Sorry, you need to enable JavaScript to visit this website.

ഷാജിയെ അയോഗ്യനാക്കിയ വിവാദ നോട്ടീസ്; ഉറവിടം തേടിയുള്ള ലീഗ് അന്വേഷണം വിജയത്തിലേക്ക്

കോഴിക്കോട്- മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കാൻ കാരണമായ വിവാദ ലഘുലേഖയുടെ ഉറവിടം തേടിയുള്ള ലീഗ് അന്വേഷണം വിജയത്തിലേക്ക്. വർഗീയ പരാമർശമടങ്ങിയ നോട്ടീസിന് പിന്നിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രാദേശിക സി.പി.എം നേതാവുമാണ് നോട്ടീസിന് പിന്നിലെന്ന ലീഗ് ആരോപണം തെളിയിക്കാനാകുമെന്ന് തന്നെയാണ് ലീഗ് കരുതുന്നത്. സി.പി.എമ്മും അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി നികേഷ് കുമാറുമാണ് നോട്ടീസിന് പിന്നിലെന്ന് കെ.എം ഷാജി നേരത്തെ തന്നെ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവ് മനോരമയുടെ വീട്ടിൽനിന്നാണ് നോട്ടീസ് പിടികൂടിയത് എന്ന വളപ്പട്ടണം എസ്.ഐ കോടതിയിൽ മൊഴി നൽകിയെങ്കിലും അത് തെറ്റാണെന്ന് നേരത്തെ വളപട്ടണം കോടതിയിൽ നൽകിയ മഹസറിൽ വ്യക്തമാക്കിയിരുന്നു. പ്രാദേശിക സി.പി.എം നേതാവ് പോലീസ് സ്‌റ്റേഷനിൽ നേരിട്ട് എത്തിച്ച നോട്ടീസായിരുന്നു ഇതെന്നാണ് കോടതിയിൽ നൽകിയ മഹസറിലുണ്ടായിരുന്നത്. എന്നാൽ ഇതേ എസ്.ഐ തന്നെ നോട്ടീസ് മനോരമയുടെ വീട്ടിൽനിന്ന് പിടികൂടിയതാണെന്നാണ് ഹൈക്കോടതിയിൽ നൽകിയ മൊഴി. കോടതിയെ തെറ്റിദ്ധരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും. 
ഷാജിക്കെതിരെ ഹൈക്കോടതി വിധി വന്നയുടൻ തന്നെ കോടതി വിധിക്കു കാരണമായ ലഘുലേഖയുടെ ഉറവിടം തേടി മുസ്‌ലിം ലീഗ് അന്വേഷണം തുടങ്ങിയിരുന്നു. ഹൈക്കോടതിയിൽ ഈ കേസ് ലീഗോ കെ.എം ഷാജിയോ തുടക്കത്തിൽ ഗൗരവമായി കണ്ടിരുന്നില്ല. വിധി എതിരായതോടെയാണ് ലീഗ് നേതൃത്വത്തിന് അമളി മനസിലായത്.
ഇത്തരമൊരു നോട്ടീസ്, മുസ്‌ലിം ലീഗോ, യു.ഡി.എഫോ, തയാറാക്കുകയോ, മണ്ഡലത്തിൽ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഈ നോട്ടീസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തുമെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.  കോൺഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ പേരിലാണ് നോട്ടീസ് പ്രചരിച്ചതെന്നാണ് നേരത്തെ സംശയിച്ചിരുന്നത്. സാധാരണ നിലയിൽ തെരഞ്ഞെടുപ്പു കാലത്ത് ചില ആഹ്വാന നോട്ടീസുകൾ പ്രവാസി സംഘടനകൾ പുറത്തിറക്കാരുണ്ട്. എന്നാൽ ഇത്തരമൊരു നോട്ടീസ് തയ്യാറാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സംഘടനാ നേതാക്കൾ നൽകുന്ന വിശദീകരണം. നരത്തെ നടപടികൾക്കു വിധേയനായ ഒരു ഇടതു സംഘടനാ പ്രവർത്തകനും ഒര പോലീസ് ഉദ്യോഗസ്ഥനും ചേർന്നാണ് വ്യാജ നോട്ടീസ് പ്രചരിപ്പിച്ചത് എന്നായിരുന്നു ലീഗ് ആരോപണം.
രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു അഴീക്കോട് മണ്ഡലത്തിൽ നടന്നത്. ഇവിടെ നടന്ന ഓരോ പ്രചാരണവും ദേശീയ - സംസ്ഥാന ശ്രദ്ധ നേടുന്നതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു കഴിയും വരെ ഇത്തരമൊരു ലഘുലേഖയുടെ കാര്യം എവിടെയും ചർച്ചയായിരുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാവും മുൻ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ മനോരമയുടെ വീട്ടിൽ നിന്നും പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏതാനും നോട്ടീസുകൾ പിടികൂടിയിരുന്നു. അന്നു പോലും ഇത്തരമൊരു ലഘുലേഖ അതിൽ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നില്ല. എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.നികേഷ് കുമാറിനെതിരെയുള്ള ചില പോസ്റ്ററുകളായിരുന്നു അതിലുണ്ടായിരുന്നത്. 
തെരഞ്ഞടുപ്പിനു ശേഷം മാസങ്ങൾ കഴിഞ്ഞ്, വിവാരാവകാശ നിയമ പ്രകാരം ഒരാൾ ആവശ്യപ്പെട്ടതനുസരിച്ച് ലഭിച്ച രേഖയിലാണ് ഈ നോട്ടീസ് ഉണ്ടായിരുന്നത്. വിവരാവകാശ പ്രകാരം ലഭിച്ചതാണെന്ന് ഈ ലഘുലേഖയിൽ കൃത്യമായി പറയുന്നുമുണ്ട്. ഇതാണ് കോടതിയിൽ ഹാജരാക്കിയതും ഷാജിക്കെതിരെയുള്ള വിധിക്കു കാരണമായതും. ഇത്തരമൊരു ലഘുലേഖ എങ്ങിനെ മറ്റു പോസ്റ്ററുകൾക്കൊപ്പം വന്നുവെന്നാണ് ലീഗ് നേതാക്കൾ ഉയർത്തുന്ന സംശയം. റെയ്ഡിനു ശേഷം ഇത്തരമൊരു ലഘുലേഖ ഇതിൽ ചേർത്തതാണെന്ന സംശയവും ബലപ്പെടുകയാണ്. അഴീക്കോട് മണ്ഡലത്തിൽ ഒരു വോട്ടറുടെ കായ്യിൽ നിന്നു പോലും ഇത്തരമൊരു ലഘുലേഖ കണ്ടെടുത്തിട്ടില്ല. മാത്രമല്ല, ലഘുലേഖയിലെ ചില വാചകങ്ങൾ സംബന്ധിച്ചും പല സംശയങ്ങളും ഉയരുന്നുണ്ട്. ഇത് ഒരു ഇസ്‌ലാം മത വിശ്വാസി തയ്യാറാക്കിയതല്ലെന്ന സംശയവും ഉയര്‍ന്നിരുന്നു. കേസ്  പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത് ലീഗിനും ഷാജിക്കും നല്‍കുന്ന ആശ്വാസം ചെറുതല്ല. 


 

Latest News