Sorry, you need to enable JavaScript to visit this website.

ഭക്ഷണം പോലും ലഭിക്കാതെ ഫാത്തിമ ദുരിതക്കയത്തിൽ, രക്ഷകരായി സാമൂഹ്യപ്രവർത്തകർ

ഫാത്തിമ ബീവി

ദമാം- മതിയായ ഭക്ഷണം പോലും ലഭിക്കാതെ സ്‌പോൺസറുടെ വീട്ടിൽ പ്രയാസപ്പെട്ട ഇന്ത്യൻ വീട്ടുജോലിക്കാരിക്ക് നാടണയാൻ നവയുഗം സാംസ്‌കാരിക വേദി പ്രവർത്തകരും ഇന്ത്യൻ എംബസി അധികൃതരും തുണയായി. നിറസ്വപ്നങ്ങളുമായി എട്ട് മാസം മുമ്പ് ദമാമിലെത്തിയ തമിഴ്‌നാട് തേനി സ്വദേശിനി ഫാത്തിമ ബീവിയാണ് ദുരിതങ്ങളേറെ താണ്ടി നാട്ടിലേക്ക് മടങ്ങിയത്. സ്വപ്‌നേപി വിചാരിക്കാത്ത മോശം ജോലി സാഹചര്യങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകൽ മുഴുവൻ പണി ചെയ്യിച്ച വീട്ടുകാർ, മതിയായ ഭക്ഷണം പോലും നൽകിയിരുന്നില്ലെന്ന് ഫാത്തിമ പറയുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ വീട്ടുകാർ വഴക്ക് പറഞ്ഞു. കുടുംബത്തിന്റെ അവസ്ഥയോർത്ത് ഏതു വിധേനയും പിടിച്ചു നിൽക്കാനായിരുന്നു ശ്രമം. എന്നാൽ നാല് മാസം കഴിഞ്ഞിട്ടും ശമ്പളമൊന്നും നൽകാതിരുന്നതോടെ ഫാത്തിമ തളർന്നു. ഒടുവിൽ ആരുമറിയാതെ, ആ വീട്ടിൽ നിന്നും ഒളിച്ചോടിയ ഫാത്തിമ, റാക്കയിലെ ഇന്ത്യൻ എംബസി സേവന കേന്ദ്രത്തിൽ എത്തി പരാതി ബോധിപ്പിച്ചു. എംബസി സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വിളിച്ചു പറഞ്ഞത് പ്രകാരം അവിടെയെത്തിയ നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ, അൽകോബാർ പോലീസിന്റെ സഹായത്തോടെ അവരെ ദമാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിച്ചു.
മഞ്ജുവും നവയുഗം പ്രവർത്തകരും ഫാത്തിമയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും, അയാൾ സഹകരിച്ചില്ല. സ്‌പോൺസറുടെ പിടിവാശി നിയമ നടപടികൾ വൈകിപ്പിച്ചതിനാൽ മൂന്നു മാസത്തോളം ഫാത്തിമക്ക് അഭയ കേന്ദ്രത്തിൽ താമസിക്കേണ്ടി വന്നു. ഒടുവിൽ മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസി വഴി ഔട്ട്പാസ് എടുത്തു നൽകുകയായിരുന്നു. ഫാത്തിമയുടെ ദുരവസ്ഥ ബോധ്യപ്പെട്ട അഭയ കേന്ദ്ര അധികാരികൾ ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകിയതോടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞു. 
മഞ്ജുവിന്റെ അഭ്യർഥന മാനിച്ച്, സാമൂഹ്യ പ്രവർത്തകൻ വർഗീസ് പെരുമ്പാവൂർ, ഫാത്തിമക്ക് വിമാന ടിക്കറ്റും, എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാക്കൂലിയും നൽകി. സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് ഫാത്തിമ നാട്ടിലേക്ക് മടങ്ങി. 


 

Latest News