Sorry, you need to enable JavaScript to visit this website.

2019 യുഎഇയില്‍ സഹിഷ്ണുതാ വര്‍ഷം

അബുദബി- 2019 യുഎഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ശനിയാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയെ ലോകത്തിന്റെ സഹിഷ്ണുതയുടെ തലസ്ഥാനമായി ഉയര്‍ത്താനാണു പദ്ധതി. ഇതിനായി പുതിയ നയങ്ങളും നിയമങ്ങളും കൊണ്ടു വരും. പ്രാദേശിക, മേഖലാ, രാജ്യാന്തര രംഗങ്ങളില്‍ സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലും സമാധാന ശ്രമങ്ങളിലും യുഎഇയുടെ പങ്ക് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ വര്‍ഷമായാണ് 2018 ആചരിച്ചത്. ശൈഖ് സായിദ് യുഎഇ ജനതയ്ക്കു കൈമാറിയ സഹിഷണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇത്. ഇതിന്റെ തുടര്‍ച്ചയായിരിക്കും സഹിഷ്ണുതാ വര്‍ഷാചരണമെന്നും ശൈഖ് ഖലീഫ അറിയിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളും പിന്തുടരുന്ന ലോകത്തൊട്ടാകെയുള്ള ജനങ്ങള്‍ക്കു മുമ്പില്‍ സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്ന തുറന്ന സമൂഹമായി മുന്നേറാനുള്ള യുഎഇയുടെ ദേശീയ ശ്രമങ്ങളായിരിക്കും സഹിഷ്ണുതാ വര്‍ഷാഘോഷമെന്നും പ്രസിഡന്റ് പറഞ്ഞു.

സഹിഷ്ണുതയും സാമൂഹിക ബോധവും കൂടുതല്‍ ഉറപ്പിക്കുന്നതിനും ഈ മൂല്യങ്ങള്‍ യുവജനങ്ങള്‍ക്കും ഭാവിതലമുറയ്ക്കുമിടയില്‍ പ്രചരിപ്പിക്കുന്നതിനുമുള്ള നയങ്ങളായിരിക്കും സര്‍ക്കാരിന്റേതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.

Latest News