിൽനിന്ന് ഏതാണ് ശരിയെന്ന് ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഹർത്താലുകൾ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യമെങ്കിലും കോടിയേരിയും പിണറായിയും പരിഗണിക്കണം. സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയുടെ ഈ നേതാക്കൾ ഇക്കാര്യത്തിൽ നിലപാടെടുത്താൽ മറ്റു പാർട്ടികൾക്കും ആ പാത പിന്തുടരേണ്ടിവരുമെന്നുറപ്പ്. അതാകട്ടെ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.