രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന്റെ വാർഷിക ദിനമായിരുന്നു ഇന്നലെ. സ്വന്തം പാർട്ടിയ്ക്ക് അപ്രതീക്ഷിതവും തിളക്കമേറിയതുമായ വിജയം സമ്മാനിച്ച ദിനം കൂടിയാണ് ഡിസംബർ പതിനൊന്ന്. ഇന്ന് പാർലമെന്റ് സമ്മേളനത്തിനെത്തുമ്പോൾ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെയും ജനകോടികളുടേയും പ്രതീക്ഷയായി അദ്ദേഹം മാറിയിരിക്കുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ സെമി ഫൈനൽ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കുറച്ചു കാലമായി കോൺഗ്രസിന് കടന്നു ചെല്ലാൻ പറ്റാതിരുന്ന ഹിന്ദി ഹൃദയ ഭൂമികയായ മധ്യ പ്രദേശിലെ വിജയത്തിനാണ് തിളക്കമേറെ. രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളും കോൺഗ്രസിന് ലഭിച്ചു. പശു ബെൽറ്റിലെ ഈ സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയ്ക്ക് ഏറ്റവും ശക്തമായ പാർട്ടി സംവിധാനങ്ങളുള്ളത്.
മധ്യപ്രദേശ് ജനസംഖ്യയിൽ 92 ശതമാനവും ഹിന്ദുക്കളാണ്. ബി.ജെ.പി അടുത്തിടെ കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉപയോഗപ്പെടുത്താറുള്ള മോഡി ഫാക്ടർ മധ്യ പ്രദേശിലും പ്രയോഗിച്ചു. മോഡിയും അമിത് ഷായും നിരവധി റാലികളിൽ പ്രസംഗിച്ചു. ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനറായ യു.പി മുഖ്യമന്ത്രി രാജസ്ഥാൻ, മധ്യ പ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതൽ സമയം വിനിയോഗിച്ചത്. അയോധ്യയിലെ രാമക്ഷേത്രം ഉടൻ വേണമെന്ന തീവ്രമായ ആഗ്രഹം ഭരണത്തിന്റെ നാലര വർഷം പിന്നിട്ടപ്പോഴാണ് ബി.ജെ.പി നേതാക്കൾ പ്രകടിപ്പിച്ചത്. സുപ്രീം കോടതി വിധി വൈകുന്നതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു. അനുബന്ധ സംഘടനകൾ അയോധ്യയിൽ കേന്ദ്രീകരിച്ച് അഭ്യാസങ്ങൾ കാണിച്ചു. ബുലന്ദ്ഷഹറിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവും 25 പശുക്കളെ കൊന്ന് തോല് പരസ്യമായി പ്രദർശിപ്പിച്ചതുമെല്ലാം പരമാവധി പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി. ഗംഗയും യമുനയും സന്ധിക്കുന്ന അലഹബാദ് നഗരത്തിന്റെ പേര് തിരക്കിട്ട് പ്രയാഗ് രാജ് എന്നാക്കി മാറ്റി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യോഗി ഒരു ഓഫർ പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാന ഭരണം ലഭിക്കുന്ന പക്ഷം ഹൈദരാബാദിന്റെ പേര് സുബ്രഹ്മണ്യപുരി എന്നാക്കി മാറ്റും. ഇതേ സ്ഥലത്ത് കാമ്പയിനെത്തിയ രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഭരണം ലഭിച്ചാൽ ജനങ്ങളുടെ വിശപ്പ് മാറ്റുമെന്നാണ്. ഇതാണ് പ്രധാനവും. ഇത് തിരിച്ചറിയാത്ത നേതാക്കളാണ് പശുവിന് ആംബുലൻസ് ഏർപ്പെടുത്തുകയും മനുഷ്യ ജീവനേക്കാൾ പ്രധാനം പശുവാണെന്നുമൊക്കെ ടെലിവിഷൻ ചാനലുകളിൽ കയറിയിരുന്ന് വാചകമടിക്കുന്നത്. അയോധ്യ വിഷയം പരമാവധി ഉപയോഗപ്പെടുത്തി വോട്ടുകളാക്കി മാറ്റാൻ ശ്രമിച്ചപ്പോൾ ഹിന്ദി ഹൃദയഭൂമിയിൽ കർഷകർ പ്രക്ഷോഭം നടത്തുകയായിരുന്നുവെന്നത് നേതാക്കൾ കണ്ടതായി ഭാവിച്ചില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ നിമിത്തം കഷ്ടത്തിലായ ഗ്രാമീണ ഭാരതമാണ് പൂനെയിലും ദില്ലിയിലും പ്രകടനങ്ങളിൽ അണി നിരന്നത്.
