Sorry, you need to enable JavaScript to visit this website.

പ്രളയാനന്തര സഹായം ലഭിച്ചില്ല;   വില്ലേജ് ഓഫീസിൽ വിധവയുടെ സമരം

ഏലിയാമ്മ വില്ലേജ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

ഇടുക്കി - പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വിധവയായ വീട്ടമ്മ സർക്കാർ സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിൽ സമരം തുടങ്ങി. സേനാപതി പഞ്ചായത്തിലെ മുക്കുടി സ്വദേശി എട്ടേക്കറിൽ ഏലിയാമ്മയാണ് സമരം ആരംഭിച്ചത്. ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായവും ഇവർക്ക് ലഭിച്ചില്ല. 
മണ്ണിടിച്ചിലിൽ ഏലിയാമ്മയുടെ  സ്ഥലവും വീടും പൂർണമായി നശിച്ചു. തുടർന്ന് ഏക മകനും ഏലിയാമ്മയും ക്യാമ്പിലായിരുന്നു താമസം. ക്യാമ്പ് പിരിച്ച് വിട്ടതോടെ സമീപത്ത് വാടക വീടെടുത്ത് താമസിച്ചു. എന്നാൽ പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും ഇവർക്ക് ഒരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ സ്ഥലത്തിന് പട്ടയമില്ലെന്ന കാരണം പറഞ്ഞാണ് ഏലിയാമ്മക്ക് അധികൃതർ ആനുകൂല്യം നിഷേധിക്കുന്നത്. പട്ടയമുള്ള സ്ഥലം വാങ്ങിയതിന് ശേഷം വരാനാണ് അധികൃതർ പറയുന്നത്. പ്രളയാനന്തര സഹായം നൽകുന്നതിൽ സേനാപതി പഞ്ചായത്തിനോട് കടുത്ത അവഗണനയാണ് അധികൃതർ കാണിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ ആരോപണം. പ്രളയത്തിൽ 94 വീടുകൾ വാസയോഗ്യമല്ലാതായിട്ടുണ്ട്. എന്നാൽ തകർന്ന വീടുകളുടെ പട്ടികയിൽ ഉള്ളത് പത്ത് വീടുകൾ മാത്രമാണ്. വീടുകൾ തകർന്നവർക്ക് നവംബർ മാസത്തിൽ ധന സഹായം നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നെങ്കിലും ഒരു രൂപ പോലും ഇതുവരെയും നൽകിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് പറയുന്നു. 
വീട്ടമ്മയുടെ സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി. തുടർന്ന് പോലീസ് എത്തി ചർച്ച നടത്തിയെങ്കിലും പിരിഞ്ഞ് പോകുന്നതിന് പ്രതിഷേധക്കാർ തയ്യാറായിട്ടില്ല. പ്രശ്നപരിഹാരം വരെ അനിശ്ചിതകാല സമരം സംഘടിപ്പിക്കുവാനാണ് ഇവരുടെ തീരുമാനം. 

 

 

Latest News