ജിസാൻ - ജിസാൻ പ്രവിശ്യയിലെ സ്വാംതയിൽ ഇന്നലെ രാവിലെ സൗദി പൗരൻ ഏഷ്യൻ വംശജരായ ശുചീകരണ തൊഴിലാളികൾക്കു നേരെ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സ്വാംത നഗരസഭക്കു കീഴിലെ ശുചീകരണ ജോലികളുടെ കരാറേറ്റെടുത്ത സ്വകാര്യ കമ്പനിക്കു കീഴിലെ തൊഴിലാളികൾക്കു നേരെ യന്ത്രത്തോക്ക് ഉപയോഗിച്ചാണ് 55 കാരൻ വെടിവെപ്പ് നടത്തിയത്. ശിരസ്സിനും കാലിനും വെടിയേറ്റ തൊഴിലാളിയെ സ്വാംത ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിന്നീട് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.
പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. സ്വാംതയിൽ പെട്ട അൽസഹിയിലെ അൽസബാക് ഗ്രാമത്തിലേക്ക് ജോലിക്ക് പോവുകയായിരുന്ന ശുചീകരണ തൊഴിലാളികളുടെ ലോറി ദൈഹമയിൽ വെച്ച് തടഞ്ഞുനിർത്തിയാണ് സൗദി പൗരൻ വെടിവെപ്പ് നടത്തിയത്. ലോറി നിർത്തിയ ഉടൻ പ്രതി തോക്ക് പുറത്തെടുത്ത് വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ വകുപ്പുകൾ സംഭവ സ്ഥലത്തു വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോലിയിൽ നിന്ന് വിരമിച്ചയാളാണ് പ്രതി. ഇയാളെ സുരക്ഷാ വകുപ്പുകൾ ചോദ്യം ചെയ്തുവരികയാണ്.
ഏതു രാജ്യത്തു നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് അറിവായിട്ടില്ല. അതേസമയം, അറബ് വംശജനായ സൂപ്പർവൈസറെ ലോറിയിൽ കാത്തുനിൽക്കുന്നതിനിടെയാണ് തങ്ങൾക്കു നേരെ സൗദി പൗരൻ വെടിവെപ്പ് നടത്തിയതെന്ന് പരിക്കേറ്റ തൊഴിലാളി വെളിപ്പെടുത്തിയതായി പരിക്കേറ്റ തൊഴിലാളിയുടെ നാട്ടുകാരൻ പറഞ്ഞു.