റിയാദ് - വിദേശികള്‍ക്കുള്ള പുതിയ ലെവികളും മൂല്യവര്‍ധിത നികുതിയും നടപ്പാക്കിയതിനു പിന്നാലെ സൗദിയില്‍ ഈ വര്‍ഷം കാര്‍ വില്‍പന 20 ശതമാനം കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 2,89,000 കാറുകളാണ് വില്‍പനയായത്. മാന്ദ്യം മറികടക്കുന്നതിനും വില്‍പന ഉയര്‍ത്തുന്നതിനും കാര്‍ ഏജന്‍സികള്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കയാണ്.
ഓഫര്‍ പ്രകാരം വില 20 ശതമാനത്തിലേറെയാണ് ഏജന്‍സികള്‍ കുറച്ചിരിക്കുന്നത്. പുതുവര്‍ഷത്തിനു മുമ്പായി ഓഫറുകള്‍ പ്രഖ്യാപിച്ച് പഴയ മോഡല്‍ കാറുകള്‍ വിറ്റൊഴിവാക്കാനാണ് ഏജന്‍സികളുടെ ശ്രമം. പുതിയ മോഡലുകള്‍ എത്തുന്നതിനു മുമ്പായി നിലവിലുള്ള മോഡലുകള്‍ വിറ്റൊഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം എല്ലാ വിഭാഗത്തില്‍ പെട്ട കാറുകളുടെയും വില്‍പന കുറഞ്ഞിട്ടുണ്ടെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ കാര്‍ ഏജന്‍സി കമ്മിറ്റി പ്രസിഡന്റ് ഉവൈദ അല്‍ജുഹനി പറഞ്ഞു. മാന്ദ്യം വാഹന വിപണിയെ ബാധിച്ചിട്ടുണ്ട്. മൂല്യവര്‍ധിത നികുതി, വിദേശികള്‍ക്കുള്ള ലെവി, കാര്‍ ഏജന്‍സികളിലെ സൗദിവല്‍ക്കരണം എന്നിവയെല്ലാം മാന്ദ്യത്തിന് കാരണമാണ്. വലിയ തോതിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി പഴയ മോഡല്‍ കാറുകളുടെ വില്‍പന ഇപ്പോള്‍ പത്തു ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ടെന്ന് ഉവൈദ അല്‍ജുഹനി പറഞ്ഞു.