കൊണ്ടോട്ടി- ഹജ് അപേക്ഷകരുടെ കുറവ് മൂലം കേന്ദ്ര ഹജ് കമ്മിറ്റി അപേക്ഷാ സ്വീകരണം വീണ്ടും 19 ലേക്ക് നീട്ടി. നവംബർ 17ന് അവസാനിക്കുമെന്നറിയിച്ച ഹജ് അപേക്ഷ സ്വീകരണം പിന്നീട് ഡിസംബർ 12 ലേക്ക് മാറ്റിയിരുന്നു. ഇന്നലെ അവസാനിപ്പിക്കാനിരിക്കെയാണ് വിവിധ സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം ഈ മാസം 19 വരെ നീട്ടിയത്. ഇന്നലെ വരെ 41,571 അപേക്ഷകളാണ് ഹജ് കമ്മറ്റിക്ക് ലഭിച്ചത്. ഹജ് അപേക്ഷകരിൽ 83 ശതമാനം പേരും കരിപ്പൂർ വിമാനത്താവളം വഴി യാത്രക്കാണ് അപേക്ഷിച്ചിരിക്കുന്നത്. ശേഷിക്കുന്നവർ നെടുമ്പാശ്ശേരിയിൽ നിന്നും.
ഈ വർഷം ഓൺലൈൻ വഴിയാണ് 98 ശതമാനം പേരും ഹജിന് അപേക്ഷിച്ചത്.ആയതിനാൽ തന്നെ ഡാറ്റാഎൻഡ്രി പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാനുമായി.അപേക്ഷ നൽകിയവർക്ക് മുഴുവൻ കവർ നമ്പറും നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ആവശ്യമായ എല്ലാ
രേഖകളുടെയും കോപ്പികൾ സഹിതം എക്‌സിക്യൂട്ടീവ് ഓഫീസ്സർ, കേരള സംസ്ഥാന ഹജ് കമ്മമിറ്റി ഓഫീസ്, ഹജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട് പി.ഒ.മലപ്പുറം,673 647 എന്ന വിലാസത്തിൽ 19 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം രജിസ്‌ട്രേഡ് തപാലിലോ, സ്പീഡ് പോസ്റ്റിലോ, കൊറിയർ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. 70 വയസ്സ് വിഭാഗത്തിലുള്ളവർ അപേക്ഷയും ഒർജിനൽ പാസ്‌പോർട്ടും നിശ്ചിത സമയത്തിനകം ഹജ് കമ്മറ്റി ഓഫീസിൽ നേരിട്ട് സമർപ്പക്കേണ്ടതാണ്.
70 വയസ്സ് വിഭാഗ ത്തിൽ 1141 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ 1866 പേരും അപേക്ഷിച്ചിട്ടുണ്ട്.