കൊച്ചി- ലോകത്തൊട്ടാകെ നിരോധനമുള്ള അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുടെ വന്‍ശേഖരം സിനിമാ സീരിയല്‍ നടി അശ്വതി ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ അതീവ രഹസ്യമായി ഇവര്‍ മയക്കു മരുന്ന് പാര്‍ട്ടിയും ലഹരി വില്‍പ്പനയും നടത്തി വരികയായിരുന്നു. മണിക്കൂറുകളോളം ഉന്മാദാവസ്ഥയിലാക്കുന്ന മാരക ലഹരിയായ എം.ഡി.എം.എയുടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ശേഖരവും ഇവിടെ നിന്ന് പോലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഞായറാഴ്ച വൈകുന്നേരം നടിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയത്. ഇവരെ പോലീസ് കസ്്റ്റഡിയിലെടുത്തു. നടിയുടെ ഡ്രൈവറും സഹായിയുമായ ബിനോയ് എബ്രഹാമിനേയും പോലീസ് പിടികൂടിയിട്ടുണ്ട്. ബെംഗളുരുവില്‍ നിന്നാണ് നടി മയക്കു മരുന്ന് സംഘടിപ്പിച്ചിരുന്നത്. ബിനോയ് ആണ് ഇത് കൊച്ചിയിലെത്തിച്ചിരുന്നത്. ഒരു ഗ്രാമിന് രണ്ടായിരും രൂപയോളം വിലവരുന്ന ലഹരി മരുന്നാണിത്. സിനിമയില്‍ ചെറിയ രീതിയില്‍ അഭിനയിച്ച അശ്വതി ബാബു സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങഇയതോടെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി.
സെപ്തംബര്‍ 29ന് കൊച്ചിയില്‍ 200 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്ന് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കുറിയര്‍ സര്‍വീസ് മുഖേന കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയായിരുന്നു. കൊച്ചിയില്‍ പലയിടത്തും രഹസ്യ കേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടികളും കൂടെ എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മാരക ലഹരി വില്‍പ്പനയും നടക്കുന്നുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. മണിക്കൂറുകളോളം ലഹരി ലഭിക്കുന്ന ഈ മരുന്നുകള്‍ക്ക് യുവാക്കള്‍ക്കിടയില്‍ ആവശ്യക്കാരേറിയതായും അധികൃതര്‍ സൂചിപ്പിക്കുന്നു.