ചരിത്രബോധമില്ലാത്ത ജനതയാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന് പറയാറുണ്ട്. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളും ഫ്രഞ്ച് വിപ്ലവവും യൂറോപ്പിലെ നവോത്ഥാനവും പഠിച്ചിട്ട് പ്രായോഗിക ജീവിതത്തിലെന്ത് കാര്യമെന്ന് സംശയിക്കുന്നവരുണ്ട്. അവരെ മൈൻഡ് ചെയ്യേണ്ട. ടാൻ തീറ്റയും കോസ് തീറ്റയും ഇൻഡഗ്രലും ട്രിഗ്‌നോമെട്രിയും എല്ലാവരും പഠിക്കാറില്ലേ. അതിന്റെ കാര്യം ഏതാനും എൻജിനീയർമാർക്ക് മാത്രമെന്ന് പറഞ്ഞ് നമ്മാളാരും മാറി നിൽക്കാറില്ല. ഒരു ജനതയുടെ ജീവിതരീതി മനസ്സിലാവണമെങ്കിൽ അവരുടെ ചരിത്രത്തെ പറ്റി വ്യക്തമായ ധാരണ വേണം. ചരിത്രത്തെ നിസ്സാരമാക്കി തള്ളുന്ന ചിലരുടെ വാദമാണ് വിചിത്രം. പണ്ടു കാലത്ത് കോളേജിൽ ഡിഗ്രിയ്ക്ക് ചേരുമ്പോൾ യോഗ്യതാ പരീക്ഷയിൽ ഏറ്റവും മാർക്ക് കുറഞ്ഞവർക്ക് ലഭിക്കുന്ന വിഷയമാണ് പോലും ബി.എ ഹിസ്റ്ററി. കുട്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാക്കൾ തെരഞ്ഞെടുക്കുന്നതും ഹിസ്റ്ററിയായിരിക്കും. അവസാനം കുത്തിയിരുന്ന് മിനക്കെട്ടാൽ ചുളുവിൽ പാസാവാമെന്നതാണ് ആകർഷണം. കാമ്പസുകളിൽ നിന്ന് കാമ്പസുകളിലേക്ക് പാറി നടന്ന് കുട്ടികളെ ഉദ്ബുദ്ധരാക്കാൻ ക്ലാസ് കട്ട് ചെയ്താലും വലിയ കുഴപ്പമില്ലെന്ന് ചുരുക്കം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് കേന്ദ്ര സർക്കാർ വിത്തെടുത്ത് കുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടതായിരുന്നു ആഴ്ചകൾക്കപ്പുറത്തെ ന്യൂസ്. അത് കഴിഞ്ഞ് ഉർജിത് പട്ടേൽ രാജി വെച്ചൊഴിയാൻ ഊർജിതമായി ശ്രമിച്ചു. ഒടുവിലത് യാഥാർഥ്യമായപ്പോഴാണ് ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ശക്തികാന്ത ദാസിനെ മോഡി സർക്കാർ കൊണ്ടുവന്നത്. നോട്ട് റദ്ദാക്കൽ മുതൽ സകല ചരിത്ര മുഹൂർത്തങ്ങളിലും സർക്കാരിനൊപ്പം സഞ്ചരിച്ച മഹദ് വ്യക്തി. മൂപ്പരെ ആർ.ബി.ഐ ഗവർണറാക്കിയത് ചിലർക്ക് അത്രക്കങ്ങ് രസിച്ചിട്ടില്ല. ചരിത്രത്തിന്റെ പ്രാധാന്യമറിയാത്ത കൂട്ടർ. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയ്ക്കുള്ള യോഗ്യതയും പുതിയ ഗവർണർക്കുണ്ട്. അദ്ദേഹവും ഐ.എ.എസുകാരനാണ്.
ശക്തികാന്ത ദാസിനെ റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി നിയമിച്ചതിനെ വിമർശിച്ച് എഴുത്തുകാരനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എൻ.എസ് മാധവൻ. പുതിയ ആർ.ബി.ഐ ഗവർണർ ചരിത്രകാരനാണ്. അതുകൊണ്ട് ആർ.ബി.ഐ ഉടൻ ചരിത്രമാകുമെന്നാണ് എൻ.എസ് മാധവന്റെ ട്വീറ്റ്. സാമ്പത്തിക രംഗവുമായി വലിയ ബന്ധമില്ലാത്ത ചരിത്രകാരനായ ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ആർ.ബി.ഐ പോലും പരാജയമാണെന്ന് സമ്മതിച്ച നോട്ട് നിരോധനത്തെ ന്യായീകരിച്ച ശക്തികാന്ത ദാസിന്റെ ഏക യോഗ്യത മോഡി ഭക്തിയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
*** *** ***
പ്രൊഫ. എം.എൻ വിജയൻ തലശ്ശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകനായിരുന്നു. സർക്കസ്, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോൾ മുതൽ സകല കളിയും അരങ്ങേറുന്ന നാട്. പ്രസംഗവും വിമർശനവുമായി നടക്കുന്നതിനിടെ വിജയൻ മാഷ് ഫുട്‌ബോൾ കളിച്ചിട്ടില്ലെന്ന് ആർക്കാണുറപ്പ്. മന്ത്രി ഇ.പി ജയരാജൻ ഐ.എം വിജയനെന്ന പേര് മാറി പന്തുകളിക്കാരൻ എം.എൻ വിജയനെന്ന് പറഞ്ഞു പോയതൊന്നുമല്ല. മൂപ്പരോടാണോ കളി? മൂർഖൻപറമ്പിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലോകത്തിന്റെ നാനാ ഭാഗത്തേക്ക് വിമാനങ്ങൾ ചറപറാ പറന്ന് തുടങ്ങുന്നതോടെ ഇതൊരു ട്രാൻസിസ്റ്റർ പോയന്റായി മാറുമെന്ന് എത്ര പേർക്കറിയാം? പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാവിനെ അദ്ദേഹം ഇപ്പോൾ നമുക്കൊപ്പമില്ലായെന്ന് വേദനയോടെ അനുസ്മരിക്കാൻ ജയരാജനല്ലാതെ മറ്റാർക്ക് സാധിക്കും?
മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയോട് വിയോജിക്കുന്നവരിൽ പോലും മതിപ്പ് സൃഷ്ടിച്ചു കൊണ്ടാണ് യൂത്ത് ലീഗിന്റെ യാത്ര കടന്നു വരുന്നത്. കാസർകോട് നിന്നാരംഭിച്ച ജാഥയ്ക്ക് വടക്കൻ കേരളത്തിലെ ചില അമ്പലങ്ങളിൽ വരെ സ്വീകരണം ലഭിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കൊപ്പം നിൽക്കുന്ന ചിത്രം പത്രങ്ങളിലുണ്ടായിരുന്നു. കേരളം കുട്ടിച്ചോറാക്കാൻ ചിലർ ഉത്സാഹിക്കുമ്പോൾ ഇത്തരം കാഴ്ചകൾ കുളിർമ പകരുന്നതാണ്.
ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ചരിത്ര വിജയം നേടിയ ഘട്ടത്തിൽ ആവേശം മൂത്ത പി.കെ.ഫിറോസിന് പിണഞ്ഞ നിസ്സാരമായ രണ്ട് അബദ്ധങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ആഘോഷിക്കപ്പെട്ടത്. യൂത്ത് ലീഗ് നടത്തുന്ന മാർച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി.കെ ഫിറോസ് അബദ്ധങ്ങൾ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാ ഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമാണ് പി.കെ ഫിറോസ് പ്രസംഗത്തിൽ പറയുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് ചെന്നൈക്കടുത്ത ശ്രീപെരുമ്പുത്തൂരിൽ വെച്ചായിരുന്നുവെന്നത് ഫിറോസിന് തെറ്റാൻ പാടില്ലായിരുന്നു. നെഹ്‌റു-ഗാന്ധി കുടുംബങ്ങളെ പറ്റി അബദ്ധ ധാരണ വെച്ചു പുലർത്തുന്ന ലക്ഷക്കണക്കിന് ആളുകളെങ്കിലുമുണ്ടാവും. ഫിറോസിന്റെ പ്രസംഗത്തിൽ തെറ്റുണ്ടോയെന്ന് ഭൂതക്കണ്ണാടി വെച്ചു നോക്കുന്നവരെ പരിഹസിച്ചുള്ള ട്രോളും രസകരമായി. കണ്ണൂർ എയർപോർട്ട് ഉദ്ഘാടന വേളയിൽ മതിലിലേന്തി കാഴ്ച കാണുന്ന നാല് പേരെയാണ് രസകരമായി എഡിറ്റ് ചെയ്തത്. മൂന്ന് മുസ്‌ലിം ഗ്രൂപ്പുകളായും സി.പി.എമ്മുമായാണ് ഇവരെ ചിത്രീകരിച്ചത്. ആധുനിക സാങ്കേതിക വിദ്യയ്ക്ക് എത്ര പെട്ടെന്നാണ് സ്വീകാര്യത വർധിച്ചത്?
*** *** ***
ഫഌവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരമ്പരയിൽ സ്ത്രീകൾ തല്ലുന്ന രംഗങ്ങൾ വരെയുണ്ട്. ഇതിലെ അഭിഭാഷകയായ കഥാപാത്രം ബന്ധത്തിലെ മറ്റൊരു വനിതയെ പാഠം പഠിപ്പിക്കാൻ തീരുമാനിക്കുന്നു. ഇടത്തരം ഹിന്ദു കുടുംബത്തിലാണ് വക്കീൽ. നൗഫലിന്റെ വീട്ടിൽ ചെന്ന് താമസിച്ച അവളെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ഒരു സംഭാഷണം. കേരളമായത് കൊണ്ട് കുഴപ്പമില്ല. ഇവിടെ മാത്യുവും നാരായണനും സുബൈറും ഒരുമിച്ച് സൗഹൃദത്തോടെ കഴിയുകയാണല്ലോ. ഉത്തരേന്ത്യയിൽ സിനിമ വരെ സദാചാര വാദികളുടെ സ്‌കാനറിലൂടെ കടത്തിവിട്ടേ പ്രദർശിപ്പിക്കാൻ അനുവദിക്കുകയുള്ളൂ.
