റിയാദ് - സൗദിയിൽ ഇതുവരെ സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി ഗവർണർ ഡോ. അബ്ദുല്ല അൽശഹ്‌രി പറഞ്ഞു. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് അന്തിമ പഠന റിപ്പോർട്ട് രണ്ടു മാസത്തിനുള്ളിൽ പരസ്യപ്പെടുത്തും. സാധ്യമായത്ര വേഗത്തിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള സമയക്രമം സൗദി ഇലക്ട്രിസിറ്റി കമ്പനി പങ്കാളിത്തം വഹിക്കുന്ന പ്രത്യേക കമ്മിറ്റി നിർണയിക്കും.
ഇരുപത്തിയഞ്ചു ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടറുകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി നേരത്തെ ക്ഷണിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു സ്മാർട്ട് മീറ്റർ പോലും രാജ്യത്ത് സ്ഥാപിച്ചിട്ടില്ല. നിലവിൽ ചിലയിടങ്ങളിൽ മാറ്റിസ്ഥാപിച്ച പുതിയ മീറ്ററുകൾ സ്മാർട്ട് മീറ്ററുകളല്ല. അവ ഡിജിറ്റൽ മീറ്ററുകളാണ്. സ്മാർട്ട് മീറ്ററുകളിൽ നിന്ന് വിഭിന്നമായി ഡിജിറ്റൽ മീറ്ററുകളിലെ റീഡിംഗ് കേന്ദ്രീകൃത രീതിയിൽ ദൂരെ നിന്ന് എടുക്കാനാകില്ല. സ്മാർട്ട് മീറ്ററുകൾ നിലവിൽ വരുന്നതോടെ റിയാദിലെ കൺട്രോൾ റൂം വഴി രാജ്യത്തെ മുഴുവൻ മീറ്ററുകളിലെയും റീഡിംഗ് ഒരേസമയം എടുക്കാൻ കഴിയും.
വൈദ്യുതി, ജല മേഖലകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സമയത്തെ കുറിച്ച് പ്രത്യേക കമ്മിറ്റി പഠിക്കുന്നുണ്ട്. രണ്ടു മാസത്തിനകം ഇത് പൂർത്തിയാകും. ഇതിനു ശേഷം പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള ടെണ്ടറുകൾ ക്ഷണിക്കും. സ്മാർട്ട് മീറ്ററുകളുടെ സാമ്പത്തിക സാധ്യതയെ കുറിച്ച് ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി പഠനം നടത്തിയിട്ടുണ്ട്.
വൈദ്യുതി മാനേജ്‌മെന്റിൽ അധ്വാനവും സമയവും ഏറെ ലാഭിക്കുന്നതിന് സ്മാർട്ട് മീറ്ററുകൾ സഹായിക്കും. സ്മാർട്ട് മീറ്ററുകൾ നിർമിക്കുന്നതിന് ആയിരം കോടി റിയാൽ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സ്മാർട്ട് മീറ്ററുകളുടെ വില ഉപയോക്താക്കൾ വഹിക്കേണ്ടിവരില്ല. ഇത് സൗദി ഇലക്ട്രിസിറ്റി കമ്പനി വഹിക്കും. എന്നാൽ മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് ഉപയോക്താക്കൾ വഹിക്കേണ്ടിവരും.
വീടുകളിൽ സൗരോർജം ഉപയോഗിക്കുന്നത് ക്രമീകരിക്കുന്ന നിയമം പഠന ഘട്ടത്തിലാണ്. കിംഗ് അബ്ദുല്ല പുനരുപയോഗ ഊർജ സിറ്റി, സൗദി ഇലക്ട്രിസിറ്റി കമ്പനി, ഗൾഫ് ലബോറട്ടറി ഫോർ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയാണ് നിയമ നിർമാണത്തെ കുറിച്ച് പഠിക്കുന്നത്. സൗരോർജ ഉൽപാദന മേഖലക്ക് ആവശ്യമായ സോളാർ പാലനലുകൾ അടക്കമുള്ള ഉൽപന്നങ്ങൾ സൗദിയിലെ നിരവധി ഫാക്ടറികൾ നിർമിക്കുന്നുണ്ട്. സൗരോർജ ഉൽപന്നങ്ങളുടെ കാര്യക്ഷമത വർധിച്ചുവരികയും വില കുറഞ്ഞുവരികയുമാണ്.
സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ പ്രവർത്തന നിലവാരം മൂല്യനിർണയം നടത്തുന്നതിനുള്ള 26 മാനദണ്ഡങ്ങൾ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ഓരോ വരിക്കാരനും വർഷത്തിൽ വൈദ്യുതി വിതരണം മുടങ്ങുന്ന തവണകളുടെ ശരാശരി എണ്ണം, ഓരോ ഉപയോക്താവിനും വർഷത്തിൽ വൈദ്യുതി മുടങ്ങുന്ന സമയത്തിന്റെ ശരാശരി എന്നിവ അടക്കമുള്ള മാനദണ്ഡങ്ങളാണ് തയാറാക്കിയിരിക്കുന്നത്.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ വൻകിട നഗരങ്ങളിൽ വൈദ്യുതി പ്രവഹിക്കുന്നത് തൃപ്തികരമായ തോതിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ചില ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഇടക്കിടക്ക് തടസ്സപ്പെടുന്നുണ്ട്. വൈദ്യുതി വിതരണം മുടങ്ങുന്നതിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് വ്യവസ്ഥയുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്ന ഓരോ മൂന്നു മണിക്കൂറിനും 75 റിയാൽ തോതിൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനി ബാധ്യസ്ഥമാണെന്നും ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി ഗവർണർ ഡോ. അബ്ദുല്ല അൽശഹ്‌രി പറഞ്ഞു.