Sorry, you need to enable JavaScript to visit this website.

കൊമ്പും വമ്പും കാട്ടി പേടിപ്പിക്കരുത്- കെ.ടി ജലീൽ

കോഴിക്കോട്- ബന്ധുനിയമന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.ടി ജലീൽ. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ വിമർശനം ഉന്നയിച്ച ലീഗ് നേതാക്കൾ നിയമസഭയിൽ അക്കാര്യം മിണ്ടാതെ ആരോപണം ഉന്നയിക്കാൻ കോൺഗ്രസ് പ്രതിനിധി കെ. മുരളീധരനെ ഏൽപ്പിക്കുകയായിരുന്നുവെന്നും ജലീൽ ആരോപിച്ചു. ലീഗായിരുന്നു നിയമസഭയിൽ ആരോപണം ഉന്നയിച്ചതെങ്കിൽ മലപ്പുറത്ത് കൊടുത്തതിനേക്കാളും ഉശിരൻ മറുപടി നിയമസഭയിൽ നൽകുമായിരുന്നുവെന്നും ജലീൽ പറഞ്ഞു.
ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അങ്ങനെ മല എലിയെ പ്രസവിച്ചു. എന്തൊക്കെയായിരുന്നു പുകിൽ. ബോഫേഴ്‌സിനും റഫേലിനും ശവപ്പെട്ടി കുംഭകോണത്തിനും ശേഷം രാജ്യം കണ്ട ഭീകര അഴിമതി എന്ന നിലയിലായിരുന്നു കേവലമൊരു ഡെപ്യൂട്ടേഷൻ നിയമനം എന്റെ പഴയ സഹപ്രവർത്തകർ കൊണ്ടാടിയത്. അതിന് എരുവും പുളിയും നൽകാൻ മററു ചിലരും ഒത്തു ചേർന്നപ്പോൾ 'ഏഴു വൻദോഷങ്ങളിൽ' പെട്ട കുറ്റം തന്നെയെന്ന് പാവം ലീഗണികളും ധരിച്ചു. ഞാൻ കരുതിയത് ലീഗിന്റെ 'സിങ്ക'ക്കുട്ടികളിൽ ആരെങ്കിലുമാകും ആറ്റു നോറ്റു കിട്ടിയ 'നിധി' സഭയിൽ അവതരിപ്പിക്കുക എന്നാണ്. അവസാനം ശൂന്യമായ ആ ഭാണ്ഡം സമർത്ഥമായി മുരളീധരന്റെ തോളിലിട്ട് മാറി നിന്ന് ലീഗ് അംഗങ്ങൾ ഊറിച്ചിരിക്കുന്ന കാഴ്ച രസകരമായിരുന്നു. ഇങ്ങിനെയെങ്കിൽ വിഷയം നേരത്തെ തന്നെ യൂത്ത് കോൺഗ്രസ്സിനെ ഏൽപിച്ചു തടിതപ്പാമായിരുന്നില്ലേ എന്ന് ലീഗ് ബെഞ്ചിൽ ആരോ അടക്കം പറയുന്നതും കേട്ടു. 
സഭയിൽ ലീഗിന്റെ വില്ലാളി വീരൻമാർ പ്രശ്‌നം ഉയർത്തിയാൽ മലപ്പുറത്ത് ''കൊടുത്ത'തിന്റെ ബാക്കി തിരുവനന്തപുരത്ത് കൊടുക്കാമെന്ന് കരുതി സൂക്ഷിച്ചുവെച്ചത് മിച്ചം.
കറുത്ത തുണിക്കഷ്ണങ്ങൾ വീശിയോ ബഹിഷ്‌കരണം നടത്തിയോ ഒരാളെയും തോൽപിക്കാനാവില്ല. 2006ൽ ലീഗിന്റെ പൊന്നാപുരം കോട്ടയിൽ യൂത്ത്‌ലീഗുകാരുടെ മൂത്താപ്പനെ മുട്ടുകുത്തിച്ചതിന് ശേഷം എല്ലാ യു.ഡി.എഫ് തദ്ദേശ സ്ഥാപനങ്ങളും സ്ഥലം എം.എൽ.