കേരളത്തിൽ സിനിമയുടെ ചരിത്രത്തിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്നത് 1965 ലാണ്. അടൂർ ഗോപാലകൃഷ്ണനും, സുഹൃത്ത് കുളത്തൂർ ഭാസ്‌കരൻ നായരും ചേർന്ന് സ്ഥാപിച്ച ചിത്രലേഖ ഫിലിം സൊസൈറ്റി മലയാളിയുടെ ചലചിത്ര സംവേദന ശീലത്തെ മെല്ലെ, മെല്ലെ മാറ്റി മറിക്കുകയായിരുന്നു. അടൂരിന്റെ സ്വയംവരവും, കൊടിയേറ്റവുമെല്ലാം കണ്ട മലയാളി പതിവ് ചേരുവകളൊന്നുമില്ലാത്തതിനാൽ ' ഹൊ അതൊക്കെ ബുദ്ധിജീവി സിനിമ ' എന്ന് പറഞ്ഞ് മാറിനടക്കുകയായിരുന്നു. 1972ൽ ദേശീയ അവാർഡ് കിട്ടിയപ്പോഴാണ് സ്വയംവരം പ്രദർശന വിജയം നേടിയത്.
സമാനമായതെന്ന് പറയാൻ പറ്റില്ലെങ്കിലും തിരുവനന്തപുരത്ത് തുടക്കം കുറിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് കേരളത്തിന്റെ ചലച്ചിത്ര ചരിത്രത്തിലെ മറ്റൊരു പ്രധാന ഘട്ടം. മേളക്ക് ഇപ്പോൾ 23 വയസ്സായി. തുടങ്ങിയ കാലത്തെ പരിമിതാവസ്ഥയും, ഇന്ന് മേള കൈവരിച്ച വളർച്ചയും ഓർത്തുവെക്കുന്നവരാണ് തലസ്ഥാനത്തെയും, കേരളത്തിലെയും ചലച്ചിത്ര പ്രവർത്തകരും കലാ സ്‌നേഹികളും. കാൽ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെക്കാൻ പോകുന്ന ഐ.എഫ്.എഫ്.കെ കേരളീയ സമൂഹത്തിലേക്ക് ഇറക്കി കൊണ്ടുവന്ന മാറ്റങ്ങൾ എണ്ണി തിട്ടപ്പെടുത്താനാകാത്ത വിധം വലുതായിരിക്കും. സിനിമയെന്താണെന്നും, ലോക സമൂഹത്തിൽ അത് വരുത്തിവെച്ചതും, ഇനി വരുത്താനിരിക്കുന്നതുമായ പരിവർത്തനങ്ങൾ എന്തൊക്കെയെന്നും പോയ വർഷങ്ങളിലെ മേളകൾ പറഞ്ഞു തന്നു. കാറ്റും വെളിച്ചവും കടക്കാത്ത സമൂഹത്തിലേക്ക് മാറ്റത്തിന്റെ കാറ്റെത്തിക്കുന്നത് തന്നെ എത്രയോ പ്രധാനമായ സംഗതിയാണ്. എല്ലാതരം മതിലുകളും ഇല്ലാതായി, ലോകം ഒന്നാകുന്ന ഇടങ്ങളാണ് വർഷാവർഷം നടക്കുന്ന മേളകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യരുടെ വേദനക്കും സന്തോഷത്തിനും പ്രാദേശിക വ്യത്യാസമില്ലെന്ന് പച്ചയായി പറഞ്ഞു തരുന്ന കാര്യത്തിൽ സിനിമ പോലൊരു ദൃശ്യമാധ്യമത്തിന്റെ സാധ്യത എത്രയോ വലുതാണ്. കേരളം അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിൽപ്പെട്ടുവെന്നറിഞ്ഞപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിഭകൾ എങ്ങിനെ പ്രതികരിച്ചുവെന്നറിയുമ്പോൾ തന്നെ മനുഷ്യനന്മയിലുള്ള വിശ്വാസം വർദ്ധിക്കും. കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയപ്പോൾ പ്രദർശന നിരക്കിന്റെ കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കാൻ മാത്രമുള്ള വലിയ മനസ്സുണ്ടായ കലാകാരന്മാരുടെ സൃഷ്ടികളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേരളം മേളയിൽ കണ്ടത്. അഭയാർഥികളുടെ വേദനയും, അതിർത്തികൾ വരച്ച് മനുഷ്യരെ പരസ്പരം അറുത്ത് മാറ്റുന്നതിന്റെ തീരാ പ്രശ്‌നങ്ങളും അഭ്രപാളികളിൽ കാണുന്ന പ്രേക്ഷകർ അതുവഴി അകലെയെവിടെയോ ഉള്ള സഹജീവിയുടെ വിചാരങ്ങൾക്കൊപ്പം ചേരുന്നതു പോലെ ഉദാത്തമായി മറ്റെന്തുണ്ട്? നോക്കൂ, സിനിമയിലെ വേദനിക്കുന്ന കുട്ടി തന്റെ കുഞ്ഞിനെപ്പോലെയുണ്ടല്ലോ എന്ന് ഉള്ളുരുകുന്ന പ്രേക്ഷകന്റെ മനസിലുണ്ടാക്കുന്ന മാറ്റം , കണ്ണിലെ കണ്ണീർ, അതാണ് മേളയുടെ വിജയമുദ്ര. നിർബന്ധാവസ്ഥയിൽ ചെലവ് ചുരുക്കി നടത്തിയ മേള പോയ വർഷ കാലാവധിയിൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ലോകസിനിമകളൊന്നും ഒഴിവാക്കിയിരുന്നില്ലെന്നത് മേള സംഘാടകരുടെ മികവാണ് പ്രകടമാക്കുന്നത്.
സുവർണചകോരം നേടിയത് ഇറാനിയൻ ചിത്രമായ ദി ഡാർക്ക് റൂമാണെന്നത് ഈ വസ്തുതശരിവെക്കുന്നു. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അഞ്ച് വയസുള്ള മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താൻ മാതാപിതാക്കൾ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയത്. സങ്കീർണമായ പ്രമേയം എങ്ങനെ ഏച്ചുകെട്ടലുകളില്ലാതെ ചലച്ചിത്ര കാവ്യമാക്കാമെന്ന് റൗഹള്ള കാണിച്ചു തരുന്നു. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച സംവിധായകനുള്ള രജതചകോരത്തിന് മലയാളിയായ ലിജോ ജോസ് പെല്ലിശ്ശേരിയും അർഹനായി-ചിത്രം ഇ.മ.യൗ. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രമേയമാക്കിയ ചിത്രം ഗോവൻ ചലച്ചിത്രമേളയിലും മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 5 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ നേടി.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കർ ( ചിത്രം ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്)ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശവും നേടി. ബിയാട്രിസ് സഗ്‌നറുടെ ദി സൈലൻസ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആർ. മോഹനൻ എൻഡോവ്‌മെന്റ് അമിതാഭ ചാറ്റർജി സംവിധാനം ചെയ്ത മനോഹർ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാൽ സംവിധാനം ചെയ്ത ബിലാത്തിക്കുഴൽ ഈ വിഭാഗത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി സിനിമകളുടെ നിലവാരത്തിൽ വിട്ടുവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അവാർഡ് ലഭിച്ച സിനിമകളുടെ നിലവാരം കൊണ്ട് വീണ്ടും വ്യക്തമാവുന്നു.
മേള വിജയത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചത് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ്. ഇവരിൽ അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീനാപോളിന്റെ പേർ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. മേള നടത്തിപ്പിന്റെ അനുഭവങ്ങളാണ് അവരുടെ കരുത്ത്.