Sorry, you need to enable JavaScript to visit this website.

ഹർത്താലുകളെ നേരിടാനുറച്ച് ചാലക്കമ്പോളത്തിലെ വ്യാപാരികൾ

തിരുവനന്തപുരം - തുടർച്ചയായുണ്ടാകുന്ന ഹർത്താലുകളെ നേരിടാൻ ഒറ്റക്കെട്ടായി ചാലക്കമ്പോളത്തിലെ വ്യാപാരികൾ. കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികൾ സംഘടിച്ച് ഹർത്താലിനെ നേരിടാൻ തുടങ്ങിയതിന് സമാനമായാണ് ചാലയിലും വ്യാപാരികൾ സംഘടിച്ചിരിക്കുന്നത്. 
തുടർച്ചയായുണ്ടാകുന്ന ഹർത്താലുകൾ വ്യാപാര മേഖലക്ക് കടുത്ത ആഘാതമാണുണ്ടാക്കുന്നത്. മുൻകൂട്ടി അറിയിക്കാതെ ഹർത്താലുകൾ പെട്ടെന്ന് പ്രഖ്യാപിക്കുന്നതും കനത്ത നഷ്ടമാണ് വ്യാപാരികൾക്കുണ്ടാക്കുന്നത്. ഇതോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അനുമതിയില്ലാതെ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾ കണക്കിലെടുക്കില്ലെന്നാണ് ചാലയിലെ വ്യാപാരികളുടെ തീരുമാനം. ഹർത്താലുകളിൽ കടകളെല്ലാം തുറന്ന് പ്രവർത്തിക്കും. ഗൗരവതരമായ കാരണങ്ങളാൽ ആഹ്വാനം ചെയ്യുന്ന ഹർത്താലുകളോട് മാത്രം സഹകരിക്കും. വ്യാപാര മേഖലയെ തകർക്കുന്ന രീതിക്ക് മാറ്റം വരണമെന്നും ചാലയിലെ വ്യാപാരികൾ പറയുന്നു. സ്ഥാപനങ്ങൾ അടച്ചിടുന്നത് ഭയംകൊണ്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടി. 
ഹർത്താലുകളിൽ തുറന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അക്രമങ്ങളുണ്ടാതിരിക്കാൻ സർക്കാരിൽനിന്നും സഹകരണവും സഹായങ്ങളും ഉണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. 2500 ഓളം വ്യാപാര സ്ഥാപനങ്ങളാണ് ചാലക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്നത്.

 

Latest News