റിയാദ് - രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ മൊബൈലി സൗദി ജീവനക്കാരെ രാജിവെക്കാൻ പ്രേരിപ്പിക്കുന്നു. വലിയ തോതിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്താണ് ജീവനക്കാരെ സ്വമേധയാ രാജിവെക്കാൻ കമ്പനി പ്രേരിപ്പിക്കുന്നത്. ഉന്നത തസ്തികകൾ സൗദിവൽക്കരിക്കാത്തതിന് കമ്പനി അടുത്തിടെ ശിക്ഷാ നടപടികൾ നേരിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ജീവനക്കാരെ രാജിവെക്കാൻ കമ്പനി പ്രേരിപ്പിക്കുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്. ജോലി രാജിവെക്കുന്നവർക്ക് സർവീസ് ആനുകൂല്യത്തിനു പുറമെ മറ്റു ആനുകൂല്യങ്ങൾ കൂടി കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം അറിയിച്ചുള്ള ഓഫർ ലെറ്റർ തെരഞ്ഞെടുത്ത ജീവനക്കാർക്ക് കമ്പനി അയച്ചു. ഓഫർ സ്വീകരിച്ച് രാജിവെക്കൽ നിർബന്ധമല്ലെന്ന് കത്തിൽ കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും ഓഫർ സ്വീകരിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങൾ കത്തിലുണ്ട്. ഈ ഓഫർ ആവർത്തിക്കില്ലെന്നും തെരഞ്ഞെടുത്ത ജീവനക്കാർക്കു മാത്രമാണ് ഓഫർ ലഭിക്കുകയെന്നും വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതിനുള്ള അവസരമാണ് ഇത് എന്നും അടക്കമുള്ള വാചകങ്ങളാണ് ജീവനക്കാർക്ക് അയച്ച കത്തിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓഫർ സ്വീകരിക്കുന്ന ജീവനക്കാരുമായി കമ്പനി മാനവ ശേഷി വിഭാഗം അധികൃതർ ആശയ വിനിമയം നടത്തി ഓഫർ പ്രകാരം ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളുടെ വിശദാംശങ്ങൾ അറിയിക്കുമെന്ന് കമ്പനി പറഞ്ഞു. എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുകയെന്ന കാര്യം മുൻകൂട്ടി വെളിപ്പെടുത്താതെ ഇത്തരത്തിൽ ഒരു ഓഫർ ലെറ്റർ കമ്പനി കൈമാറിയത് പതിവ് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന് ജീവനക്കാർ പറഞ്ഞു. ദീർഘകാലം കമ്പനിയിൽ സേവനമനുഷ്ഠിച്ച ചില ജീവനക്കാർ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ട്. സർവീസ് ആനുകൂല്യത്തിനു പുറമെ മറ്റു ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് നിരവധി ജീവനക്കാരിൽ നിന്ന് അന്വേഷണങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഓഫർ കമ്പനി മുന്നോട്ടുവെച്ചതെന്ന് മൊബൈലി പറഞ്ഞു.
വിദേശികൾക്കു പകരം സൗദികളെ നിയമിച്ച് സൗദിവൽക്കരണം ഉയർത്തുന്നതിന് കമ്പനി ഊന്നൽ നൽകുമെന്നും മൊബൈലി പറഞ്ഞു. സി.ഇ.ഒ തസ്തിക അടക്കമുള്ള ഉന്നത തസ്തികകൾ സൗദിവൽക്കരിക്കാത്തതിന് രണ്ടു മാസം മുമ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ മൊബൈലിക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.