റിയാദ് - ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന യാത്ര ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് സൗദിയിലെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈ അദീൽ കാർഗോ ക്ലാസ് ടിക്കറ്റുകൾ പുറത്തിറക്കുന്നു. ലോകത്തു തന്നെ ആദ്യമായാണ് ഒരു വിമാനക്കമ്പനി കാർഗോ ക്ലാസ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്. യാത്രാ ചെലവുകൾ കുറക്കുന്നതിന് നവീന മാർഗങ്ങൾ കണ്ടെത്തുന്നതിന് എക്കാലവും തങ്ങൾ ശ്രമിച്ചുവരികയാണെന്ന് ഫ്‌ളൈ ആദിൽ പറഞ്ഞു.
കാർഗോ ക്ലാസിൽ യാത്രക്കാരുടെ ശരീര ഭാരത്തിനും ഉയരത്തിനും പ്രായത്തിനും നിയന്ത്രണങ്ങളുണ്ടാകും. പന്ത്രണ്ടു വയസിൽ കുറവ് പ്രായമുള്ളവർക്ക് കാർഗോ ക്ലാസ് ടിക്കറ്റുകൾ അനുവദിക്കില്ല. പരിമിതമായ സീറ്റുകൾ മാത്രമാണ് കാർഗോ ക്ലാസിലുണ്ടാവുക. പുതിയ സേവനം ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്നും കമ്പനി പറഞ്ഞു. കാർഗോ ക്ലാസ് ടിക്കറ്റ് യാത്രക്കാർക്ക് വിമാനത്തിനു താഴെ ലഗേജുകൾ സൂക്ഷിക്കുന്ന ലഗേജ് ഹോൾഡറിലാണ് സീറ്റുകൾ അനുവദിക്കുക. യാത്രക്കിടെ മറ്റു യാത്രക്കാരുമായും വിമാന ജീവനക്കാരുമായും ഇവർക്ക് ബന്ധമുണ്ടാകില്ല. ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിനു കീഴിലെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ അദീൽ.