റിയാദ് - വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്നതിന് സർക്കാറിലേക്ക് അടക്കേണ്ട ഫീസിന്റെ കാര്യത്തിലും വാർഷിക ലൈസൻസ് ഫീസിന്റെ കാര്യത്തിലുമുള്ള തർക്കം പരിഹരിച്ച് ധനമന്ത്രാലയവുമായും ടെലികോം, ഐ.ടി മന്ത്രാലയവുമായും ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനുമായും അന്തിമ കരാർ ഒപ്പുവെച്ചതായി സൗദി ടെലികോം കമ്പനിയും സെയ്ൻ ടെലികോം കമ്പനിയും മൊബൈലിയും അറിയിച്ചു.
ഈ വർഷം ജനുവരി ഒന്നു മുതൽ വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്നതിനുള്ള ഫീസ് ഏകീകരിക്കുന്നതിനും ഇത് വരുമാനത്തിന്റെ പതിനഞ്ചു ശതമാനത്തിൽ നിന്ന് പത്തു ശതമാനമായി കുറക്കുന്നതിനും തീരുമാനമായതായി സെയ്ൻ അറിയിച്ചു. 2009 മുതൽ 2017 വരെയുള്ള കാലത്ത് വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്നതിനുള്ള ഫീസും വാർഷിക ലൈസൻസ് ഫീസുമായും ബന്ധപ്പെട്ട് സെയ്ൻ കമ്പനിയും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും തമ്മിൽ വിയോജിപ്പുള്ള തുകയുടെ കാര്യത്തിൽ ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. ഈ തുക പശ്ചാത്തല വികസന മേഖലയിൽ കമ്പനി നിക്ഷേപം നടത്തണമെന്ന് ഒത്തുതീർപ്പ് കരാർ അനുശാസിക്കുന്നു.
2009 മുതൽ 2017 വരെയുള്ള കാലത്ത് വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്നതിനുള്ള ഫീസും ലൈസൻസ് ഫീസുമായും ബന്ധപ്പെട്ട് സെയ്ൻ കമ്പനിയും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും തമ്മിൽ വിയോജിപ്പുള്ള തുക 170 കോടി റിയാലാണ്. കരാർ വ്യവസ്ഥകൾ പ്രകാരം മൂന്നു വർഷത്തിനുള്ളിലാണ് ഈ തുക പശ്ചാത്തല വികസന മേഖലയിൽ കമ്പനി നിക്ഷേപം നടത്തുക. 2018 ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള ഒമ്പതു മാസക്കാലത്ത് വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്നതിന് സർക്കാറിലേക്ക് കമ്പനി അടക്കേണ്ട ഫീസ് 22 കോടി റിയാലായി കുറയുമെന്നും സെയ്ൻ ടെലികോം കമ്പനി അറിയിച്ചു.
2008 ജനുവരി ഒന്നു മുതൽ 2017 ഡിസംബർ 31 വരെയുള്ള കാലത്ത് സർക്കാറിലേക്ക് അടക്കേണ്ട ഫീസുമായി ബന്ധപ്പെട്ട് വിയോജിപ്പുള്ള തുക ഒത്തുതീർപ്പ് കരാർ പ്രകാരം മൂന്നു വർഷത്തിനുള്ളിൽ പശ്ചാത്തല വികസന മേഖലയിൽ നിക്ഷേപിക്കുമെന്ന് എസ്.ടി.സി അറിയിച്ചു. വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്നതിന് സർക്കാറിലേക്ക് അടക്കേണ്ട ഫീസ് ഈ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ പത്തു ശതമാനമായി കുറച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ സേവന വരുമാനത്തിന്റെ പതിനഞ്ചു ശതമാനവും ലാന്റ് ഫോൺ സേവന വരുമാനത്തിന്റെ പത്തു ശതമാനവും ഡാറ്റ സേവന വരുമാനത്തിന്റെ എട്ടു ശതമാനവും എസ്.ടി.സി സർക്കാറിലേക്ക് അടക്കേണ്ട രീതിയാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. സർക്കാറിലേക്ക് അടക്കേണ്ട ഫീസിൽ ഈ വർഷാദ്യം മുതൽ മുൻകാല പ്രാബല്യത്തോടെ കുറവ് വരുത്തിയത് 50 കോടി റിയാലിന്റെ ലാഭമുണ്ടാക്കും. ഇത് കമ്പനിയുടെ നാലാം പാദത്തെ ബാലൻസ് ഷീറ്റിൽ അനുകൂല ഫലം ചെലുത്തുമെന്നും എസ്.ടി.സി പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്നതിന് സർക്കാറിലേക്ക് അടക്കേണ്ട ഫീസ് അറ്റാദായത്തിന്റെ പത്തു ശതമാനമായും വാർഷിക ലൈസൻസ് ഫീസ് ഒരു ശതമാനമായും നിശ്ചയിച്ചിട്ടുണ്ടെന്ന് മൊബൈലിയും അറിയിച്ചു.