ചാവക്കാട്- ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് ഭർതൃവീട്ടുകാർ മുങ്ങി. ചേറ്റുവ ചാന്തുവീട്ടിൽ ബഷീർ മകൾ ഫാത്തിമ എന്ന സജ്‌നയുടെ (22) മൃതദേഹമാണ് ഭർതൃവീട്ടുകാർ ആശുപത്രിയിൽ ഉപേക്ഷിച്ചത്. ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പം വീട്ടിൽ റഷീദാണ് ഭർത്താവ്. ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് തലകറങ്ങിയതാണെന്നു പറഞ്ഞ് സജ്‌നയെ മുതുവട്ടൂർ രാജ ആശുപത്രിയിൽ കൊണ്ടുവരുന്നത്. ഈ സമയം സജ്‌ന മരണപ്പെട്ടിരുന്നു. മരിച്ച വിവരം ഡോക്ടർ പറഞ്ഞപ്പോൾ മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമം ഭർതൃവീട്ടുകാർ നടത്തി. എന്നാൽ കഴുത്തിൽ പാടുള്ളതിനാൽ ഡോക്ടർ മൃതദേഹം വിട്ടുകൊടുക്കാതെ കണ്ടാനശേരി പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസിൽ വിവരം അറിയിച്ചതോടെ ഭർതൃവീട്ടുകാർ സ്ഥലം വിട്ടു. എന്നാൽ ഭർതൃവീട്ടുകാരിൽ ആരോ സജ്‌ന ആശുപത്രിയിലാണെന്നും, പിന്നീട് മരണപ്പെട്ടെന്നുമുള്ള വിവരം ചേറ്റുവയിലെ സജ്‌നയുടെ വീട്ടുകാരെ അറിയിച്ചതായി പറയുന്നു. വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോൾ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. ഭർത്താവോ, ബന്ധുക്കളോ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ നിന്നും സ്ഥലം വിട്ട ഇവരുടെ ഫോണുകളെല്ലാം സ്വിച്ചോഫായിരുന്നു. സജ്‌നയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരുന്നു. ഭർതൃവീട്ടിലെ പീഡനമാണ് മകളുടെ മരണത്തിനു കാരണമെന്ന് പിതാവ് പരാതിപ്പെട്ടിട്ടുണ്ട്. ഇന്ന് ആർ.ഡി.ഒ ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
മാതാവ്: റസിയ. സഹോദരി: സുഹറ. റഹിയാനടക്കം നാലു മാസം പ്രായമായ മകളും ഉണ്ട്. നാലുവർഷം മുമ്പാണ് സജ്‌നയും റഷീദും വിവാഹിതരായത്. വിവാഹ സമയം 18 പവൻ ആഭരണങ്ങളും, ഒരു ലക്ഷം രൂപയും നൽകിയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ തന്നെ ആഭരണങ്ങൾ ഭർതൃവീട്ടുകാർ എടുത്തിരുന്നു. റഷീദ് മദ്യപാന സ്വഭാവിയായിരുന്നു എന്ന് പറയുന്നു. റഷീദും ഭർതൃമാതാവും സജ്‌നയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് ഭർതൃവീട്ടിൽ പ്രശ്‌നങ്ങൾ നടന്നിരുന്നതായി സജ്‌ന വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടിലേക്കു പോരണമെന്നും ഉമ്മാനെ പറഞ്ഞു വിടാനുമാണ് പിതാവിനോട് ഫോണിൽ പറഞ്ഞത്. വാർക്ക പണിക്കു പോകുന്ന പിതാവ് വൈകീട്ട് വീട്ടിലെത്തി വരാമെന്നും മറുപടി നൽകിയതായിരുന്നു. ഇതിനിടയിലാണ് മൂന്നര മണിയോടെ മകളുടെ മരണ വിവരം രക്ഷിതാക്കൾ അറിയുന്നത്. ഭർതൃവീട്ടിലെ പീഡനം സഹിക്കാതെ സജ്‌ന തൂങ്ങിമരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്.