ഉത്തരേന്ത്യയിൽ യു.പിയിൽ നിന്നാണ് ഏറ്റവും കൂടുതൽ എം.പിമാരെ തെരഞ്ഞെടുത്തയക്കുന്നതെങ്കിലും സംഘ പരിവാരത്തിന്റെ ഏറ്റവും ശക്തിയുള്ള സംസ്ഥാനമാണ് മധ്യ പ്രദേശ്. ഏറ്റവും കൂടുതൽ ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്ന സ്റ്റേറ്റുകളിലൊന്ന്. ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘത്തിന് നല്ല സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യ പ്രദേശും.
ഈ രണ്ട് സംസ്ഥാനങ്ങളിലും ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടായതിന്റെ ഫലമായി തോറ്റുവെങ്കിലും അതിശക്തമായ പ്രതിപക്ഷമുണ്ടാവാൻ കാരണവുമിത് തന്നെ.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോഡിയുടെ പ്രഭാവത്തിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഹൃദയഭൂമിയായ സംസ്ഥാനങ്ങളിൽ ബിജെപിയുടെ പതനം പൂർത്തിയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വർഷത്തിൽ ബിജെപി ഏറ്റവും ആശങ്കപ്പെടേണ്ട കാര്യമാണിത്. മുമ്പൊരിക്കൽ പോലും കോൺഗ്രസിനെ പിന്തുണച്ചിട്ടില്ലാത്ത മേഖലയാണ് ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങൾ. ബ്രാൻഡ് മോഡിയെ ആശ്രയിച്ചതും തിരിച്ചടിയ്ക്ക് കാരണമായി. മൂന്ന് ടേമായി ഭരിച്ചു വരുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബി.ജെ.പിയ്ക്ക് അവതരിപ്പിക്കാനുള്ള ജനസ്വാധീനമുള്ള മുഖങ്ങളിലൊന്നാണ്. ഹിന്ദി ഹൃദയഭൂമിയിൽ ഇതിന് മുമ്പ് തിരിച്ചടി നേരിട്ടത് എൽ.കെ അദ്വാനിയുടെ കാലത്താണ്. പക്ഷേ, അപ്പോഴും മധ്യ പ്രദേശും രാജസ്ഥാനും ബി.ജെ.പിയെ കൈവെടിഞ്ഞിരുന്നില്ല. രാജസ്ഥാൻ കേരളം പോലെയാണ്. അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന സംസ്ഥാനമാണത്.
രാഹുൽഗാന്ധിയെയും നെഹ്‌റു കുടുംബത്തേയും ആക്ഷേപിച്ച് പ്രധാനമന്ത്രി മോഡി നടത്തിയ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി കൂടിയാണിത്. രാജ്യത്തിന്റെ കാവൽക്കാരനെ കള്ളനാണെന്ന് വിളിച്ച് റാഫേൽ ഇടപാടിൽ നരേന്ദ്രമോഡിയെ പ്രതികൂട്ടിലാക്കാൻ രാഹുലിന് സാധിച്ചു.
