റിയാദ് - ഒരു വർഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞ സ്‌പോൺസറുടെ ഖബറിടം മുടങ്ങാതെ സന്ദർശിക്കുന്ന ഏഷ്യൻ വംശജരായ തൊഴിലാളികൾ വേറിട്ട കാഴ്ചയാകുന്നു. ജീവിത കാലത്ത് തങ്ങളെ സ്‌നേഹിക്കുകയും അനുകമ്പയോടെ പെരുമാറുകയും ചെയ്ത സ്‌പോൺസറോടുള്ള കൂറും കടപ്പാടും പ്രകടിപ്പിച്ചും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുന്നതിനും വേണ്ടി ഇരുവരും എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഖബറിടം സന്ദർശിക്കുന്നത്. ഏഷ്യൻ വംശജരായ തൊഴിലാളികൾ സ്‌പോൺസറുടെ ഖബറിടം സന്ദർശിക്കുന്നതിന്റെയും എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ തങ്ങൾ ഖബറിടം സന്ദർശിക്കാറുണ്ടെന്ന് വ്യക്തമാക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സൗദി പൗരന്മാരിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തങ്ങൾ മാത്രമല്ല, മറ്റു സഹപ്രവർത്തകരും സ്‌പോൺസറുടെ ഖബറിടം ഇടക്കിടക്ക് സന്ദർശിക്കാറുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.