ജിദ്ദ - നഗരത്തിലെ രണ്ടു ജ്വല്ലറികളിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണമേന്മാ മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായ 26 കിലോ തൂക്കം വരുന്ന 5,671 ആഭരണങ്ങൾ പിടിച്ചെടുത്തു. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ഇറക്കുമതി വ്യാപാരിയുടെയും നിർമാതാവിന്റെയും ട്രേഡ്മാർക്കുകൾ മുദ്രണം ചെയ്യാത്തതിനാണ് ആഭരണങ്ങൾ പിടിച്ചെടുത്തത്.
നിശ്ചിത കാരറ്റ് വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനക്കായി ആഭരണങ്ങളുടെ സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് രണ്ടു ജ്വല്ലറികളുടെയും ഉടമകൾക്കും നടത്തിപ്പുകാർക്കുമെതിരായ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സൗദിയിൽ ആഭരണ നിർമാതാക്കളും ഇറക്കുമതി വ്യാപാരികളും അവരുടെ ട്രേഡ് മാർക്കുകൾ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യലും ഈ ട്രേഡ് മാർക്ക് മുഴുവൻ ആഭരണങ്ങളിലും മുദ്രണം ചെയ്യലും നിർബന്ധമാണ്. സൗദിയിൽ നിർമിക്കുന്ന ആഭരണങ്ങൾക്കും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ആഭരണങ്ങളുടെയുടെയും അമൂല്യ കല്ലുകളുടെയും തൂക്കത്തിലോ ഇനത്തിലോ കാരറ്റിലോ കൃത്രിമം കാണിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവും നാലു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.
വ്യാജ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച റിയാദിലെ ജ്വല്ലറിയിൽനിന്ന് ട്രേഡ് മാർക്ക് മുദ്രണം ചെയ്യാത്ത മൂവായിരത്തോളം ആഭരണങ്ങൾ കഴിഞ്ഞയാഴ്ച വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടിച്ചെടുത്തിരുന്നു. ജ്വല്ലറിയുടെ ഉടമകൾക്കെതിരായ കേസും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ആഭരണ ഇടപാടുകൾക്ക് ബില്ലുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ബില്ലുകളിൽ സ്ഥാപനത്തിന്റെ ലൈസൻസ് നമ്പർ, ഇടപാട് നടത്തുന്ന തീയതി, വില, തൂക്കം, ഇനം എന്നിവയെല്ലാം രേഖപ്പെടുത്തൽ നിർബന്ധമാണ്. ഇത് ലംഘിക്കുന്ന ജ്വല്ലറികൾക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കും.