മലപ്പുറം- പശുവിന്റെ പോസ്റ്റ്‌മോർട്ടത്തിനു 2000 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി മൃഗാശുപത്രിയിലെ ഡോക്ടർ മക്കരപ്പറമ്പ്് സ്വദേശി പഞ്ചളി വീട്ടിൽ അബ്ദുൽ നാസർ (44) ആണ് പിടിയിലായത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശി പ്രവീണിന്റെ പശു വളർത്തൽ കേന്ദ്രത്തിലെ പശുവിനെ പോസ്റ്റുമോർട്ടം ചെയ്യാനാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസം മുമ്പാണ് പ്രവീണിന്റെ പശു രോഗം ബാധിച്ചു ചത്തത്. ഇൻഷുറൻസ് തുക കിട്ടേണ്ടതിനാൽ പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടറെ വിളിച്ചു. ഇൻഷുറൻസ് തുക ലഭിക്കുമ്പോൾ 2000 രൂപ നൽകണമെന്നു ഡോക്ടർ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പ്രവീണിനു 50,000 രൂപ ഇൻഷുറൻസ് തുക ലഭിച്ചു. ഇതറിഞ്ഞ അബ്ദുൽ നാസർ 2000 രൂപ ആവശ്യപ്പെട്ടു. ഇതോടെ പ്രവീൺ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്നു മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി എ.രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നാസറിനെ പിടികൂടാൻ കെണിയൊരുക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നോടെ പ്രവീണിന്റെ പശു വളർത്തൽ കേന്ദ്രത്തിൽ വെച്ച് 2000 രൂപ വാങ്ങുന്നതിനിടെ നാസറിനെ വിജിലൻസ് പിടികൂടുകയായിരുന്നു.