ദുബായ്- പണമുണ്ടാക്കാനാണ് വിവിധ രാജ്യക്കാര്‍ യു.എ.ഇയില്‍ എത്തുന്നതെങ്കിലും ഭൂരിഭാഗം പേരും ലഭി
ക്കുന്ന പണം മുഴുവന്‍ ഇവിടെ തന്നെ ചെലവഴിക്കുകയാണെന്ന് പഠനം. പലരുടേയും വരുമാനം ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമേ മതിയാകുന്നുമുള്ളൂ. പത്തില്‍ എട്ടു പേരും ഭാവിയിലേക്ക് ഒന്നും കരുതിവെക്കുന്നില്ല. ഇവര്‍ ജോലിയില്‍നിന്ന് വിരമിച്ചാല്‍ വെറും കൈയോടെ മടങ്ങേണ്ടിവരും. പ്രായമായാല്‍ മക്കള്‍ പിന്തുണക്കുമെന്നാണ് ബഹുഭൂരിഭാഗം പേരും കരുതുന്നതെന്നും എച്ച്.എസ്.ബി.സി നടത്തിയ പഠനം വ്യക്തമാക്കുന്നു.
യു.എ.ഇയില്‍ ജോലി ചെയ്യുന്നവരില്‍ 76 ശതമാനം പേരും റിട്ടയര്‍മെന്റ് കാലത്തേക്ക് ഒന്നും കരുതിവെക്കുന്നില്ല. 24 ശതമാനം പേര്‍ക്ക് മാത്രമാണ് ഭാവിയെ കുറിച്ച് ആധിയുള്ളതും എന്തെങ്കിലുമൊക്ക മിച്ചംവെക്കുന്നതും. ജോലി ചെയ്ത് നേടുന്നത് ഇവിടെ തന്നെ ചെലവഴിച്ച് ജീവിതം ആസ്വദിക്കണമെന്ന് ചിന്തിക്കുന്നവരാണ് 43 ശതമാനമെന്നും പഠനത്തില്‍ പറയുന്നു.
യു.എ.ഇയിലെ പ്രവാസികളും സ്വദേശികളുമടക്കം 1115 പേര്‍ക്കിടയിലാണ് ബാങ്ക് സര്‍വേ നടത്തിയത്. ജോലി ചെയ്യാനാകാത്ത കാലത്ത് ജിവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് സേവിംഗ്‌സ് അത്യാവശ്യമാണെന്ന കാര്യത്തില്‍ ഭൂരിഭാഗം പേരും ബോധവാന്മാരല്ലെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.