റിയാദ് - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ നീതിന്യായ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ദക്ഷിണ സൗദിയിലെ വിവാഹ ഉദ്യോഗസ്ഥനാണ് പതിനെട്ടു വയസ് തികയാത്ത പെൺകുട്ടിയുടെ വിവാഹ കരാർ രജിസ്റ്റർ ചെയ്തത്. നീതിന്യായ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിച്ചാണ് ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ വിവാഹം നടത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിന് കർശന വ്യവസ്ഥകൾ ബാധകമാണ്. ഇത്തരം വിവാഹങ്ങൾ നടത്തുന്നതിനു മുമ്പായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പിന് കത്തെഴുതി വിവാഹത്തിന് മുൻകൂട്ടി അനുമതി നേടിയിരിക്കൽ നിർബന്ധമാണ്. പതിനെട്ടു വയസു പൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം അവരുടെ ശാരീരിക, മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പുവരുത്തൽ നിർബന്ധമാണ്. കോടതിയെ സമീപിച്ച് നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമല്ലാതെ പതിനെട്ടു വയസു പൂർത്തിയാകാത്തവരുടെ വിവാഹ കരാർ വിവാഹ ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്യുന്നതിന് പാടില്ലെന്നും വ്യവസ്ഥയുണ്ട്.