കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഞായറാഴ്ച മുതൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. എയർ ഇന്ത്യാ എക്‌സ്പ്രസ് എല്ലാ ദിവസവും രണ്ട് രാജ്യാന്തര സർവീസുകൾ നടത്തും. ഗോ എയർ എല്ലാ ദിവസവും ഡൊമസ്റ്റിക് സർവീസുകളും നടത്തും. അതിനിടെ വിമാനത്താവളത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി തുടങ്ങി.
അബുദാബി, ഷാർജ, റിയാദ്, ദോഹ എന്നിവിടങ്ങളലേക്കാണ് എയർ ഇന്ത്യാ എക്‌സ്പ്രസ് സർവീസ് നടത്തുക. വെള്ളി, ശനി ദിവസങ്ങളിൽ ഷാർജയിലേക്കും ഞായർ, വ്യാഴം ദിവസങ്ങളിൽ അബുദാബി, റിയാദ് എന്നിവിടങ്ങളിലേക്കും ശനിയാഴ്ച ദോഹയിലേക്കുമാണ് സർവീസ്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, എന്നിവിടങ്ങളിലേക്കാണ് ഗോ എയർ സർവീസ് നടത്തുക.
അതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി തുടങ്ങി. ദോഹയിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യാ എക്‌സ്പ്രസ് സർവീസ് ഇന്നലെ മുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ നടപടി. തിരുവനന്തപുരത്തു നിന്നും വിമാനമെത്തിച്ചാണ് ഇന്നലെ രാവിലെ ദോഹയിലേക്കുള്ള സർവീസ് ആരംഭിച്ചത്. അതിനിടെ ബുധനാഴ്ച ദോഹയിൽ നിന്നും കണ്ണൂരിലെത്തിയ യാത്രക്കാരുടെ ലഗേജ് ഇന്നലെയും ലഭിച്ചില്ല. ഇതേത്തുടർന്ന് യാത്രക്കാർ ബഹളമുണ്ടാക്കി. ഇന്നലെ ലഗേജ് എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതേസമയം, കണ്ണൂരിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ സുരക്ഷക്കായി കൂടുതൽ സി.ഐ.എസ്.എഫുകാരെത്തി. ആകെ ആവശ്യമായ 634 പേരിൽ അമ്പതു പേരായിരുന്നു ആദ്യ ഘട്ടത്തിൽ ചുമതലയേറ്റിരുന്നത്. രണ്ടാം ഘട്ടത്തിൽ കേരള, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നുള്ള 250 പേരെ നിയോഗിച്ചു. മൂന്നാം ഘട്ടത്തിൽ ഉത്തരേന്ത്യക്കാരായ സൈനികരെയാണ് നിയോഗിച്ചത്. കമാൻഡിംഗ് ഓഫീസർ ഡി.എസ്.ഡാനിയേൽ ധനരാജിന്റെ നേതൃത്വത്തിൽ മൂന്നു ഷിഫ്റ്റുകളിലായാണ് ഇവർ സേവനം അനുഷ്ഠിക്കുന്നത്. സി.ഐ.എസ്.എഫിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ 61 ാമത് വിമാനത്താവളമാണ് കണ്ണൂർ വിമാനത്താവളം.