ജിദ്ദ - വിവിധ സുരക്ഷാ വകുപ്പുകൾ സഹകരിച്ച് ജിദ്ദയിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിൽ നിരവധി നിയമ ലംഘകർ പിടിയിലായി. നിയമ ലംഘകർ നടത്തിയിരുന്ന അനധികൃത റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂനിറ്റും റെയ്ഡിനിടെ കണ്ടെത്തി. ദേശീയ സുരക്ഷാ ഏജൻസി, പ്രത്യേക ദൗത്യസേന, പട്രോൾ പോലീസ്, കുറ്റാന്വേഷണ വകുപ്പ്, ട്രാഫിക് പോലീസ്, സിവിൽ ഡിഫൻസ്, മുജാഹിദീൻ സുരക്ഷാ സേന, സൗദി ഇലക്ട്രിസിറ്റി കമ്പനി, റെഡ് ക്രസന്റ്, വാണിജ്യ, നിക്ഷേപ മന്ത്രാലയം, ജിദ്ദ നഗരസഭ എന്നിവ സഹകരിച്ചാണ് റെയ്ഡ് നടത്തിയത്.
അൽഥഗർ, കന്ദറ, അൽസുബൈൽ ഡിസ്ട്രിക്ടുകളിൽ നിയമ ലംഘകർ കഴിയുന്ന കെട്ടിടങ്ങൾ മുൻകൂട്ടി നിർണയിച്ച ശേഷമായിരുന്നു റെയ്ഡ്. രാത്രി പന്ത്രണ്ടു മണിക്ക് ആരംഭിച്ച റെയ്ഡ് പുലർച്ചെ അഞ്ചു മണി വരെ നീണ്ടു. റെയ്ഡിനിടെ മുന്നൂറിലേറെ നിയമ ലംഘകരാണ് പിടിയിലായത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നിയമ ലംഘകർക്ക് കെട്ടിടങ്ങൾ വാടകക്ക് നൽകിയവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് വിളിപ്പിക്കുന്നതിന് കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്.