സുശാന്ത് സിംഗ് രാജ്പുത്, സാറ അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ബോളിവുഡ് ചലച്ചിത്രം കേദാർനാഥ് ഗതികേടിലാണ്. ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിലാണ് ചിത്രത്തിനു നിരോധനം ഏർപ്പെടുത്തിയത്. ഹിന്ദു-മുസ്‌ലിം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സംഘപരിവാർ കേന്ദ്രങ്ങളുടെ ആരോപണം.
2013ൽ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ ചിത്രമാണ് 'കേദാർനാഥ്'. കേദാർനാഥ് ക്ഷേത്രത്തിലെ ഭക്തരെ സഹായിക്കുന്ന മുസ്‌ലിം യുവാവും അവിടെ ദർശനത്തിന് എത്തുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംസ്ഥാന ടൂറിസം മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇവർ ചിത്രം കണ്ടതിന് ശേഷമെടുത്ത തീരുമാന പ്രകാരമാണ് നിരോധനം.
ഡിസംബർ ഏഴിന് റിലീസായ ചിത്രത്തിന് ഇന്ത്യയിലെങ്ങും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
*** *** ***
കൊമേഡിയനായി ഉത്തരേന്ത്യയിൽ വൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് കപിൽ ശർമ്മ. 'കപിൽ ഷോ' എന്ന പരിപാടിയിലൂടെ ബോളിവുഡിൽ ചുവടുവെച്ച കപിൽ ശർമ്മയുടെ വിവാഹമാണ് ബോളിവുഡിലെ സംസാര വിഷയം. ജലന്ധർ സ്വദേശിയും നടിയുമായ ഗിന്നി ചത്രത്തിനെയാണ് കപിൽ വിവാഹം ചെയ്തത്. ഭക്ഷണപ്രിയരായ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് ചർച്ചാ വിഷയമായി. ഭക്ഷണക്കാര്യത്തിൽ ആർഭാടമായി ഇരുവരുടെയും വിവാഹം. ഒരു പെട്ടി മധുരവുമായാണ് കപിൽ-ഗിന്നി ക്ഷണക്കത്ത് പ്രിയപ്പെട്ടവരെ തേടിയെത്തിയത്. ക്ഷണക്കത്തിനൊപ്പം മധുരം നിറച്ച പെട്ടി നൽകുന്നത് വടക്കേ ഇന്ത്യയിൽ ചടങ്ങുകളുടെ ഭാഗമാണ്. വൈവിധ്യമാർന്ന മധുര പലഹാരങ്ങൾ നിറച്ച വലിയ പെട്ടി നൽകി എന്നതാണ് കപിൽ-ഗിന്നി വിവാഹ ക്ഷണക്കത്തിനെ വ്യത്യസ്തമാക്കിയത്. വെറും മധുരം മാത്രമല്ല, ഉണക്കിയ 'ഫ്രൂട്ട്‌സ്', 'നട്ട്‌സ്' ഇവയെല്ലാം നിറച്ച മധുരമാണ് പെട്ടിയിലുള്ളത്. ക്ഷണക്കത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പങ്ക് വെച്ചത്. ഡിസംബർ 12 നായിരുന്നു ഇരുവരുടെയും വിവാഹം.
*** *** ***
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ദൃശ്യ മാധ്യമങ്ങൾ പരമാവധി ആഘോഷിച്ചു. ദേശീയ ചാനലുകളായ ടൈംസ് നൗ, റിപ്പബ്ലിക്, ഇന്ത്യാ ടുഡേ എന്നിവയുടെ സർവേ ഫലങ്ങൾ ഏതാണ്ട് കൃത്യത പാലിച്ചുവെന്നും കാണാം. ബി.ജെ.പിയെ എപ്പോഴും പിന്തുണക്കാറുള്ള അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കാണ് ഛത്തീസ്ഗഢിൽ ബി.ജെ.പിക്ക് കാലിടറുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചത്.
മലയാളത്തിലെ ന്യൂസ് ചാനലുകളിൽ തുടക്കക്കാരനായ 24 മികച്ച കവറേജാണ് കാഴ്ച വെച്ചത്. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള ലൈവ് കവറേജിന് നല്ല ചടുലതയുണ്ടായിരുന്നു. ഏഷ്യാനെറ്റ് വിട്ടു കൊടുക്കാൻ തയാറായിരുന്നില്ല. ന്യൂസ് 18 സന്ദർഭം വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ല. 24 ലെ വാർത്തകളിൽ കല്ലുകടി തുടരുകയാണ്. തുർക്കി മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ.... ന്യൂസ് കാപ്‌സ്യൂളിൽ കേട്ടതാണ്. ആ തുടക്കമല്ലേ. ഇതെല്ലാം സ്വാഭാവികം.