റിയാദ് - വൈദ്യുതി ബില്ലുകളിൽ പിഴവുകൾ സംഭവിക്കുന്നതായി സാമ്പിൾ പഠനത്തിലും പരിശോധനയിലും കണ്ടെത്തിയിട്ടുണ്ടെന്ന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി ഗവർണർ അബ്ദുല്ല അൽശഹ്‌രി പറഞ്ഞു. ചില മീറ്ററുകളിൽ തകരാറുകളുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ വൈദ്യുതി മീറ്ററുകളും പരിശോധിക്കാൻ തീരുമാനിച്ചു. മീറ്ററുകളിലെ തകരാറുകൾ മൂലം ബില്ലുകളിൽ പരമാവധി 400 റിയാൽ വരെയാണ് വർധനവുള്ളത്. പശ്ചാത്തല സൗകര്യങ്ങളുടെയും മീറ്റർ റീഡിംഗിന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി തീവ്രശ്രമമാണ് നടത്തുന്നത്.
സൗദിയിൽ 90 ലക്ഷം വൈദ്യുതി വരിക്കാരുണ്ട്. അതുകൊണ്ടു തന്നെ പിഴവുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് മീറ്ററുകളുടെ സാമ്പിൾ പരിശോധന നടത്തുന്നതിന് അതോറിറ്റി തീരുമാനിക്കുകയായിരുന്നു. സൗദിയിൽ 15,000 മീറ്ററുകളാണ് പരിശോധിച്ചത്. ഇതിൽ ചില മീറ്ററുകളിൽ പിഴവുകളും തകരാറുകളും കണ്ടെത്തി. ബിൽ റീഡിംഗുമായി ബന്ധപ്പെട്ട പിഴവകുൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുകയാണ് പോംവഴി. റീഡറുടെ ആവശ്യമില്ലാതെ കേന്ദ്രീകൃത രീതിയിൽ മീറ്റർ റീഡിംഗ് എടുക്കുന്നതിനും ഓട്ടോമാറ്റിക് ആയി ബില്ലുകൾ ഇഷ്യു ചെയ്യുന്നതിനും സഹായിക്കുന്ന സ്മാർട്ട് മീറ്ററുകൾ വൈകാതെ സ്ഥാപിക്കും. രണ്ടു വർഷത്തിനുള്ളിൽ പഴയ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് ശ്രമം.
ബിൽ റീഡിംഗിൽ പിഴവുകളില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ പ്രവർത്തനം അതോറിറ്റി നിരീക്ഷിച്ചുവരികയാണ്. പിഴവുകൾ കണ്ടെത്തിയാൽ അവ ഉടനടി പരിഹരിക്കും. സൗദിയിലെ 97 ശതമാനം ഭവനങ്ങളിലും വൈദ്യുതി സേവനമുണ്ട്. ചില ചെറു ഗ്രാമങ്ങളിൽ വൈദ്യുതി സേവനം ഇനിയും എത്തിയിട്ടില്ല. വൈദ്യുതി ഉപഭോക്താക്കൾക്കുള്ള പ്രീപെയ്ഡ് കാർഡ് സംവിധാനം നടപ്പാക്കുന്നതിന് രണ്ടു മുതൽ മൂന്നു വരെ വർഷം വേണ്ടിവരുമെന്നും അബ്ദുല്ല അൽശഹ്‌രി പറഞ്ഞു.