2019ലെ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറ്റവും കൂടുതൽ എം.പിമാരെ ലഭിക്കുന്ന പാർട്ടിയുടെ നേതാവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാമെന്ന ധാരണയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ മാറ്റി കുറിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളെ നയിക്കാൻ കെൽപ്പും പക്വതയുമുള്ള നേതാവായി രാഹുൽ ഗാന്ധി മാറി.
നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി ഒത്തുചേർന്ന് നടത്തിയ ചാണക്യ തന്ത്രങ്ങളെല്ലാം രാഹുൽഗാന്ധിയുടെ ചുറുചുറുക്കുള്ള പ്രചാരണത്തിൽ തകർന്നടിഞ്ഞു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും നല്ല മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. പാർട്ടി തകർന്നടിഞ്ഞ തെലങ്കാനയിലും കൈപ്പത്തി തിരിച്ചു വരവിന്റെ പാതയിലാണ്. പ്രാദേശിക വികാരമാണ് ഭരണ പക്ഷമായ ടിആർഎസിനെ തുണച്ചത്. തെലങ്കാനയിലെ പരാജയത്തിന് കാരണം ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി കൂട്ട് ചേർന്നതാണെന്ന് വിമർശിക്കുന്നവരുണ്ട്. അതു കൊണ്ട് നായിഡുവുമായുള്ള സഖ്യം ദീർഘ കാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്നുമാണ് വാദം. കൂട്ടുകെട്ടിന്റെ നേട്ടം വലിയ സംസ്ഥാനമായ ആന്ധ്രാ പ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിട്ടാനിരിക്കുന്നതേയുള്ളു.
ചന്ദ്രബാബു നായിഡു മുൻകൈയെടുത്താണ് ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തത്. 21 പാർട്ടികളാണ് കഴിഞ്ഞ ദിവസം ദൽഹിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ഇതിൽ രണ്ട് പാർട്ടികളുടെ കുറവുണ്ടെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിക്കാണും. യു.പിയിലെ വലിയ പാർട്ടികളായ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും. മുന്നണി രൂപീകരിക്കാൻ വിട്ടു വീഴ്ച ചെയ്യുന്നത് കോൺഗ്രസ് ബി.ജെ.പിയിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ബിഹാറിൽ നിതീഷ് കുമാർ മതേതര മുന്നണിയുടെ ഭാഗമായാണ് വിജയിച്ചത്. മുഖ്യമന്ത്രിയായ ശേഷം ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞത് ബിഹാറിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം നേടിയെടുത്താണ്.
ഏതായാലും ബിജെപി ശക്തി കേന്ദ്രങ്ങളായ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണം ലഭിക്കുന്നത് ഹിന്ദു ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ ജൈത്രയാത്രയുടെ ആരംഭമാവും. രാമക്ഷേത്ര നിർമ്മാണം മുഖ്യ അജണ്ടയാക്കി വർഗ്ഗീയ ചേരിതിരിവിനുള്ള മോഡിയുടെയും സംഘപരിവാറിന്റെയും നീക്കങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്.
ഈ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമല്ല, ഹിന്ദി ഹൃദയഭൂമിയിലെ എല്ലാ സംസ്ഥാനത്തും ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഉത്തർപ്രദേശിൽ ഇത് ഏറ്റവും ഉയർന്ന നിലയിലാണ്. ബീഹാറിലും ജാർഖണ്ഡിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും കാര്യങ്ങൾ വിചാരിച്ച രീതിയിൽ അല്ല പോകുന്നത്. ഇപ്പോഴത്തെ ഫലങ്ങൾ ഇവിടെയുള്ള ജനങ്ങളെയും സ്വാധീനിക്കും.
ഈ സംസ്ഥാനങ്ങളിൽ മാത്രം 65 ലോക്‌സഭാ സീറ്റുകളുണ്ട്. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതിൽ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. ആറ് മാസത്തിനിടെ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അത് ആവർത്തിക്കാനൊന്നും ബി.ജെ.പിയ്ക്ക് കഴിയില്ല.
