ജിദ്ദ - ഈ വർഷം ഹജ് നിർവഹിച്ച ആഭ്യന്തര തീർഥാടകർക്ക് ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും 150 റിയാൽ വീതം തിരിച്ചുനൽകുന്നു. ഇക്കഴിഞ്ഞ ഹജിന് മശാഇർ മെട്രോയിൽ യാത്രാ സൗകര്യം ലഭിച്ച തീർഥാടകർക്കാണ് 150 റിയാൽ വീതം തിരിച്ചു നൽകുന്നത്. തീർഥാടകരുടെ അക്കൗണ്ടുകളിലേക്ക് 150 റിയാൽ വീതം സർവീസ് കമ്പനികൾ ട്രാൻസ്ഫർ ചെയ്യുകയാണ്. ഇതോടൊപ്പം ഈ തുകക്ക് തുല്യമായ മൂല്യവർധിത നികുതി ഇനത്തിൽ ഈടാക്കിയ ഏഴര റിയാലും തീർഥാടകർക്ക് തിരിച്ചുനൽകുന്നുണ്ട്.
ഇ-ട്രാക്ക് വഴി തീർഥാടകരിൽ നിന്ന് മശാഇർ മെട്രോ ടിക്കറ്റ് ഈടാക്കിയ സർവീസ് കമ്പനികളോട് തീർഥാടകർക്ക് 150 റിയാൽ വീതം തിരിച്ചുനൽകുന്നതിന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഇ-ട്രാക്ക് വഴി മശാഇർ മെട്രോ ടിക്കറ്റ് നിരക്ക് ആയി 400 റിയാൽ വീതമാണ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും ഈടാക്കിയത്. എന്നാൽ 250 റിയാൽ നിരക്കിലാണ് സർവീസ് കമ്പനികൾ ടിക്കറ്റുകൾ വാങ്ങിയത്.