എ എന്ന നിലയിൽ എന്നെ അഞ്ചു വർഷവും ബഹിഷ്‌കരിച്ചു. ആ ബഹിഷ്‌കരണ കാലമായിരുന്നു കുറ്റിപ്പുറത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും സുവർണ്ണകാലം. സംരക്ഷകരായി പോലീസും പട്ടാളവുമൊക്കെ മന്ത്രി എന്ന നിലയിൽ ഇപ്പോഴല്ലെ? അതൊന്നും ഇല്ലാതിരുന്ന കാലത്തും തല ഉയർത്തിപ്പിടിച്ച് നെഞ്ചും വിരിച്ച് സധൈര്യം നടന്നും വാഹനത്തിലുമൊക്കെ മലപ്പുറത്തിന്റെ ഹൃദയഭൂമിയിലൂടെ പോയിട്ടുണ്ട് ഈയുള്ളവൻ. കൊമ്പും വമ്പും കാട്ടി അന്ന് പേടിപ്പിക്കാൻ നോക്കിയിട്ട് പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ. കേവലം ഒരു വർഷത്തേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തെരുവിൽ നാക്കിട്ടടിക്കുകയല്ല വേണ്ടത്. വെളിപ്പെട്ടതും വെളിപ്പെടാനിരിക്കുന്നതുമായ തെളിവുകളുടെ കെട്ടുമായി പത്രസമ്മേളനം നടത്തി ചർവിതചർവണം നടത്താതെ നീതിന്യായ കോടതികളെ സമീപിക്കുകയാണ് ചെയ്യേണ്ടത്. വിജിലൻസിൽ പരാതി കൊടുത്തപ്പോൾ ഒപ്പ് പോലും ഇടാൻ 'മറന്നു' പോയവർക്കറിയാം ഇമ്മിണി വലിയ കേസിന്റെ ഗതിയെന്താകുമെന്ന്.
എന്നെ കള്ളനെന്നും അഴിമതിക്കാരനെന്നും വിളിച്ച് അധിക്ഷേപിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ : ഈ ഭൂമി ലോകത്ത് ജീവിച്ചിരിക്കുന്ന ഏതെങ്കിലുമൊരാളുടെ കയ്യിൽ നിന്ന് പത്തു പൈസ ഞാൻ കൈക്കൂലി വാങ്ങിയെന്നോ, സ്വന്തം നേതൃത്വം നൽകി നടത്തുന്ന കച്ചവട സംരഭത്തിലേക്ക് ആരുടെ കയ്യിൽ നിന്നെങ്കിലും ഷെയർ പിരിച്ചെന്നോ, റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ ഇടനിലക്കാരനായി നിന്ന് ആരിൽ നിന്നെങ്കിലും പണം തട്ടിയെന്നോ, ഏതെങ്കിലും സ്ഥാപനങ്ങളുടെ ഔദാര്യം സ്വന്തം ആവശ്യത്തിന് പറ്റിയെന്നോ, കൂട്ടു ബിസിനസിൽ സഹപ്രവർത്തകരായ പങ്കാളികളെ പറ്റിച്ചെന്നോ, ആരുടെ കയ്യിൽ നിന്നെങ്കിലും കടമായിട്ടെങ്കിലും വാങ്ങിയ വകയിൽ പത്ത് പൈസ തിരിച്ചു നൽകാനുണ്ടെന്നോ ലോകത്തെവിടെയെങ്കിലും ജീവിച്ചിരിക്കുന്ന ഒരാൾ ഈ പോസ്റ്റിനടിയിൽ സത്യസന്ധമായി കമന്റിട്ട് തെളിവുകളുമായോ സാക്ഷികളുമായോ സമീപിച്ചാൽ അവർക്കത് പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു നൽകുമെന്ന് മാത്രമല്ല പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് ഉറക്കെ ഉൽഘോഷിക്കാൻ എനിക്കശേഷം മടിയില്ല. ഇങ്ങിനെ പറയാൻ ധൈര്യമുള്ള എത്ര മൂത്തലീഗ് നേതാക്കളുണ്ടിവിടെ? യൂത്ത് ലീഗിന്റെ എത്ര ചങ്കൂറ്റമുള്ള വെല്ലുവിളി വീരൻമാരുണ്ടിവിടെ? 'ക്ഷമിക്കുക, നിശ്ചയമായും ക്ഷമാശീലരുടെ കൂടെയാണ് ദൈവം' (വിശുദ്ധ ഖുർആൻ).
 

Latest News