കോഴിക്കോട് - മതത്തിലെ വിശ്വാസാചാരങ്ങൾ അംഗീകരിക്കാനാവാത്തവർ എതിർക്കുന്നതിന് പകരം പുറത്തു പോവുകയാണ് വേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റെ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇ.കെ അബൂബക്കർ മുസ്‌ലിയാർ സ്മാരക ഇസ്‌ലാമിക് സെന്ററിനു കീഴിലുള്ള കുറ്റിക്കാട്ടുർ ജാമിഅ യമാനിയ്യയുടെ പത്തൊമ്പതാമത് വാർഷിക ആറാം സനദ്ദാന സമ്മേളനക്കാര്യം അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മതത്തിൽ വിശ്വസിക്കുന്നവൻ ആ മതത്തിന്റെ എല്ലാ നിയമങ്ങൾക്കും കീഴ്‌പ്പെടുന്നുവെന്നാണ്. അതിന് വഴിപ്പെടാത്തവർക്ക് ആ മതത്തിൽ നിന്നും പുറത്തു പോകാം. അതിനാൽ വിശ്വാസം അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ല. മതത്തിന്റെ സർവ നിയമങ്ങളും താൻ അംഗീകരിക്കാൻ തയാറായതിനാലാണ് മതം സ്വീകരിക്കുന്നത്. ആരേയും നിർബന്ധിച്ചിട്ടില്ല. ഈ വിശ്വാസങ്ങൾ അംഗീകരിക്കാൻ തയാറല്ലെങ്കിൽ എതിർക്കുകയല്ല വേണ്ടത്. പുറത്തു പോകുകയാണ്.
കുറ്റിക്കാട്ടുർ ജാമിഅ യമാനിയ്യയുടെ വാർഷിക ആറാം സനദ് ദാന സമ്മേളനത്തിന് ഇന്ന് തുടക്കമാകുമെന്ന് തങ്ങൾ അറിയിച്ചു. വൈകീട്ട് 6.30ന് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ 9 മണി മുതൽ മൂന്നു മണിവരെ കോഴിക്കോട് ജില്ലാ മഹല്ല് സാരഥി സംഗമം നടക്കും. വൈകിട്ട് നാലിന് സുഹൃദ് സംഗമം എം.കെ രാഘവൻ എം.പിയുടെ അധ്യക്ഷതയിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാറക്കൽ അബ്ദുള്ള എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പി.എസ് ശ്രീധരൻ പിള്ള, ഓണമ്പള്ളി മുഹമ്മദ് ഫൈസി, പി.ടി.എ റഹീം എം.എൽ.എ സംബന്ധിക്കും. ഏഴ് മണിക്ക് ശംസുൽ ഉലമ ഉറൂസ് എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഖലീൽ ഹുദവി മുഖ്യപ്രഭാഷണം നടത്തും.
സമാപന ദിവസമായ 16ന് രാവിലെ ഒൻപത് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിൽ മുസ്തഫ ഫുദവി ആക്കോട് പ്രഭാഷണം നടത്തും.
സയ്യിദ് ഹംസ ബാഫഖി തങ്ങൾ, ആർ.വി കുട്ടി ഹസൻ ദാരിമി, മരക്കാർ ഹാജി, മുജീബു റഹ്മാൻ, കെ.പി കോയ, മാമുകോയ ഹാജി, സി.കെ.കെ മാണിയൂർ, ഇബ്രാഹിം മുറിച്ചാണ്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.