Sorry, you need to enable JavaScript to visit this website.

ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് ആദ്യ കീരീടം; പി.വി സിന്ധു ചരിത്രമെഴുതി

ഗ്വാങ്ചൗ- ലോകത്തെ മുന്‍നിര താരങ്ങള്‍ മാത്രം അണിനിരക്കുന്ന ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് മിന്നും ജയം. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് എന്ന ഈ ലോക കിരീടമണിയുന്നത്. ജാപനീസ് താരം നൊസോമി ഓകുഹാരയെ നേരിട്ടുള്ള ഗെയ്മുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-19, 21-17. ഓകുഹാര-സിന്ധു പോരാട്ടം ഇത് ആദ്യമായല്ല. ഈ കിരീട നേട്ടത്തിന് സിന്ധുവിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. സിന്ധുവിന് ശ്വാസം വിടാന്‍ പോലും അവസരം നല്‍കാത്ത കളിയാണ് ഓകുഹാര പുറത്തെടുത്തത്. ഓകുഹാര ലോക അഞ്ചാം നമ്പര്‍ താരവും സിന്ധു ആറാം നമ്പര്‍ താരവുമാണ്. മുന്‍ ടൂര്‍ണമെന്റുകളില്‍ ഓകുഹാരയോട് തുടര്‍ച്ചായായി പരാജയപ്പെട്ട സിന്ധു ക്ഷമയോടെയാണ് കളിച്ചത്. രണ്ട് ഗെയിമുകളിലും വേഗതയേറിയ തുടക്കമിട്ട സിന്ധു മികച്ച മുന്നേറ്റം നടത്തി എങ്കിലും ഓകുഹാര പൊരുതി സിന്ധുവിന് തൊട്ടടുത്ത് വരെ എത്തി. രണ്ടു ഗെയിമുകളിലും ആധിപത്യം പുലര്‍ത്താന്‍ സിന്ധുവിന് കഴിഞ്ഞു.

2016 റിയോ ഒളിംപ്ക്‌സില്‍ വെള്ളി മെഡല്‍ നേടിയ സിന്ധുവിന്  മികച്ച ഫോം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് വലിയ ലോക കിരീടങ്ങളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കിരീടം നഷ്ടമായ സിന്ധുവിന് രണ്ടു തവണ ലോക ചാംപ്യന്‍ഷിപ്പും നഷ്ടമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഈ സൂപ്പര്‍ സ്റ്റാര്‍ പരാജയക്കഥളൊക്കെ മറന്നാണ് ചൈനയില്‍ കളിച്ചത്.

ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് വര്‍ഷാവസാനം നടക്കുന്ന വാര്‍ഷിക ബാഡ്മിന്റന്‍ ടൂര്‍ണമെന്റാണ്. ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂറിന്റെ ഭാഗമായി 37 ടൂര്‍ണമെന്റുകളില്‍ ഒരോ വര്‍ഷവും പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന മുന്‍നിര താരങ്ങള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റാണിത്.
 

Latest News