റിയാദ് - ആരോഗ്യ മേഖലയിൽ നാൽപതിനായിരത്തോളം സൗദികൾക്ക് രണ്ടു വർഷത്തിനിടെ തൊഴിൽ ലഭ്യമാക്കാൻ പദ്ധതി. ഈ ലക്ഷ്യത്തോടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും മാനവ ശേഷി വികസന നിധിയും കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സിനു കീഴിലെ ദേശീയ ആരോഗ്യ കമ്മിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു.
അടുത്ത വർഷാദ്യം മുതൽ 2020 അവസാനം വരെയുള്ള കാലത്ത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ പത്തിലേറെ സ്‌പെഷ്യലൈസേഷൻ മേഖലകളിൽ നാൽപതിനായിരത്തോളം സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് ധാരണാപത്രത്തിലൂടെ ഉന്നമിടുന്നത്. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, തൊഴിൽ, സാമൂഹിക വികസന മന്ത്രിയും മാനവ ശേഷി വികസന നിധി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ അഹ്മദ് അൽറാജ്ഹി, റോയൽ കോർട്ട് ഉപദേഷ്ടാവ് ഡോ. ഹമദ് ആലുശൈഖ്, മാനവ ശേഷി വികസന നിധി ഡയറക്ടർ ജനറൽ മുഹമ്മദ് അൽസുദൈരി, കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് വൈസ് പ്രസിഡന്റ് അബ്ദുല്ല അൽഉദൈം എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ സൗദിവൽക്കരണ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി എൻജിനീയർ ഗാസി അൽശഹ്‌റാനി, ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫയാദ് അൽദന്ദശി, മാനവ ശേഷി വികസന നിധി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജുംഅ അൽഅനസി, സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ ദേശീയ ആരോഗ്യ കമ്മിറ്റി പ്രസിഡന്റ് ഡോ. ഖാലിദ് അൽസുബൈഇ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നാലു വകുപ്പുകളും ധാരണാപത്രം ഒപ്പുവെച്ചത്. സ്വകാര്യ ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനും സൗദിവൽക്കരണ ശ്രമങ്ങൾ സ്വകാര്യ മേഖലയിൽ ചെലുത്തുന്ന സ്വാധീനവും പ്രതിഫലനങ്ങളും നിരീക്ഷിക്കുന്നതിനും സൗദിവൽക്കരണ ശ്രമങ്ങൾക്ക് സഹായകമായ നിയമങ്ങൾ നിർമിക്കുന്നതിനും നാലു വകുപ്പുകളും തമ്മിൽ ഏകോപനം നടത്തണമെന്ന് ധാരണാപത്രം അനുശാസിക്കുന്നു.
സ്വകാര്യ ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് സഹായകമായി, ഡിപ്ലോമ കോഴ്‌സുകൾ പൂർത്തിയാക്കിയ സൗദികൾക്ക് പരിശീലനം നൽകുകയും സ്വകാര്യ ആരോഗ്യ മേഖലയിൽ ലഭ്യമായ പ്രധാന സ്‌പെഷ്യലൈസേഷനുകളിൽ സൗദി ബിരുദധാരികളെ വാർത്തെടുക്കുന്നതിനുള്ള കോഴ്‌സുകൾക്ക് രൂപം നൽകുന്നതിന് സ്വകാര്യ ആരോഗ്യ മേഖലയും വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപനം നടത്തുകയും ചെയ്യും.
ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ലക്ഷ്യമിടുന്ന തൊഴിലുകളിൽ സൗദികളെ നിയമിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് മാനവശേഷി വികസന നിധിയിൽ നിന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. സ്വകാര്യ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ സ്വീകരിക്കുന്നതിന് സൗദി ഉദ്യോഗാർഥികളെ പ്രാപ്തരാക്കി മാറ്റുന്നതിന് പരിശീലനം നൽകുന്നതിനുള്ള പദ്ധതികളും മാനവ ശേഷി വികസന നിധി നടപ്പാക്കും. സൗദി ഉദ്യോഗാർഥികളെ കിട്ടാനില്ലാത്ത തൊഴിലുകൾ പ്രത്യേകം നിർണയിച്ച് ഈ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് വേഗത്തിൽ വിസകൾ അനുവദിക്കുന്നതിനും സൗദിവൽക്കരണ ശ്രമങ്ങൾക്ക് നേരിടുന്ന പ്രതിബന്ധങ്ങൾക്ക് പരിഹാരം കാണുന്നതിനും ധാരണാപത്രം ആവശ്യപ്പെടുന്നു.
സ്വകാര്യ ആരോഗ്യ മേഖലയിൽ ഫലപ്രദമായി സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള വിശദമായ പദ്ധതികൾ സമർപ്പിക്കുന്നതിന് നാലു വകുപ്പുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കർമ സമിതി രൂപീകരിക്കുന്നതിനും ധാരണയായിട്ടുണ്ട്. സൗദി ഉദ്യോഗാർഥികൾക്ക് ആകർഷകമായ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഊന്നൽ നൽകുന്നത്. ആരോഗ്യ മേഖലയിൽ പതിനായിരക്കണക്കിന് സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഒപ്പുവെച്ച ധാരണാപത്രത്തിന് സമാനമായി മറ്റു ചില മേഖലകളിലും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് പദ്ധതിയുണ്ട്.