തിരുവനന്തപുരം- ലൈംഗികപീഡന കേസിൽ ആരോപണവിധേയനായ പി.കെ ശശി എം.എൽ.എയെ പിന്തുണച്ച് സി.പി.എം അന്വേഷണ കമ്മീഷൻ റിപോർട്ട്. അതേസമയം, ആരെയും വെള്ളപൂശിയിട്ടില്ലെന്നും എല്ലാ വശവും കേട്ടാണ് റിപോർട്ട് തയ്യാറാക്കിയതെന്നും അന്വേഷണ സമിതി അംഗം പി.കെ ശ്രീമതി ടീച്ചർ വ്യക്തമാക്കി. പാർട്ടി ഓഫീസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന സ്ത്രീയുടെ പരാതി ശരിയല്ലെന്നും ശശി പരാതിക്കാരിക്ക് അയ്യായിരം രൂപ നൽകിയത് സംഘടന ചെലവിനാണെന്നും റിപോർട്ടിൽ പറയുന്നു. ശശിക്കെതിരെ യുവതി പരാതി നൽകാൻ വൈകിയെന്നും കമ്മീഷൻ കണ്ടെത്തി. യുവതിയുടെ പരാതി ഗൂഢാലോചനയാണെന്ന് പല നേതാക്കളും മൊഴി നൽകിയെന്നും സംഭവം നടന്നുവെന്ന് യുവതി പറഞ്ഞ ദിവസം പാർട്ടി ഓഫീസിൽ നിറയെ ആളുകളുണ്ടായിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തി. സംഘടനയുടെ ഒരു ഫോറത്തിലും യുവതി പരാതി ഉന്നയിച്ചില്ല. ഒരു മുതിർന്ന നേതാവിന് യോജിക്കാത്ത തരത്തിലുള്ള സംസാരമാണ് യുവതിയോട് ശശി നടത്തിയതെന്നും ഇതിനാണ് ആറുമാസത്തെ സസ്‌പെൻഷൻ നൽകാൻ ശുപാർശ ചെയ്യുന്നത്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണവും കമ്മീഷൻ തള്ളി.അതേസമയം, ആരെയും വെള്ളപൂശിയിട്ടില്ലെന്നും മുഴുവൻ കാര്യങ്ങൾ പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്നും പി.കെ ശ്രീമതി ടീച്ചർ എം.പി പറഞ്ഞു.