കണ്ണൂർ - തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിന്റെ പേരിൽ സാക്ഷികളിൽ ചിലരെ പേരെടുത്തു പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്തിയ ലീഗ് നേതാവ് കെ.എം.ഷാജി നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
കോടതിയിൽ കേസ് തോറ്റതിന്റെ പേരിൽ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നതും തെറി വിളിക്കുന്നതും എന്തിനെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ വ്യക്തമാക്കണം. ഇതിന്റെ പേരിൽ സ്വമേധയാ കേസെടുത്ത പോലീസ് നടപടി ശ്ലാഘനീയവും നിയമ വ്യവസ്ഥ ഉയർത്തിപ്പിടിക്കുന്നതുമാണ്. അഴീക്കോട് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ചട്ടം ലംഘിച്ച് യു.ഡി.എഫ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി പരാതികൾ തെരഞ്ഞെടുപ്പു കമ്മീഷനു നൽകുകയുണ്ടായി. പെരുമാറ്റചട്ട ലംഘനം പരിശോധിക്കുന്നതിനു ചുമതലയുള്ള എ.ഡി.എം, എം. ദിനേശനു ലഭിച്ച പരാതിയെത്തുടർന്നാണ് പോലീസും മറ്റു ഉദ്യോഗസ്ഥരും നിയമ വിരുദ്ധ പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുക്കാൻ തയ്യാറായത്. അതിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ്, പുല്ലൂപ്പി, വളപട്ടണം, തങ്ങൾവയൽ, ചിറക്കൽ, കരിയാട് എന്നിവിടങ്ങളിലും വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് മനോരമയുടെ വീട്ടിലും തെരച്ചിൽ നടത്തി ഇവിടെ നിന്നെല്ലാം പ്രസ്സിന്റെ പേരു പോലും ഇല്ലാത്ത നിയമ വിരുദ്ധ നോട്ടീസുകൾ പിടിച്ചെടുത്തു. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർഥി നികേഷ് കുമാറിനെ വ്യക്തിഹത്യ നടത്തുന്നതും മതവിരോധം പ്രചരിപ്പിക്കുന്നതുമായ വിവിധ തരത്തിലുള്ള പത്തോളം നോട്ടീസുകളും ഉണ്ടായിരുന്നു. ഇവയാകെ കോടതിയിൽ സമർപ്പിച്ചതും കോടതി സഗൗരവം പരിഗണിച്ചതുമാണ്.
കെ.എം.ഷാജി ഇപ്പോൾ പറയുന്നത് പഞ്ചായത്ത് പ്രസിഡണ്ട് മനോരമയുടെ വീട്ടിൽ നിന്നും മേൽപറഞ്ഞ നോട്ടീസുകൾ പിടിച്ചെടുത്തിട്ടില്ലെന്നും സി.പി.എം പ്രവർത്തകർ നേരിട്ട് ഹാജരാക്കിയതാണെന്നുമാണ്. അങ്ങിനെയെങ്കിൽ കോടതിയിൽനിന്നും സമൻസ് ലഭിച്ചിട്ടും ഷാജി പറയുന്നതുപോലെ മൊഴി നൽകാൻ എന്തുകൊണ്ട് കോൺഗ്രസ് നേതാവ് മനോരമ തയ്യാറായില്ല.?
ക്രിമിനൽ കേസുകളിൽ സത്യസന്ധമായി കോടതി മുറിയിൽ മൊഴി കൊടുക്കുന്ന സാക്ഷികളെ ഭയപ്പെടുത്തുന്നതിനു ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് തയ്യാറാവുന്നത് അപലപനീയമാണ്. സുപ്രിം കോടതി സാക്ഷി സുരക്ഷ പദ്ധതി നടപ്പാക്കുന്നതിനു സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകിയിരിക്കയാണ്. ലീഗ് നേതാവ് സുപ്രിം കോടതിയിൽ അപ്പീൽ ഹരജി നൽകിയ ഒരാൾ കൂടിയാണ്. കോടതിയിൽ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനു പകരം പൊതുയോഗം വിളിച്ചുകൂട്ടി ഹൈക്കോടതി വിധിക്കെതിരെ വെല്ലുവിളി ഉയർത്തുന്നത് ശരിയല്ല.
യു.ഡി.എഫ് ഗവൺമെന്റിന്റെ കാലത്താണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ ഉദ്യോഗസ്ഥരാണ് നിയമവിരുദ്ധ നോട്ടീസുകൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 പ്രകാരവും ജനപ്രാതിനിധ്യ നിയമം 123 പ്രകാരവും കേസ് എടുത്തത്. അതനുസരിച്ച് കോടതിയിൽ മൊഴി നൽകിയ ഉദ്യോഗസ്ഥരെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെ നക്കാപ്പിച്ചക്കു വേണ്ടി മൊഴി നൽകിയതാണെന്ന് അധിക്ഷേപിക്കുന്നത് കോടതി വിധിയെ തന്നെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നു ജയരാജൻ പറഞ്ഞു.