കൊച്ചി- അഴീക്കോട് എം.എൽ.എയും ലീഗ് നേതാവുമായ കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശമുള്ള നോട്ടീസ് വിതരണം ചെയ്തുവെന്ന കേസിൽ വഴിത്തിരിവ്. ഷാജിക്ക് അയോഗ്യത കൽപ്പിക്കാൻ ഇടയായ നോട്ടീസ് പോലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം നേതാവ് സ്റ്റേഷനിൽ നേരിട്ട് എത്തിച്ചതാണെന്നുമുള്ള പോലീസ് മഹസർ പുറത്തുവന്നതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഹൈക്കോടതിയിൽ ഷാജി നൽകിയ കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. വർഗീയ പരാമർശമുള്ള നോട്ടീസ് വളപ്പട്ടണം പോലീസ് സ്‌റ്റേഷനിൽ പരാതിക്കാരനായ സി.പി.എം നേതാവ് നേരിട്ട് എത്തിച്ചതാണെന്ന് പോലീസ് കോടതിയിൽ ഹാജരാക്കിയ മഹസറിൽ പറയുന്നു. യു.ഡി.എഫ് പ്രാദേശിക നേതാവ് മനോരമയുടെ വീട്ടിൽനിന്ന് വർഗീയത പരത്തുന്ന നോട്ടീസ് പിടിച്ചെടുത്തുവെന്നായിരുന്നു എസ്.ഐ നൽകിയ മൊഴി. ഇതിനെതിരെയാണ് ഷാജി കോടതിയെ സമീപിച്ചത്.