പയ്യന്നൂർ- മുൻ പ്രവാസിയെ പെൺകെണിയിൽ വീഴ്ത്തി സ്വത്തു തട്ടിയെടുത്ത സംഭവത്തിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിങ്ങോം വയക്കര സ്വദേശി കണ്ണൂക്കാരത്തി ഹൈദരലിയുടെ (65) പരാതിയിൽ വയക്കരയിലെ വസ്തു ബ്രോക്കർ തോട്ടുങ്കൽ വിജയൻ (50), വയക്കരയിലെ മേനോത്ത് നസീമ (40) എന്നിവർക്കെതിരെയാണ് ചെറുപുഴ പോലീസ് കേസെടുത്തത്. പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ചാണ് നടപടി.
ഹൈദരലിയുടെ ഉടമസ്ഥതയിൽ വയക്കരയിലുള്ള ഇരുപത്തിയേഴര സെന്റ് സ്ഥലവും വീടും വിജയനും നസീമയും ചേർന്ന് തട്ടിയെടുത്തുവെന്നാണ് പരാതി. ഹൈദരലിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നസീമ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഗൾഫിൽ നിന്നും അവധിയിൽ നാട്ടിലെത്തിയ സമയത്ത് നസീമ, ഹൈദരലിയെ ഫോൺ ചെയ്തു വീട്ടിലേക്കു വിളിച്ചു വരുത്തുകയും ഹൈദരലിയെ പ്രലോഭിപ്പിച്ച് വിവസ്ത്രനാക്കുകയും നസീമ സ്വയം വസ്ത്രങ്ങൾ അഴിച്ചു മാറ്റുകയും ചെയ്തുവെന്നും, ഈ സമയത്ത് വീട്ടിനകത്ത് ഒളിച്ചിരുന്ന വിജയൻ, ഈ ദൃശ്യങ്ങൽ ക്യാമറയിൽ പകർത്തുകയും പിന്നീട് ഇത് പ്രചരിപ്പക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
മാനഹാനി ഭയന്ന് ഈ സംഭവം ആരോടും പറഞ്ഞില്ല. എന്നാൽ പിന്നീട് ഈ സ്ഥലം വിൽക്കാൻ ഭാര്യ ആവശ്യപ്പെട്ടു. പിന്നീട് ഭാര്യ തന്നെ ഒരു ഏജന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഹൈദരലി ഭാര്യയോട് വിവരം പറഞ്ഞതും കോടതിയിൽ പരാതി നൽകിയതും. നേരത്തെ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. ഉന്നത രാഷ്ട്രീയ നേതാക്കൾ ഇടപെട്ടാണ് നടപടിയെടുക്കുന്നതിൽ നിന്നും പോലീസിനെ പിന്തിരിപ്പിച്ചത്.