ഖുൻഫുദ- ഇന്ന് രാവിലെ ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു മകനെ വിദഗ്ദ പരിശോധനക്കായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് കാലത്ത് 10 മണിക്കാണ് അപകടം. ഖുൻഫുദയിൽനിന്ന് ഷക്കീക്കിലേക്ക് പോകുമ്പോൾ സവാൽഹയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. മൃതദേഹം ഖുൻഫുദയിൽനിന്ന് അറുപത് കിലോമീറ്റർ അകലെ ഹലി ജൂനൂബ് ആശുപത്രിയിൽ.
ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരിക്കില്ല. രണ്ടുദിവസം മുമ്പാണ് കുടുംബം സന്ദർശക വിസയിൽ സൗദിയിലെത്തിയത്. ഷക്കീക്കിലേക്ക് ഇസ്ഹാഖിന്റെ സഹോദരനെ കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.