തിരുവനന്തപുരം- വിദ്വേഷ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ ജില്ലകളിലായി 60 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് 44 ഉം ലേഖനങ്ങളുടെ പേരിൽ രണ്ടും പ്രസംഗങ്ങൾക്ക് നാലും മറ്റ് സംഭവങ്ങളിൽ പത്തും കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് ജില്ലാ സൈബർ സെല്ലുകൾ, സൈബർ ഡോം ഹൈടെക് ക്രൈം എൻക്വയറി സെൽ മുഖേന നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
സേനയിലെ ഉദ്യോഗസ്ഥർക്ക് സൈബർ സുരക്ഷയെക്കുറിച്ച് ആവശ്യമായ ആധുനിക പരിശീലനം നൽകി വരുന്നുണ്ട്. പൊലീസിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി പുതിയ വനിതാ പൊലീസ് ബറ്റാലിയൻ ആരംഭിച്ചിട്ടുണ്ടെന്നും ഇതിൽ 451 പേർക്ക് നിയമനം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എ.ടി.എമ്മുകളിൽ മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പ്രവർത്തന ക്ഷമമാണോ എന്ന് സ്ഥിരമായി പരിശോധിക്കുന്നതിന് ബാങ്ക് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ നഗരസഭ ഗ്രാമ പഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ച 1,15,296 പരസ്യ ബോർഡുകളും ബാനറുകളും ഇതുവരെ നഗരസഭകളും 1,88,413 ബോർഡുകൾ പഞ്ചായത്തുകളും നീക്കം ചെയ്തിട്ടുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു.
പ്രളയത്തെ തുടർന്ന് സപ്ലൈകോ ഗോഡൗണുകളിൽ വെള്ളം കയറി നെല്ലും അരിയും നശിച്ച വകയിൽ 120 കോടിയുടെ നാശനഷ്ടമുണ്ടായതായി മന്ത്രി പി. തിലോത്തമൻ നിയമസഭയെ അറിയിച്ചു. ചില ഇനങ്ങൾ ആവശ്യമായ അളവിൽ ലഭ്യമാകാതെ വന്നപ്പോൾ മറ്റു വിൽപ്പന ശാലകളിൽ നിന്നോ സ്റ്റോക്ക് യഥാസമയം എത്തിച്ച് സാധനങ്ങളുടെ ദൗർലഭ്യം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 2018-19 വർഷത്തിൽ 50 പുതിയ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. നിലവിൽ 202 പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. തൃശ്ശൂർ 25, മലപ്പുറം 17, കോഴിക്കോട് 16 എന്നിവിടങ്ങളിലാണ് കൂടുതൽ പ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
2016- 17 സാമ്പത്തിക വർഷം 7480 പേർക്കും 2017-18 വർഷത്തിൽ 7949 പേർക്കും കാർഷിക കടാശ്വാസം നൽകി. രണ്ടു വർഷങ്ങളിലും കൂടി ആകെ 397.66 കോടി രൂപയാണ് വിതരണം ചെയ്തത്. കർഷകരുടെ പെൻഷൻ ആയിരത്തിൽനിന്ന് 1100 രൂപയായി വർദ്ധിപ്പിച്ചതിലൂടെ കൃഷി വകുപ്പിന് 59.45 കോടിയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവിൽ 2,90,908 കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.