റിയാദ് - ദക്ഷിണ അതിർത്തി വഴി മയക്കുമരുന്ന് കടത്തിയ 614 പേരെ സുരക്ഷാ സേന പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ സെന്റർ ഡയറക്ടർ ലെഫ്. കേണൽ ത്വലാൽ അൽശൽഹൂബ് അറിയിച്ചു. ജിസാൻ, അസീർ പ്രവിശ്യകളിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തത്. അതിർത്തിയിലെ മലമ്പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ 5,132 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി.
മയക്കുമരുന്ന് വിതരണത്തിലൂടെ സമ്പാദിച്ചതാണെന്ന് സംശയിച്ച് നാലേകാൽ ലക്ഷത്തിലേറെ റിയാൽ സുരക്ഷാ സൈനികർ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തിനും നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകുന്നതിനും മറ്റും ഉപയോഗിച്ച 627 വാഹനങ്ങളും സുരക്ഷാ സൈനികർ കസ്റ്റഡിയിലെടുത്തു. സുരക്ഷാ സൈനികരുടെ പിടിയിലായവരുടെ പക്കൽ നിന്ന് 332 കിലോ ഹഷീഷും 122 തോക്കുകളും 31,757 വെടിയുണ്ടകളും പിടിച്ചെടുത്തതായും ലെഫ്. കേണൽ ത്വലാൽ അൽശൽഹൂബ് പറഞ്ഞു.