Sorry, you need to enable JavaScript to visit this website.

മൈദ മിൽ സ്വകാര്യവൽക്കരണം അടുത്ത വർഷം പൂർത്തിയാകും

ദമാം - പൊതുമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ മൈദ മില്ലുകളുടെയും സ്വകാര്യവൽക്കരണം അടുത്ത വർഷാവസാനത്തിനു മുമ്പായി പൂർത്തിയാകുമെന്ന് ദേശീയ സ്വകാര്യവൽക്കരണ കേന്ദ്രം ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അൽശഅ്‌ലാൻ പറഞ്ഞു. അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സംഘടിപ്പിച്ച നിക്ഷേപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിൽ സ്വാകര്യവൽക്കരണത്തിനു മുന്നോടിയായി നിക്ഷേപകരുടെ ക്വാളിഫിക്കേഷൻ പ്രക്രിയ പൂർത്തിയായിട്ടുണ്ട്. യോഗ്യത നേടിയ നിക്ഷേപകർക്കു മുന്നിൽ വൈകാതെ ടെണ്ടർ വ്യവസ്ഥകൾ പ്രഖ്യാപിക്കും. 
മില്ലുകൾ സ്വകാര്യവൽക്കരിക്കുമ്പോൾ മൈദയുടെ വില നിർണയം പ്രധാന പ്രശ്‌നമാണ്. സ്വകാര്യവൽക്കരണം നടപ്പാക്കുമ്പോൾ മൈദ വിലയിൽ ഭേദഗതികൾ വരുത്തുകയോ അതല്ല, സബ്‌സിഡി നിരക്ക് തുടരണമോയെന്നതാണ് പ്രശ്‌നം. സർക്കാർ ഉടമസ്ഥതയിലുള്ള മൈദ മില്ലുകൾ മാത്രമാണ് സ്വകാര്യവൽക്കരിക്കുക. ഗോതമ്പ് വിലയിലെ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതിന് ഗോതമ്പ് ഇറക്കുമതി, സംഭരണ മേഖലയിൽ ഗവൺമെന്റ് തുടർന്നും നിക്ഷേപം നടത്തും. 
പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്നതിന് പതിനേഴു പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൽ ഒമ്പതു പദ്ധതികൾ നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. സ്വകാര്യവൽക്കരണത്തിലൂടെ 2,500 കോടി റിയാൽ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 2020 അവസാനിക്കുന്നതിനു മുമ്പായി അഞ്ചു ഗവൺമെന്റ് ആസ്തികളും പതിനാലു പൊതുമേഖലാ കമ്പനികളും വിൽക്കുന്നതിനാണ് ശ്രമം. 
സ്വകാര്യവൽക്കരണ പ്രക്രിയയിൽ കൂടുതൽ വലിയ തോതിൽ പങ്കാളിത്തം വഹിക്കുന്നതിന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്നതിന് ദേശീയ സ്വകാര്യവൽക്കരണ കേന്ദ്രത്തിന് പദ്ധതിയുണ്ട്. നൂറു കോടിയിലേറെ മൂലധനത്തോടെ കാർഷിക കമ്പനി സ്ഥാപിക്കുന്നതിനും ദേശീയ സ്വകാര്യവൽക്കരണ കേന്ദ്രത്തിന് പദ്ധതിയുണ്ട്. കാർഷിക, കാലി മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ട ചുമതല പുതിയ കമ്പനിയിലേക്ക് മാറും. മൂന്നു വർഷത്തിനുള്ളിൽ കമ്പനിയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ പൊതുജനങ്ങൾക്ക് നൽകുകയോ കമ്പനിയിൽ നിക്ഷേപകരുടെ നേരിട്ടുള്ള പങ്കാളിത്തം അനുവദിക്കുകയോ ചെയ്യും. 
ലോകത്തെ ഏറ്റവും വലിയ സ്വകാര്യവൽക്കരണ പദ്ധതിയാണ് സൗദിയിൽ നടപ്പാക്കുന്നത്. 2030 ഓടെ പതിനൊന്നു മേഖലകളിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിനുള്ള നൂറിലേറെ പദ്ധതികൾ ദേശീയ സ്വകാര്യവൽക്കരണ കേന്ദ്രം നിർണയിച്ചിട്ടുണ്ട്. ഊർജ-വ്യവസായ മന്ത്രാലയം, പാർപ്പിട മന്ത്രാലയം, മുനിസിപ്പൽ മന്ത്രാലയം, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മീഡിയ മന്ത്രാലയം, ഗതാഗത മന്ത്രാലയം, തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം, ഹജ്-ഉംറ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ടെലികോം-ഐ.ടി മന്ത്രാലയം എന്നീ മേഖലകളിലാണ് സ്വകാര്യവൽക്കരണം നടപ്പാക്കുകയെന്നും മുഹമ്മദ് അൽശഅ്‌ലാൻ പറഞ്ഞു.
നിക്ഷേപകരെ ആകർഷിക്കുന്നതിന്, സമുദ്രജല ശുദ്ധീകരണ പദ്ധതികൾ, മലിനജല പദ്ധതികൾ പോലെ ഉയർന്ന വിജയ സാധ്യതയുള്ള മേഖലകൾ സ്വകാര്യവൽക്കരിക്കുന്നതിനാണ് ദേശീയ സ്വകാര്യവൽക്കരണ കേന്ദ്രം ഊന്നൽ നൽകുന്നതെന്ന് കൺസൾട്ടേഷൻ കാര്യങ്ങൾക്കുള്ള ദേശീയ സ്വകാര്യവൽക്കരണ കേന്ദ്രം ഡെപ്യൂട്ടി സി.ഇ.ഒ ഫൈസൽ അൽസല്ലൂം പറഞ്ഞു. സമുദ്രജല ശുദ്ധീകരണ മേഖലയിൽ ഏഴു പദ്ധതികളും മലിനജല മേഖലയിൽ മൂന്നു പദ്ധതികളും സ്വകാര്യവൽക്കരിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മക്ക പ്രവിശ്യയിൽ 60 സർക്കാർ സ്‌കൂളുകൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. 
സ്‌കൂൾ സ്വകാര്യവൽക്കരണ പദ്ധതിക്ക് നിക്ഷേപകരുടെ ക്വാളിഫിക്കേഷൻ പ്രക്രിയ പൂർത്തിയായിട്ടുണ്ട്. ആരോഗ്യ, കാർ പാർക്കിംഗ്, പൊതുഗതാഗത പദ്ധതികളും സ്വകാര്യവൽക്കരിക്കുന്നുണ്ട്. 
സ്വകാര്യവൽക്കരണ പ്രക്രിയ ഏറെ സങ്കീർണമാണ്. ഇതിന് വിശദമായ പഠനങ്ങളും സുദീർഘമായ മുന്നൊരുക്കങ്ങളും ആവശ്യമാണ്. ചെറുകിട പദ്ധതികളുടെ സ്വകാര്യവൽക്കരണത്തിന് രണ്ടു വർഷത്തെയും വൻകിട പദ്ധതികളുടെ സ്വകാര്യവൽക്കരണത്തിന് അഞ്ചു വർഷത്തെയും മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. സ്വകാര്യവൽക്കരണത്തിൽ സൗദി പൗരന്മാരെ പങ്കാളികളാക്കുന്നതിനുള്ള വ്യത്യസ്ത മാർഗങ്ങളെ കുറിച്ച് കേന്ദ്രം പഠിക്കുന്നുണ്ടെന്നും ഫൈസൽ അൽസല്ലൂം പറഞ്ഞു.

 

Latest News