റിയാദ് - അക്കൗണ്ടിംഗ്, ഐ.ടി, ടെലികോം, അഭിഭാഷകവൃത്തി, ഫിനാൻസ് മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് പദ്ധതി. ഉദ്യോഗാർഥികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഈ തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ വനിതാവൽക്കരണ പ്രോഗ്രാം ഡയറക്ടർ നൂറ അബ്ദുല്ല അൽറുദൈനി പറഞ്ഞു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി സംഘടിപ്പിച്ച വനിതാവൽക്കരണ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്ന സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് ശ്രമം. ഈ ലക്ഷ്യത്തോടെ, ഉദ്യോഗാർഥികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കും. അക്കൗണ്ടിംഗ്, ഐ.ടി, ടെലികോം, അഭിഭാഷകവൃത്തി, ഫിനാൻസ് മേഖലകളിലെ തൊഴിലുകൾ സ്വീകരിക്കാൻ മതിയായ യോഗ്യതകളുള്ള നിരവധി വനിതാ ബിരുദധാരികൾ രാജ്യത്തുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഘട്ടംഘട്ടമായി സൗദിവൽക്കരണം നടപ്പാക്കാനാണ് പദ്ധതി.
സൗദി വനിതകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറെ കൂടുതലാണ്. ഈ വർഷം ആദ്യ പാദത്തെ കണക്കുകൾ വനിതകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 31 ശതമാനമാണ്. സ്വദേശികൾക്ക് ആകർഷകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിവിധ സർക്കാർ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചുവരികയാണ്. സൗദി വനിതകൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഏതാനും പദ്ധതികൾ സമീപ കാലത്ത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ലേഡീസ് ഷോപ്പുകളിലെയും കോസ്‌മെറ്റിക്‌സ് കടകളിലെയും വനിതാവൽക്കരണം അടക്കമുള്ള പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്.
സൗദി യുവതീയുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് മറ്റേതാനും മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിച്ചുവരികയാണ്. പുതുതായി പന്ത്രണ്ടു മേഖലകളിൽ ഘട്ടംഘട്ടമായി സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മാനവശേഷി വിഭാഗങ്ങളിലെ ജോലികളും സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തി. നിരവധി സൗദി വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിച്ചു.
സൗദിയിൽ തൊഴിൽരഹിതരിൽ 92 ശതമാനവും മുമ്പ് ജോലികളൊന്നും ലഭിച്ചിട്ടില്ലാത്ത പുതിയ ബിരുദധാരികളാണെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും നൂറ അബ്ദുല്ല അൽറുദൈനി പറഞ്ഞു.
2017 ഒക്‌ടോബർ 21 ന് ആണ് സൗദിയിൽ മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽവന്നത്. ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, അത്തറുകൾ, പാദരക്ഷകൾ, വാനിറ്റി ബാഗുകൾ, ലേഡീസ് സോക്‌സുകൾ, ലേഡീസ് തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന കടകളാണ് മൂന്നാം ഘട്ട വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നത്. ലേഡീസ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകളിലും ഈ ഘട്ടത്തിൽ വനിതാവൽക്കരണം നിർബന്ധമാക്കി. നിശാവസ്ത്രങ്ങൾ, വിവാഹ വസ്ത്രങ്ങൾ, പർദകൾ, ലേഡീസ് ആക്‌സസറീസ്, മാക്‌സികൾ എന്നിവ വിൽക്കുന്ന, ഒറ്റപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മൂന്നാംഘട്ട വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ സൗദി വനിതകളല്ലാത്തവരെ ജോലിക്ക് വെക്കാൻ വിലക്കുണ്ട്. നിർബന്ധിത വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്ന സ്ഥാപനങ്ങളിൽ വിദേശ വനിതകളെയും പുരുഷന്മാരെയും ജോലിക്കു വെക്കുന്നത് നിയമലംഘനമാണ്.
മദീനയിൽ 41 തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം
നിയമം ലംഘിച്ച് വിദേശികളെ ജോലിക്ക് വെക്കുന്ന ലേഡീസ് ഷോപ്പുകൾക്ക് വിദേശികളിൽ ഒരാൾക്ക് ഇരുപതിനായിരം റിയാൽ വീതം പിഴ ചുമത്തും. പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തുന്നതിനും സ്വകാര്യ മേഖലയിലെ തൊഴിലുകൾ സ്വീകരിക്കുന്നതിന് സൗദി വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വനിതാ ജീവനക്കാർക്ക് ഗതാഗത സഹായവും കുട്ടികളെ ശിശുപരിചരണ കേന്ദ്രങ്ങളിൽ ചേർക്കുന്നതിനുള്ള ധനസഹായവും നൽകുന്ന പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി നടപ്പാക്കുന്നുണ്ട്.
പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.