ഛത്തീസ്ഗഡിൽ ഏറ്റവും കടുത്ത പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏറ്റവും എളുപ്പത്തിൽ കോൺഗ്രസ് നേടിയ സംസ്ഥാനവും ഇത് തന്നെയാണ്. 64 സീറ്റുകൾ കോൺഗ്രസ് ഇവിടെ ഉറപ്പിച്ചിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം അത്രയ്ക്ക് ശക്തമായിരുന്നു. കർഷക പ്രശ്‌നം, ജിഎസ്ടി, നോട്ടുനിരോധനം എന്നിവ തകർത്ത് തരിപ്പണമാക്കി സംസ്ഥാനമായിരുന്നു ഛത്തീസ്ഗഡ്. മുഖ്യമന്ത്രി അടക്കമുള്ളവർ ഇവിടെ തോറ്റു. കർഷക മാർച്ച് അടക്കമുള്ളവ അടിച്ചമർത്തിയ രമൺ സിംഗിന്റെ നയങ്ങൾ തിരിച്ചടിയായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മോഡിക്കെതിരെ പ്രതിപക്ഷ മഹാസഖ്യം എന്ന രാഹുൽഗാന്ധിയുടെ ലക്ഷ്യത്തിലേക്ക് ഇനി അധിക ദൂരമില്ല. ബി.എസ്.പി അടക്കമുള്ള കക്ഷികൾ കോൺഗ്രസുമായി അടുക്കാൻ നിർബന്ധിതരാകും. മോഡിക്കും അമിത് ഷാക്കുമെതിരെ പ്രതികരിക്കാത ഇരിക്കുന്നവർ ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തും.
മോഡിയുടെ പ്രഭാവത്തിൽ ഭരണം നേടാമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസമാണ് തകർന്നടിയുന്നത്. പ്രഖ്യാപനങ്ങളും ഭരണപരാജയങ്ങളും തെരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ മോഡിയുടെ പ്രഭാവം മങ്ങുന്ന കാഴ്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ പ്രകടമാവുന്നത്. ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും എത്ര മഹത്താണെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ മനസ്സിലാക്കാൻ ഇത്തരം തിരിച്ചടികൾ അനിവാര്യമാണ്. ഭരണഘടന സ്ഥാപനങ്ങളായ സുപ്രീം കോടതി, സി.ബി.ഐ, റിസർവ് ബാങ്ക്, സി.എ.ജി എന്നിവയെല്ലാം നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാർ.
കുറച്ചു കാലമായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിനും വെല്ലുവിളികളേറെയാണ്. ഇനി ഒരു തിരിച്ചു വരവുണ്ടാവില്ലെന്ന് കരുതി കോർപറേറ്റുകൾ കോൺഗ്രസിനെ സഹായിക്കുന്നതേ ഇല്ല. വൻകിട മാധ്യമ സ്ഥാപനങ്ങൾ കവറേജ് നൽകാറില്ല. പഞ്ചാബ് ഒഴികെ വരുമാനം ലഭിക്കാവുന്ന സംസ്ഥാനങ്ങളിലൊന്നും ഭരണമില്ല. ഈ അവസ്ഥയ്ക്ക് കൂടിയാണ് മാറ്റം വരുന്നത്. പ്രധാനപ്പെട്ട രണ്ട് സംസ്ഥാനങ്ങളുടെ ഭരണം കൈവന്നതോടെ കോർപറേറ്റുകളുടേയും മാധ്യമങ്ങളുടേയും നിലപാട് മാറി തുടങ്ങും. ജനാധിപത്യത്തിന്റെ ഉത്സവത്തിനായി അവരും കൈകോർക്കും.
പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാർട്ടികളും നേതാക്കളും ഭരണം ലഭിക്കാനിടയുള്ള പക്ഷത്തേക്ക് മാറുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഒഴുക്ക് കോൺഗ്രസ് പക്ഷത്തേക്കാണെന്നതും ശ്രദ്ധേയമാണ്.